ദില്ലി: ഗാല്‍വന്‍ താഴ്വരയിലെ ചൈനീസ് പ്രകോപനവും സൈനികരുടെ വീരമൃത്യുവും ചൈനയ്ക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് രാജ്യത്ത് ഉണ്ടാക്കിയത്. അതിനിടെയാണ് സൈനികമായി ആയിരിക്കില്ല, സൈബര്‍ ഇടങ്ങളിലായിരിക്കും ചൈനീസ് ഭീഷണി കൂടുതല്‍ എന്ന മുന്നറിയിപ്പ് വരുന്നത്. ഇന്ത്യയിലെ സൈബര്‍ സെക്യൂരിറ്റി സംബന്ധിച്ച സര്‍ക്കാര്‍ ഏജന്‍സി സിഇആര്‍ടി-ഇന്‍ ഇത് സംബന്ധിച്ച് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞവാരം ഇവര്‍ ഇറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ ചൈനീസ് സൈബര്‍ ആക്രമണ വെല്ലുവിളിയെ മുന്‍കൂട്ടി പ്രതിരോധിക്കാന്‍ രാജ്യത്തെ സൈബര്‍ ഇടങ്ങള്‍ തയ്യാറാകണമെന്നാണ് പറയുന്നത്.

വലിയ തോതിലുള്ള വ്യാജ പ്രോഗ്രാമുകള്‍ ഉപയോഗിച്ച് ഇന്ത്യയിലെ വ്യക്തികളെയും സ്ഥാപനങ്ങളെയും സംരംഭങ്ങളെയും സൈബര്‍ ആക്രമണത്തിന് വിധേയമാക്കാനുള്ള പദ്ധതികള്‍ തയ്യാറാകുന്നു എന്ന മുന്നറിയിപ്പാണ് സിഇആര്‍ടി-ഇന്‍ മാര്‍ഗ്ഗനിര്‍ദേശത്തിലെ പ്രധാന വസ്തുത. പ്രധാനമായും ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഐടി കമ്പനികള്‍ എന്നിവയുടെ സൈബര്‍ സുരക്ഷപിഴവിലൂടെ ആയിരിക്കും ഇത്തരം ആക്രമണങ്ങള്‍ക്ക് സാധ്യത എന്നാണ് ദ ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേ സമയം കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുള്ള സൈബര്‍ ആക്രമണം വര്‍ദ്ധിച്ചിട്ടുണ്ടെന്നും വാര്‍ത്തകളുണ്ട്. ടൈംസ് നൌ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ജൂണ്‍ 15ന് ശേഷം ഇന്ത്യയില്‍ ചൈനയില്‍ നിന്നും ആരംഭിച്ച 40,300 സൈബര്‍ ആക്രമണ ശ്രമങ്ങള്‍ നടന്നു എന്നാണ് പറയുന്നത്. പ്രധാനമായും ഈ ആക്രമണങ്ങള്‍ ഉണ്ടായിരിക്കുന്നത് ചൈനയിലെ സ്വിചാന്‍ പ്രവിശ്യയിലാണ്. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചൈനീസ് സൈന്യത്തിന്‍റെ സൈബര്‍ വാര്‍ വിഭാഗത്തിന്‍റെ ആസ്ഥാനം ഈ പ്രവിശ്യയാണ്.

ഇപ്പോള്‍ തുറന്നിരിക്കുന്നത് ഒരു സൈബര്‍ യുദ്ധമുഖമാണ്, കൂടുതലും അവ ചെയ്യുന്നത് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ  സൈബർ വിഭാഗം നേരിട്ടല്ല, മറിച്ച് പി‌എൽ‌എ നിയമിച്ച രാജ്യന്തര ടെക്കികളാണ്. കൃത്യമായി പ്രതിരോധിക്കാനായില്ലെങ്കിൽ ഈ ആക്രമണങ്ങൾ സേവനങ്ങളെ ബാധിക്കും. വിവിധ വെബ്‌സൈറ്റുകളെ തകർക്കും - സൈബര്‍ വിദഗ്ധന്‍ പ്രശാന്ത് മാലി ടൈംസ് നൌവിനോട് പറഞ്ഞു.

പ്രധാനമായും ഇന്ത്യയില്‍ സൈബര്‍ ആക്രമണത്തിന് രണ്ട് രീതികളാണ് ചൈന ഉപയോഗിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ആദ്യത്തേത് 'ഡിസ്ട്രിബ്യൂട്ടഡ് ഡിനൈൽ ഓഫ് സർവീസ് ' ആണ്. ഇതിൽ ഒരു യൂട്ടിലിറ്റി പ്രൈവറ്റ് വെബ്‌സൈറ്റിന് ആയിരം അഭ്യർഥനകൾ മാത്രമേ സ്വീകരിക്കാൻ കഴിയൂവെങ്കിൽ ചൈനീസ് ഹാക്കർമാർക്ക് ശേഷി പത്ത് ലക്ഷമായി ഉയർത്താൻ കഴിയും. ഇത് സെർവർ സജ്ജീകരണം തകരാൻ ഇടയാക്കും. 
രണ്ടാമത്തെ രീതി 'ഇന്റർനെറ്റ് പ്രോട്ടോക്കോൾ ഹൈജാക്ക്' ആണ്, അതിൽ നിരീക്ഷണ ആവശ്യത്തിനായി ടാർഗെറ്റിലേക്ക് ചൈന വഴി ഇന്റർനെറ്റ് അക്കൗണ്ടും ട്രാഫിക്കും വഴിതിരിച്ചുവിടാൻ ഹാക്കർമാർക്ക് കഴിയുമെന്നാണ് റിപ്പോര്‍ട്ട്.

അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും സന്ധിയിലേക്കും സൈനിക പിന്‍മാറ്റത്തിലേക്കും നീങ്ങിയിട്ടുണ്ടെങ്കിലും ഗൂഢാമായ സൈബര്‍ ഇടത്തിലെ നീക്കങ്ങള്‍ പ്രവചിക്കാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ കൂടുതല്‍ സൈബര്‍ സുരക്ഷ ഉറപ്പാക്കിയെ ഇന്ത്യന്‍ സൈബര്‍ ലോകത്തിന് ചൈനയില്‍ നിന്നുള്ള വെല്ലുവിളി നേരിടാന്‍ സാധിക്കൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.