ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്ന ഫേസ്ആപ്പിനെതിരെ അമേരിക്കയില്‍ നിന്നും ശബ്ദങ്ങള്‍ ഉയരുന്നു. ആപ്പിനെതിരെ അന്വേഷണം വേണമെന്നാണ് അമേരിക്കന്‍ സെനറ്റ് മൈനോററ്റി ലീഡര്‍ ചാക്ക് ഷൂമര്‍ ആവശ്യപ്പെടുന്നത്. എഫ്ബിഐ ആപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഇദ്ദേഹത്തിന്‍റെ ആവശ്യം. 

ട്വിറ്ററില്‍ ഇത് സംബന്ധിച്ച് ചാക്ക് ഷൂമര്‍ ഒരു കത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. അമേരിക്കന്‍ സമൂഹത്തില്‍ ആഴത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ആപ്പാണ് ഇതെന്ന് ചാക്ക് കുറ്റപ്പെടുത്തുന്നു. അമേരിക്കന്‍ ജനങ്ങളുടെ വ്യക്തിവിവരങ്ങള്‍ വിദേശ ശക്തിയുടെ തടവില്‍ ആകുന്ന അവസ്ഥയാണ് ഫേസ്ആപ്പ് ഉണ്ടാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

റഷ്യന്‍ കമ്പനി വയർലെസ് ലാബ്സ് ആണ് ഫേസ്ആപ്പിന് പിന്നില്‍. ഇത് തന്നെയാണ് അമേരിക്കയില്‍ വലിയ പ്രശ്നം ഉണ്ടാക്കുവാന്‍ കാരണം.  അതേ സമയം എന്നാല്‍ പ്രായം കൂട്ടി ഫേസ്ആപ്പില്‍ കളിക്കുന്നവര്‍ക്ക് മുന്നിലേക്ക് ഇത് ഒരു കെണിയാണോ എന്ന സംശയമാണ് ചില ടെക് മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫേസ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പുള്ള ഫേസ്ആപ്പിന്‍റെ സേവന നിബന്ധനകൾ ഇതിലേക്കുള്ള സൂചനയായി പറയപ്പെടുന്നു. 
ആപ്പ് വഴി എ‍ഡിറ്റ് ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ക്ക് ഒരിക്കലും അവസാനിക്കാത്തതും മാറ്റാൻ കഴിയാത്തതുമായ റോയൽറ്റി ആപ്ലിക്കേഷന് സ്വന്തമാണെന്ന് ആപ്പ് നിബന്ധന വയ്ക്കുന്നു. ഒപ്പം ആപ്പിലെത്തുന്ന ചിത്രങ്ങള്‍  അവർക്ക് ആവശ്യമുള്ള എവിടെയും ഉപയോഗിക്കാൻ അവർക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ ആപ്പിനെ അത്ര ഭയക്കേണ്ട കാര്യം ഇല്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഒരാള്‍ ആപ്പില്‍ നല്‍കുന്ന വിവരങ്ങള്‍ അമേരിക്കയിലെ ആമസോൺ സെർവറുകളിൽ നിലനിൽക്കും. പക്ഷേ അവർക്ക് ആവശ്യമുള്ളതെന്തും ചെയ്യാനുള്ള ലൈസൻസ് എപ്പോഴുമുണ്ടാവുകയും ചെയ്യും. ആപ്ലിക്കേഷന്‍റെ നിര്‍മ്മാതാക്കളായ റഷ്യന്‍ കമ്പനി വയർലെസ് ലാബ്സ് നിങ്ങളുടെ വിവരങ്ങൾ മറ്റ് കമ്പനികൾക്ക് വിൽപന നടക്കുമെന്ന് ഇതിന് അർത്ഥമില്ല. എന്നാല്‍ പരിണതഫലങ്ങൾ ഉണ്ടാക്കാൻ ഇടയുണ്ട്. ഇതിന്റെ പ്രാധാന്യം വ്യക്തിപരമാണെന്നും റിപ്പോര്‍ട്ടുണ്ട്.

അതേ സമയം റഷ്യന്‍ കമ്പനി തങ്ങള്‍ക്കെതിരായ ആരോപണം നിഷേധിച്ചിട്ടുണ്ട്. തങ്ങള്‍ ആപ്പില്‍ ഉണ്ടാക്കുന്ന ചിത്രങ്ങള്‍ സ്ഥിരമായി സൂക്ഷിക്കാറില്ലെന്നും, അതിന്‍റെ വിവരങ്ങള്‍ ശേഖരിക്കാറില്ലെന്നും റഷ്യയിലെ സെന്‍റ് പീറ്റേര്‍സ് ബര്‍ഗ് ആസ്ഥാനമാക്കിയ വയർലെസ് ലാബ്സ്  പറയുന്നു. അമേരിക്കയില്‍ നിന്നോ മറ്റ് രാജ്യങ്ങളില്‍ നിന്നോ ഉള്ള വിവരങ്ങള്‍ റഷ്യയിലേക്ക് എത്തിക്കുന്നില്ലെന്നും വയർലെസ് ലാബ്സ്  വ്യക്തമാക്കുന്നു.