Asianet News MalayalamAsianet News Malayalam

കെഫോണിലേക്ക് അന്വേഷണം വരുമ്പോള്‍ പല്ലും നഖവും ഉപയോഗിച്ച് സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തിന്; ചില വസ്തുകള്‍

പദ്ധതിയുടെ അടങ്കല്‍ തുക 1028.2 കോടിയുടേതാണ്. കിഫ്ബി ഈ പദ്ധതിക്ക് നേരത്തെ 823 കോടി അനുവദിച്ചിരുന്നു. കെ എസ് ഐ ടി എല്‍ നിന്നാണ് ബാക്കി തുക വരുന്നത്. ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിക്കുന്നത് കെ എസ് ഇ ബിയുടെ ഹൈടെന്‍ഷന്‍ പ്രസാരണ ലൈനുകളിലൂടെയാണ്.

k fon investigation unrevealed facts on k fon project
Author
Thiruvananthapuram, First Published Nov 3, 2020, 2:28 PM IST

ഗുണമേന്‍മയുള്ളതും ചെലവ് കുറഞ്ഞതുമായ ഇന്റര്‍നെറ്റ് സംവിധാനം എല്ലാ പൗരന്മാര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച കെ-ഫോണ്‍ പദ്ധതി വിവാദത്തില്‍. രാജ്യത്ത് ആദ്യമായി, ഇന്റര്‍നെറ്റ് ലഭ്യത പൗരന്റെ അവകാശമായി  ഐടി നയത്തില്‍ പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. അതിന്റെ ചുവട് പിടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കെ-ഫോണ്‍ പദ്ധതി പ്രഖ്യാപിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കര്‍ ഐഎഎസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് കെ-ഫോണ്‍ വീണ്ടും ചര്‍ച്ചാ കേന്ദ്രമായത്. ശിവശങ്കറാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിച്ചത്.  

കെ-ഫോണ്‍ പദ്ധതിയെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശിവശങ്കര്‍ മുന്‍കൈ എടുത്ത നാല് പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാനാണ് ഇ ഡി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. കെ ഫോണ്‍, സ്മാര്‍ട് സിറ്റി, ഡൗണ്‍ടൗണ്‍, ഇ മൊബിലിറ്റി പദ്ധതികളുടെ വിശദാംശങ്ങള്‍ ആണ് ആവശ്യപ്പെട്ടത്. ഇതില്‍ കെ ഫോണ്‍ പദ്ധതിയെക്കുറിച്ചുള്ള അന്വേഷണത്തെക്കുറിച്ച് കഴിഞ്ഞ ദിവസത്തെ വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിരൂക്ഷമായാണ് പ്രതികരിച്ചത്.

''ജനങ്ങള്‍ക്ക് ഈ പദ്ധതി എത്രത്തോളം ഗുണം ചെയ്യും എന്ന് അറിയുമ്പോഴാണ് ഇതിന് ഇടങ്കോലിടാനുള്ള ശ്രമങ്ങള്‍ എങ്ങനെ ജനങ്ങളെ ബാധിക്കും എന്ന് മനസിലാകുക. അത് കൊണ്ട് കെ ഫോണിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നെ പറയാനുള്ളൂ, എന്തൊക്കെ തടസം നേരിട്ടാലും കെ-ഫോണ്‍ നടപ്പിലാക്കിയിരിക്കും. അതുവഴി സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കും-  ഇതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

എന്താണ് കെ ഫോണ്‍; സര്‍ക്കാറിന് ഇത് അഭിമാന പ്രശ്‌നമാകുന്നത് എങ്ങനെ?

കേരള വൈദ്യുതി ബോര്‍ഡും, കേരള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും (കെ എസ് ഐ ടി എല്‍) ചേര്‍ന്ന് 1028 കോടി മുതല്‍മുടക്കില്‍ സ്ഥാപിക്കുന്ന ഒപ്റ്റിക് ഫൈബര്‍ കേബിള്‍ (ഒ എഫ് സി) ശൃംഖലയാണ് ഈ പദ്ധതിയുടെ അടിസ്ഥാനം. 2016 -ല്‍ രൂപമെടുത്ത ഈ പദ്ധതി നടപ്പിലാക്കാനുള്ള കരാര്‍ പ്രതിരോധ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ബെല്‍ ( ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്) നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തിനാണ്. ഡിസംബര്‍ മാസത്തില്‍ പൂര്‍ത്തിയാക്കുവാന്‍ ലക്ഷ്യമിട്ട പദ്ധതി കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഒന്നോ രണ്ടോ മാസം നീണ്ടേക്കാം എന്നാണ് ഐടി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

പദ്ധതിയുടെ അടങ്കല്‍ തുക 1028.2 കോടിയുടേതാണ്. കിഫ്ബി ഈ പദ്ധതിക്ക് നേരത്തെ 823 കോടി അനുവദിച്ചിരുന്നു. കെ എസ് ഐ ടി എല്‍ നിന്നാണ് ബാക്കി തുക വരുന്നത്. ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിക്കുന്നത് കെ എസ് ഇ ബിയുടെ ഹൈടെന്‍ഷന്‍ പ്രസാരണ ലൈനുകളിലൂടെയാണ്. ഇതിനാല്‍ റോഡ് കുഴിക്കല്‍ വേണ്ടി വരുന്നില്ല. സബ് സ്‌റ്റേഷന്‍ വരെ എത്തുന്ന ഇത്തരം ലൈനുകളില്‍ നിന്നു (കോര്‍ നെറ്റ്വര്‍ക്ക്) നെറ്റ് കണക്ഷനുള്ള കേബിള്‍ കെ എസ് ഇ ബിയുടെ തന്നെ 40 ലക്ഷത്തിലേറെ വരുന്ന പോസ്റ്റുകളിലൂടെ വീടുകളിലും ഓഫിസുകളിലും എത്തിക്കാന്‍ പ്രാദേശിക ഏജന്‍സികള്‍ ഉണ്ടാകും.

12 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്കു സൗജന്യമായിട്ടാവും കണക്ഷന്‍ നല്‍കുക എന്നതാണ് പദ്ധതിയില്‍ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന മുഖ്യ ഘടകം. മറ്റുള്ളവര്‍ക്കു മാസം എത്ര തുകയാവുമെന്ന കാര്യം നിശ്ചയിച്ചിട്ടില്ല. സംസ്ഥാനത്തെ 30,438 സര്‍ക്കാര്‍ ഓഫീസുകളാണ് കെ-ഫോണിന്റെ പരിധിയില്‍ വരുന്നത്. 52,746 കിലോമീറ്റര്‍ കേബിളുകള്‍ വഴിയാണ് കെ ഫോണ്‍ സര്‍വീസ് ലഭ്യമാക്കും. ഇ- ഗവേണിംഗ് രംഗത്തെ നട്ടെല്ലായി കെ-ഫോണ്‍ മാറും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ഇതിനാല്‍ തന്നെ ഈ പദ്ധതിക്കെതിരായ അന്വേഷണത്തെ സര്‍ക്കാര്‍ പല്ലും നഖവും ഉപയോഗിച്ചാണ് എതിര്‍ക്കുന്നത്.

അത് ഒരു ഗൂഢാലോചന സിദ്ധാന്തമോ?

കെ-ഫോണിലേക്ക് കേന്ദ്ര ഏജന്‍സി അന്വേഷണം നീളുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാര്‍ അനുകൂല പ്രൊഫൈലുകള്‍ വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്. നിലവിലുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് വലിയ തിരിച്ചടി നല്‍കുന്ന പദ്ധതിയെന്ന നിലയില്‍ ഈ രംഗത്തെ കുത്തകകള്‍ നടത്തുന്ന സമ്മര്‍ദ്ദത്തിന്റെ ഫലമാണ് കെ ഫോണ്‍ പദ്ധതിക്കെതിരെ വരുന്ന അന്വേഷണം എന്നാണ് അവരുടെ വിമര്‍ശനം.

എന്നാല്‍ പദ്ധതി വിഭാവനം ചെയ്ത സംസ്ഥാന ഐടി വകുപ്പ് ഈ വാദത്തോട് പൂര്‍ണ്ണമായും യോജിക്കുന്നില്ല. ''റിലയന്‍സ് ജിയോ ഫൈബര്‍ പോലെയോ, ബിഎസ്എന്‍എല്‍ പോലെയോ ഉള്ള ശൃംഖലകളുടെ എതിരാളിയാണ് കെ-ഫോണ്‍ എന്ന വ്യാഖ്യാനം ശരിയല്ല. കെഫോണ്‍ ഒരു ഇന്റര്‍നെറ്റ് സേവന (ഐ.എസ്.പി) കമ്പനി അല്ല. ഇന്റര്‍നെറ്റ് അടിസ്ഥാന സൗകര്യമാണ് ഇത് നല്‍കുന്നത്. വിവിധ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് പ്ലാറ്റ്‌ഫോം ആയി ഇത് ഉപയോഗിക്കാന്‍ സാധിക്കും. ഏതെങ്കിലും  ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്കായി ഈ ശൃംഖല പരിമിതപ്പെടുത്തില്ല''- കേരള ഐടി വകുപ്പ് വൃത്തങ്ങള്‍ പ്രതികരിച്ചു.

പക്ഷെ ഇന്റര്‍നെറ്റ് സേവനദാതാവ് എന്ന നിലയില്‍ അല്ല കെ-ഫോണ്‍ ജിയോ പോലുള്ളവയ്ക്ക് വെല്ലുവിളിയാകുക എന്ന വാദമാണ് സര്‍ക്കാറിനെ അനുകൂലിക്കുന്ന ഒരു വിഭാഗം ഉയര്‍ത്തുന്നത്. രണ്ട് കാര്യങ്ങളാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്.  ഒന്ന്,  ഇന്റര്‍നെറ്റ് സേവന ദാതാവ് എന്ന കുത്തക നിലനിര്‍ത്താന്‍ ജിയോയ്ക്ക് സാധിക്കില്ല രണ്ട്, കുത്തക അവകാശമില്ലെങ്കില്‍, ബില്ലിംഗ് തുടങ്ങിയ കാര്യങ്ങളില്‍ കുറവ് സംഭവിക്കും

''ജിയോ അല്ലെങ്കില്‍ ഈ രംഗത്തെ മുമ്പന്മാര്‍ ആദ്യം ചെയ്യുന്നത് വലിയ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല ഉണ്ടാക്കുക എന്നതാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ പാകിയ കമ്പനിക്ക് സ്വഭാവികമായി വിപണിയില്‍ മേധാവിത്വം ഉണ്ടാകും. എന്നാല്‍, കേരളത്തില്‍ കെ- ഫോണ്‍ അവരെക്കാള്‍ ഇരട്ടിയോളം ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിക്കുന്നത് കേരളത്തിലെങ്കിലും കുത്തകവത്കരണം അസാധ്യമാക്കും. മേഖലയില്‍ കൂടുതല്‍ മത്സരക്ഷമത ഇത് ഉറപ്പ് വരുത്തും. സര്‍ക്കാര്‍ നിയന്ത്രണം ഇതിലൂടെ സാധ്യമാകും, കൂടാതെ പാവപ്പെട്ടവര്‍ക്കു സൗജന്യ ഇന്റര്‍നെറ്റും.ഇനിയും വികസിക്കാന്‍ കിടക്കുന്ന വിപണിയിലേക്ക് ആദ്യമേ സര്‍ക്കാര്‍ നിയന്ത്രണം നടപ്പിലാക്കാനും ഇതുവഴി സാധിക്കും. അത് കുത്തകകള്‍ക്ക് വെല്ലുവിളി തന്നെയാണ്''- ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ജതിന്‍ ദാസ് പറയുന്നു.

എന്നാല്‍ ഇതിനെതിരെയും വാദം ഉയരുന്നുണ്ട്, കെ- ഫോണ്‍ സജ്ജമായാല്‍ ഏതെങ്കിലുമൊരു സര്‍വീസ് പ്രൊവൈഡറുടെ സഹകരണത്തോടെ ബി പി എല്‍ കുടുംബങ്ങള്‍ക്കോ മറ്റേതെങ്കിലും സ്ഥാപനങ്ങള്‍ക്കോ ആവശ്യമുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ സര്‍ക്കാരിനു തന്നെ നല്‍കാനാവും. ഇതിനായി ബി എസ് എന്‍ എല്ലിനേയോ റെയില്‍ ടെല്ലിനേയോ അല്ലെങ്കില്‍ മത്സര ടെന്‍ഡര്‍ വഴി മറ്റ് ഏതെങ്കിലും സര്‍വീസ് പ്രൊവൈഡറിനെയോ തെരഞ്ഞെടുക്കാവുന്നതാണ്.

എന്നാല്‍, കെഫോണ്‍  ജിയോയ്ക്ക് ഭീഷണിയാണ് എന്ന വാദങ്ങള്‍ ഗുണത്തേക്കാളെറെ ദോഷം ചെയ്യുമെന്നാണ് ടെക്‌നോളജി രംഗത്ത് പ്രവര്‍ത്തിക്കുന്ന സുജിത്ത് കുമാര്‍ പറയുന്നത്. ''ഇതിന്റെ കാര്യത്തില്‍ ഇനിയും വ്യക്തത ആയിട്ടില്ല.  അതിനെക്കുറിച്ച് യാതൊരു വിവരങ്ങളും പബ്ലിക് ഡൊമൈനില്‍ ലഭ്യവുമല്ല. കെ ഫോണ്‍ ഒരു സര്‍വീസ് പ്രൊവൈഡറിനും ഭീഷണിയേ അല്ല. ഇനി ഭീഷണി ആണെങ്കില്‍ തന്നെ അത് നിലവില്‍ സര്‍ക്കാരിന്റെ സ്ഥിരം നെറ്റ് വര്‍ക്ക് സര്‍വീസ് പ്രൊവൈഡര്‍ ആയ ബിഎസ്എന്‍എല്ലിനായിരിക്കും. ഇതു നിലവില്‍ വന്നാല്‍ മറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും ലോക്കല്‍ കേബിള്‍ ടിവിക്കാര്‍ക്കും ബിസിനസ് മെച്ചപ്പെടുത്തുന്നതിനേ സഹായകമാകൂ.''

കെഎസ്ഇബിക്ക് എന്താണ് പറയാനുള്ളത്?

കെ-ഫോണുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കെ-ഫോണ്‍ കമ്പനിയിലെ മറ്റൊരു പങ്കാളികളായ കെഎസ്ഇബിക്ക് എന്താണ് പറയാനുള്ളത്? കെഎസ്ഇബിയും  കേരള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ചേര്‍ന്നുള്ള ഒരു സംയുക്ത സംരംഭമാണ് കെ-ഫോണ്‍. പദ്ധതിയില്‍ തുല്യ പങ്കാളിത്തമാണ് കെഎസ്ഇബിക്ക്. കെഎസ്ഇബി അടിസ്ഥാന സൌകര്യം ഉപയോഗിച്ച് തടസ്സമില്ലാതെ കേബിളുകള്‍ വലിക്കാനുള്ള എല്ലാ സൗകര്യവും കെഎസ്ഇബി നല്‍കുന്നുണ്ട്. ഈ പദ്ധതിയുടെ പണം കണ്ടെത്തുന്നതും ബെല്‍ കണ്‍സോര്‍ഷ്യത്തിന്റെ ജോലി പുരോഗതി വിലയിരുത്തുന്നതും കേരള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് എന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്.

സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ നിയന്ത്രണ ഏജന്‍സിയാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍. പ്രസരണ സംവിധാനങ്ങള്‍ കെഫോണിന് പങ്കുവയ്ക്കുന്ന സംയുക്ത സംരംഭം നടത്താന്‍  കെഎസ്ഇബിക്ക്  റെഗുലേറ്ററി കമ്മീഷന്റെ അനുമതി ആവശ്യമാണ്. കെ-ഫോണിന്റെ കാര്യത്തിലുള്ള ആശങ്കകള്‍ നേരത്തെ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചിരുന്നു. കെ-ഫോണ്‍ സംബന്ധിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ 2018 സെപ്തംബര്‍ 18-ന് നടത്തിയ ഹിയറിംഗില്‍ പന്ത്രണ്ടോളം കാര്യങ്ങളില്‍ കമ്മീഷന്‍ വ്യക്തത തേടിയിരുന്നു. ഇതിന് 2019 ഫെബ്രുവരി 15-ന്  കെഎസ്ഇബി മറുപടി നല്‍കി.

ഇത് വിലയിരുത്തിയ ശേഷം കമ്മീഷന്‍ 2020 മാര്‍ച്ച് മാസം ഇറക്കിയ ഉത്തരവില്‍ നാല് കാര്യങ്ങളാണ് പറയുന്നത്.

1) വൈദ്യുതി ആക്ട് 2003 പ്രകാരവും, ലൈസന്‍സ് റെഗുലേഷന്‍ 2006 പ്രകാരവും കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷനില്‍ നിന്നും അനുമതി ആവശ്യമാണ്

2) ഇതിന് വിശദമായ അനുബന്ധരേഖകളോടെ അപേക്ഷ സമര്‍പ്പിക്കണം

3) സംയുക്ത സംരംഭം എന്ന നിലയില്‍ കെഎസ്ഇബിക്ക് ഒപ്പം ഐടി വകുപ്പും, കേരള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും അപേക്ഷ നല്‍കണം.

4) കെ ഫോണിന് വേണ്ടി വൈദ്യുതി വകുപ്പിന്റെ സ്വത്തുക്കള്‍ ഉപയോഗിക്കുന്നത് റെഗുലേറ്ററി കമ്മീഷന്റെ ഔദ്യോഗിക അനുമതിക്ക് ശേഷമായിരിക്കണം

ഈ കാര്യങ്ങളില്‍ കമ്മീഷന് രേഖകള്‍ സഹിതം വിശദമായ അപേക്ഷ നല്‍കിയതായാണ് കെഎസ്ഇബി പറയുന്നത്. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തിയാകുന്നുണ്ട്. പദ്ധതി പ്രവര്‍ത്തികമാകുന്ന മുറയ്ക്ക് കമ്മീഷനില്‍ നിന്നും അനുമതി ലഭിക്കും, ഇത് തീര്‍ത്തും ഔപചാരികമായ നടപടികള്‍ മാത്രമാണ് എന്നാണ് കെഎസ്ഇബി ഡെപ്യൂട്ടി.ചീഫ് എഞ്ചിനീയര്‍ ഐടി സത്യരാജന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios