Asianet News MalayalamAsianet News Malayalam

ചൈനീസ് സര്‍ക്കാര്‍ കട്ടകലിപ്പില്‍; അലിബാബയുടെ അടിത്തറ ഇളകുമോ; ജാക് മാ ഞെട്ടിയ ദിനങ്ങള്‍.!

പുതിയ പ്രതിസന്ധിയെ മറികടക്കാന്‍ ആലിബാബ വിഭജിച്ചേക്കും എന്നാണ് ഇപ്പോള്‍ ചൈനയിലെ ബിസിനസ് വൃത്തങ്ങളിലെ വാര്‍ത്ത. ചൈനയുടെ സാമ്പത്തിക വളര്‍ച്ചയുടെ ആഗോള മുഖമായിരുന്നു  ജാക് മായും ആലിബാബയും. ദശലക്ഷക്കണക്കിന് ചൈനക്കാരുടെ ദൈനംദിന ജീവിതത്തില്‍ ടെക്‌നോളജി കമ്പനികള്‍ക്ക് വന്‍ സ്വാധീനമാണുള്ളത്. 

China orders Alibaba founder Jack Ma to break up fintech empire
Author
Beijing, First Published Dec 29, 2020, 9:37 AM IST

ബെയിജിംഗ്: ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളായ  ജാക് മായോട് തോന്നിയ ചൈനീസ് സര്‍ക്കാറിന്‍റെ അതൃപ്തി ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളില്‍ ഒന്നായ അലിബാബയുടെ അടിത്തറ ഇളക്കുന്നതായി സൂചന. കമ്പനിക്കെതിരെ ചൈനീസ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ കമ്പനിയുടെ ഓഹരി വിലകള്‍ കുത്തനെ ഇടിഞ്ഞു. അലിബാബ മാത്രമല്ല അവയുടെ എതിരാളികള്‍ക്ക് അടക്കം കഴിഞ്ഞ ദിവസങ്ങളില്‍ 14 ലക്ഷം കോടിയുടെ നഷ്ടം ഉണ്ടായി എന്നാണ് വിവരം. 

ചൈനീസ് സർക്കാർ തുടങ്ങിയിരിക്കുന്ന അന്വേഷണം എന്തായി ഭവിക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. കടുത്ത അനിശ്ചിതത്വമാണ് നിലനില്‍ക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഹോങ്കോങില്‍ എട്ട് ശതമാനമാണ് ആലിബാബയുടെ ഓഹരി തകര്‍ന്നതെങ്കില്‍ അമേരിക്കയില്‍ 1.7 ശതമാനം തകര്‍ന്നു. ടെന്‍സന്റിന്റെയും മെയ്റ്റുവാനിന്റെയും ഓഹരികള്‍ ആറു ശതമാനത്തിലേറെയാണ് ഹോങ്കോങില്‍ തകർന്നത്. ജെഡി.കോമിന്റേത് 2 ശതമാനവും.

പുതിയ പ്രതിസന്ധിയെ മറികടക്കാന്‍ ആലിബാബ വിഭജിച്ചേക്കും എന്നാണ് ഇപ്പോള്‍ ചൈനയിലെ ബിസിനസ് വൃത്തങ്ങളിലെ വാര്‍ത്ത. ചൈനയുടെ സാമ്പത്തിക വളര്‍ച്ചയുടെ ആഗോള മുഖമായിരുന്നു  ജാക് മായും ആലിബാബയും. ദശലക്ഷക്കണക്കിന് ചൈനക്കാരുടെ ദൈനംദിന ജീവിതത്തില്‍ ടെക്‌നോളജി കമ്പനികള്‍ക്ക് വന്‍ സ്വാധീനമാണുള്ളത്. ഇതിങ്ങനെ വളരാന്‍ അനുവദിച്ചാല്‍ എന്തായിരിക്കും സംഭവിക്കുക എന്ന ഭീതിയാണ് സർക്കാരിന്റെ നീക്കത്തിനു പിന്നിലെന്നാണ് പാശ്ചത്യ മാധ്യമങ്ങളുടെ വിലയിരുത്തല്‍.

എന്നാല്‍, ഇതെവിടെ ചെന്നു നില്‍ക്കുമെന്നത് പറയാനാവില്ലെന്നു വാദിക്കുന്നവരും ഉണ്ട്. കടുത്ത നടപടികള്‍ സ്വീകരിച്ചാല്‍ ചൈനയുടെ മുഖം രാജ്യാന്തര സമൂഹത്തിനു മുൻപില്‍ വീണ്ടും വികൃതമായേക്കാം എന്ന വിചാരവും ഉണ്ടായേക്കാം.

ഒരിക്കല്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന ജാക് മായുടെ വളര്‍ച്ച ലോകത്തിന് വിസ്മയമാണ്. അദ്ദേഹത്തിന്റെ ഇ-കൊമേഴ്‌സ് കമ്പനി ലോകത്തിലെ ഏറ്റവും വലിയ ഇ - കൊമേഴ്‌സ് കമ്പനിയായിരുന്നു. ഒരു മാസം മുന്‍പാണ് അലിബാബ ഗ്രൂപ്പിന്റെ കീഴിലുള്ള ആന്റ്റ് ഗ്രൂപ്പിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫറിങ് ചൈനീസ് പ്രീമിയര്‍ ഷീ ജിന്‍പിങ് തടഞ്ഞത്. 37 ബില്യണ്‍ ഡോളര്‍ ചൈനയിലും ഹോങ്കോങിലും ലിസ്റ്റ് ചെയ്ത് നേടാനും അതുവഴി സാമ്പത്തിക സേവന സ്ഥാപനമായ ആന്റ്റ് ഗ്രൂപ്പിന്റെ വിപണി മൂലധനം 280 ബില്യണ്‍ ഡോളറിലെത്തിക്കാനുമുള്ള ജാക് മായുടെ നീക്കത്തിനാണ് തടസം നേരിട്ടത്.

രാജ്യത്തെ സാമ്പത്തിക നിയന്ത്രണങ്ങള്‍ സാങ്കേതിക മുന്നേറ്റത്തിന് തടസം സൃഷ്ടിക്കുന്നതായി ഒക്ടോബര്‍ 24 ന് നടത്തിയ പ്രസംഗത്തില്‍ ജാക് മാ വിമര്‍ശിച്ചിരുന്നു. ചൈനയുടെ സാമ്പത്തിക പ്രശ്‌നങ്ങളെ പുതിയ മാറ്റങ്ങളിലൂടെ പരിഹരിക്കാനാണ് തന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗം വായിച്ച ഷീ ജിന്‍പിങും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മറ്റ് മുതിര്‍ന്ന നേതാക്കളും ഇതില്‍ ആശ്ചര്യപ്പെട്ടതായാണ് വാര്‍ത്ത പുറത്തുവന്നത്.

ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും സാമ്പത്തിക താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഷീ ജിന്‍പിങിന്റെ തന്നെ വ്യക്തിപരമായ തീരുമാനത്തോടെ ചൈനീസ് അധികൃതര്‍ ആന്റ്റ് ഗ്രൂപ്പിന്റെ മൂലധന സമാഹരണം തടഞ്ഞത്. രാജ്യത്തെ അതിസമ്പന്നരുടെ സ്വാധീനം വളരുന്നത് ചൈനയില്‍ പുതിയ പ്രശ്‌നമല്ല. എന്നാല്‍ ലോകത്തിലെ ഒന്നാമത്തെ ധനികനായാലും ശരി, ചൈനയുടെ രാജ്യതാത്പര്യങ്ങളോടുള്ള ഇവരുടെ സമീപനം ധനികരായ ശേഷം എങ്ങിനെയെന്നത് സര്‍ക്കാര്‍ വളരെ സൂക്ഷ്മമായി നോക്കാറുണ്ട്. 

ആന്റ്‌റ് ഗ്രൂപ്പിന്റെ മൊബൈല്‍ പേമെന്റ് സിസ്റ്റമായ അലിപേ ചൈനക്കാരില്‍ 70 ശതമാനം പേര്‍ ഉപയോഗിക്കുന്നുണ്ട്. ബാങ്കുകള്‍ സഹായം നല്‍കാതെ അവഗണിച്ച കമ്പനികളെയും ചെറുകിട കച്ചവട സ്ഥാപനങ്ങളെയും ജാക് മാ കൈയ്യയച്ച് സഹായിക്കുന്നുണ്ട്. ഇതിനോടകം 20 ദശലക്ഷം ചെറുകിട ബിസിനസ് സംരംഭങ്ങള്‍ക്ക് ജാക് മായുടെ സഹായം ലഭിച്ചു. ഏതാണ്ട് 50 കോടി വ്യക്തികള്‍ക്കാണ് സഹായം കിട്ടിയത്. സര്‍ക്കാര്‍ പിടിമുറുക്കിയതോടെ ആന്റ്റ് ഗ്രൂപ്പിന്റെ മൂല്യം ഇടിയുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
 

Follow Us:
Download App:
  • android
  • ios