ദില്ലി: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനം വാര്‍ത്തകളില്‍ നിറയുകയാണ്. അതിനിടെ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞ കാര്യം ഉദ്ധരിച്ച് പ്രസിഡന്‍റ് ട്രംപ് ട്വീറ്റ് ചെയ്തത് വാര്‍ത്തയാകുകയാണ്. 'എനിക്ക് തോന്നുന്നത് ഇത് വലിയ ആദരവാണെന്നാണ്. അടുത്തിടെ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. ഡൊണാല്‍ഡ് ജെ ട്രംപ് ആണ് ഫേസ്ബുക്കില്‍ നമ്പര്‍ 1, രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി മോദിയാണ്. ഞാന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ പോകുന്നു, ഈ യാത്രവലിയ പ്രതീക്ഷയോടെയാണ് ഞാന്‍ നോക്കി കാണുന്നത് - ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

പക്ഷെ ട്രംപിന്‍റെ അവകാശവാദം തെറ്റാണ് എന്നതാണ് മോദിയുടെയും ട്രംപിന്‍റെയും പേജ് പരിശോധിച്ചാല്‍ മനസിലാകുന്നത്. സുക്കര്‍ബര്‍ഗിനെ ഉദ്ധരിച്ച് താന്‍ ഫേസ്ബുക്കില്‍ ഒന്നാമതാണ് എന്ന് അവകാശപ്പെടുന്ന  ട്രംപിന്‍റെ പേജിന് ഫേസ്ബുക്കില്‍ ഫോളോവേര്‍സ് 25,963,831 പേരാണ് (15.02.20 വരെ) എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിക്ക് ഫേസ്ബുക്ക് ഫോളോവേര്‍സ് 44,622,719 ആണ്. അതിനാല്‍ തന്നെ ട്രംപിന്‍റെ വാദം വസ്തുതപരമായി ശരിയല്ല.

അതേ സമയം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി കാൽ ലക്ഷം കോടി രൂപയുടെ ഹെലികോപ്റ്റർ ഇടപാടിന് ധാരണയായി. 30 ഹെലികോപ്റ്ററുകൾ വാങ്ങാനാണ് തീരുമാനം. ഇക്കാര്യം അടുത്ത ആഴ്ച കേന്ദ്രമന്ത്രിസഭാ യോഗം പരിഗണിക്കും. എംഎച്ച്-60ആര്‍ സീഹോക്ക് ഹെലികോപ്ടറുകൾ ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടിയാണ് വാങ്ങുന്നതെന്നാണ് വിവരം.

അമേരിക്കന്‍ പ്രസിഡന്‍റ് ഡെണാള്‍ഡ് ട്രംപ് ഈ മാസം 24, 25 തീയതികളില്‍ ഇന്ത്യ സന്ദര്‍ശനം നടത്തും. പ്രസിഡന്‍റ് ട്രംപിനൊപ്പം ഭാര്യ മിലാനിയയും ഇന്ത്യയിലെത്തും. ദില്ലിക്ക് ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരം അഹമ്മദാബാദും ട്രംപ് സന്ദര്‍ശിക്കുന്നുണ്ട്.