അയണ്‍ മാന്‍ എന്ന വിശ്വവിഖ്യാത ചിത്രത്തില്‍ ഫ്‌ളൈയിങ് സ്യൂട്ടുകള്‍ ഉപയോഗിച്ചു ടോണി സ്റ്റാര്‍ക്ക് പറക്കുന്നതിനു സമാനമായി ദുബായിയില്‍ മനുഷ്യപറക്കല്‍ നടത്തി. ഫ്‌ളൈയിങ് സ്യൂട്ട് ധരിച്ചു കൊണ്ടുള്ള മനുഷ്യ പറക്കല്‍ നടത്തിയ അയണ്‍ മാന്‍ പോലെയുള്ള സിനിമയില്‍ കണ്ടതാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഈ ഫ്‌ളൈയിങ് വീഡിയോ ഇതിനോടകം യുട്യൂബില്‍ വൈറലായി കഴിഞ്ഞു. ആയിരങ്ങളാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

പൈലറ്റ് വിന്‍സ് റെഫെറ്റ് ആണ് ഈ മനുഷ്യപറക്കല്‍ നടത്തിയ വ്യക്തി. ഒരു ജെറ്റ് പവര്‍, കാര്‍ബണ്‍ഫൈബര്‍ സ്യൂട്ട് ഉപയോഗിച്ച് നിലത്തുനിന്ന് വിക്ഷേപിച്ച് 6,000 അടി ഉയരത്തിലാണ് അദ്ദേഹം പറന്നത്. ദുബായില്‍ നിന്ന് തെക്ക് ജുമൈറ ബീച്ച് റെസിഡന്‍സിലേക്കായിരുന്നു ഇത്തരത്തില്‍ യാത്ര. എട്ട് സെക്കന്‍ഡിനുള്ളില്‍ റെഫെറ്റ് 100 മീറ്റര്‍ ഉയരത്തിലും 12 സെക്കന്‍ഡില്‍ 200 മീറ്ററിലും 19 സെക്കന്‍ഡ് 500 മീറ്ററിലും 30 സെക്കന്‍ഡില്‍ 1000 മീറ്ററിലും ശരാശരി 130 നോട്ട് വേഗതയിലും എത്തി.

ഇതാദ്യമായല്ല റെഫെറ്റും സംഘവും ദുബായ്ക്ക് മുകളിലൂടെ പറക്കുന്നത്. 2015 മെയ് മാസത്തില്‍ റെഫെറ്റും സഹ പൈലറ്റ് യെവ്‌സ് റോസിയും ആകാശത്തിലൂടെ കുതിച്ചുകയറുന്ന വീഡിയോ പുറത്തിറങ്ങിയിരുന്നു. മണിക്കൂറില്‍ 120 മൈലില്‍ കൂടുതല്‍ വേഗത കൈവരിക്കാന്‍ അന്ന് ഈ പൈലറ്റുമാര്‍ക്ക് കഴിഞ്ഞു! ഒരു റോക്കറ്റ് പോലെ വായുവിലേക്ക് കുതിക്കുന്നതിനുമുമ്പ് നിലത്തു നിന്ന് ഒന്നു ചുറ്റി സഞ്ചരിക്കുന്നു എന്നതു മാത്രമാണ് ഏക വ്യത്യാസം.

പരിമിതമായ ഉയരത്തില്‍ സുരക്ഷിതമായി സഞ്ചരിക്കാനും എയറോബാറ്റിക്‌സ് സംയോജിപ്പിക്കാനും കഴിയുന്നത് ഇതാദ്യമാണ്. മനുഷ്യശരീരം നിലത്തു നിന്ന് നിയന്ത്രിക്കുന്ന ഈ ഉപകരണം 400 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ജെറ്റ്മാന്‍ ദുബായിയെ പ്രാപ്തമാക്കുന്നു. ഒപ്പം ഹോവര്‍ ചെയ്യല്‍, ദിശ മാറ്റുക, ലൂപ്പുകള്‍ എന്നിവ നടത്താനും ഇതിനു കഴിയും.

സൂപ്പര്‍ ഫാസ്റ്റ് പേഴ്‌സണല്‍ പൈലറ്റ് സ്യൂട്ടുകള്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ കമ്പനിയല്ല ജെറ്റ്മാന്‍ ദുബായ്. റിച്ചാര്‍ഡ് ബ്രൗണിംഗ് ലോകത്തിലെ ഏറ്റവും വേഗതയേറിയ വ്യക്തിഗത ജെറ്റ് സ്യൂട്ട് നിര്‍മ്മിച്ചിട്ടുണ്ട്. എയ്‌റോസ്‌പേസ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്നിവ കൂടി ചേര്‍ന്നാല്‍ ആധുനിക കാലത്ത് മനുഷ്യന്‍ സ്വയം പറന്നു തുടങ്ങുകയെന്നത് സ്വപ്‌നമല്ല, യാഥാര്‍ത്ഥ്യം തന്നെയാകും എന്നുറപ്പ്.