അമേരിക്കൻ ടെക് ഭീമനായ ആപ്പിളിനെതിരെ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അകിനേനി നാഗാര്‍ജ്ജുന. ആപ്പിളിന്റെ ഇന്ത്യയിലെ സ്റ്റോറിനെതിരെയാണ് നടന്‍ രംഗത്തെത്തിയിട്ടുള്ളത്.  കഴിഞ്ഞ ദിവസമാണ്  ട്വിറ്ററിൽ ആപ്പിളിനെതിരായി അക്കിനേനി നാഗാർജുന ട്വീറ്റ് ചെയ്തത്. ‘ബി കെയര്‍ഫുള്‍, ആപ്പിള്‍ സ്റ്റോര്‍ ഇന്ത്യയില്‍ നിന്നും ആപ്പിള്‍ പ്രൊഡക്ടുകള്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. അവരുടെ സേവനവും നയങ്ങളും ഏകപക്ഷീയവും മോശവുമാണ്,’ നാഗാര്‍ജ്ജുനയുടെ പോസ്റ്റില്‍ പറയുന്നു.  

ആപ്പിൾ കമ്പനിയെയും ആപ്പിൾ സപ്പോർട്ടിനെയും ടാഗ് ചെയ്താണ് നാഗാർജുന ട്വീറ്റ് ചെയ്തിരിക്കുന്നത്.  നാഗാർജ്ജുന വാങ്ങിയ ആപ്പിൾ ഉൽ‌പ്പന്നമെന്താണെന്നും അതിലെ അപാകത എന്താണെന്നും ഇതുവരെ വ്യക്തമായിട്ടില്ല. 

അതേ സമയം നാഗാര്‍ജ്ജുനയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്ത് ഇറങ്ങിയിരിക്കുന്നത്. സൂപ്പര്‍താരം ആപ്പിളിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തത് ആപ്പിള്‍ ഐഫോണില്‍ നിന്നാണ് എന്നാണ് ഒരു വിഭാഗം കണ്ടെത്തിയത്. നാഗാര്‍ജ്ജുനയുടെ അവസാനം ഇറങ്ങിയ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഇതേ അവസ്ഥ തോന്നിയെന്നാണ് ഒരു ആപ്പിള്‍ ആരാധകന്‍ മറുപടി നല്‍കിയത്. ആപ്പിള്‍ മേധാവി ടിം കുക്കിനെ ചിലര്‍ നാഗാര്‍ജ്ജുനയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.