കോഴിക്കോട്: കുടവയര്‍ കുറയ്ക്കണോ 1,200 രൂപയുടെ ബനിയന്‍ റെഡി. മോഹിപ്പിക്കുന്ന വാച്ചിന് വെറും 1,499 രൂപ. ഇത്തരം തട്ടിപ്പ് ഓഫറുകളുടെ ചതിക്കുഴിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ നിറയെ. വില കൊടുത്ത് വാങ്ങിത്തന്നെ അനുഭവിക്കണം നഷ്ടം.

അമിത വണ്ണമില്ലാതാക്കാനും കുടവയര്‍ കുറയ്ക്കാനും ആഗ്രഹമില്ലാത്തവരില്ല. കുടവയര്‍ കുറയാന്‍ ഈ ബനിയന്‍ ധരിക്കൂവെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം. ഓഫര്‍ വില്‍പ്പനയാണ്. ഈ പ്രത്യേക ബനിയന്‍ ധരിക്കുന്നതോടെ വയറിലെ മസിലുകളില്‍ ചൂട് വര്‍ധിക്കുകയും കൊഴുപ്പ് ഉരുകിപ്പോവുകയും ചെയ്യുമെന്നാണ് പരസ്യം. 

1200 രൂപയ്ക്ക് ബനിയന്‍ ഓര്‍ഡല്‍ ചെയ്തപ്പോള്‍ മഞ്ചേരി സ്വദേശിക്ക് ലഭിച്ചത് കാണുക. ഒരു സാധാരണ ബനിയന്‍. അതില്‍ ചതുരത്തില്‍ ചില തുന്നലുകളുണ്ടെന്ന് മാത്രം. വയര്‍ കുറയില്ല എന്നത് പോകട്ടെ. സാധാരണ ഉപയോഗത്തിന് പോലും പറ്റില്ല.

സ്മാര്ട്ട് വാച്ച് വന്‍ ഓഫറില്‍. പരസ്യം കണ്ട് ഓഡര്‍ നല്‍കിയ മലപ്പുറം സ്വദേശിക്ക് പാര്‍സല്‍ വന്നത് ഡെമ്മി വാച്ച്. കുട്ടികള്‍ക്ക് കളിക്കാനുപയോഗിക്കാം. പരമവാധി നൂറ് രൂപ വിലയുള്ള വാച്ചിന് നല്‍കേണ്ടി വന്നത് 1499 രൂപ. 800 രൂപ കൊടുത്ത് കോഴിക്കോട് സ്വദേശി വാങ്ങിയ മൊബൈല്‍ കെയ്സാണ് ലഭിച്ചത്. ലക്ഷ്വറി ഫ്രെംലെസ് ട്രാന്‍സ്പേരന്‍റ് കേയ്സ് എന്ന ഗംഭീര പേരിട്ടാണ് വില്‍പ്പന. യഥാര്‍ത്ഥ വില ഇരുനൂറ് രൂപയില്‍ താഴെ മാത്രമേ വരൂ. ഉപഭോക്താവിന് നഷ്ടം ചുരുങ്ങിയത് 600 രൂപ.

വിലക്കുറവെന്ന പരസ്യം കണ്ടാണ് മിക്കവരും ചതിയില്‍ വീഴുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ തട്ടിപ്പ് സംഘങ്ങള്‍ നിറയുകയാണ്. മുന്‍കൂര്‍ പണമടക്കേണ്ട ക്യാഷ് ഓണ്‍ ഡെലിവറിയുണ്ട് എന്ന ഓഫറുമായാണ് വരവ്. പക്ഷേ ഇതിന് ചില നിബന്ധനകളുണ്ടെന്ന് പാര്‍സല്‍ എത്തുമ്പോഴേ മനസിലാകൂ. 

പാര്‍സല്‍ തുറക്കുന്നതിന് മുമ്പ് പണം നല്‍‍കിയിരിക്കണം. അതുകൊണ്ട് തന്നെ ഗുണനിലവാരമുള്ള ഉത്പന്നമാണോ കൈയിലെത്തിയിരിക്കുന്നതെന്ന് ഉപഭോക്താവിന് പണം കൊടുത്തശേഷമേ മനസിലാക്കാനാവൂ. കൊവിഡ് കാലം ആയതോടെ ഇത്തരം തട്ടിപ്പില്‍ വീഴുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് കൊറിയര്‍ കമ്പനി നടത്തിപ്പുകാരന്‍ പറയുന്നു.

മുംബൈ, ദില്ലി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികളാണ് ഗുണനിലവാരവുമില്ലാത്ത ഉത്പന്നങ്ങളുമായി സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. കബളിപ്പിക്കല്‍ കൊവിഡ് കാലത്തും സജീവമായതോടെ ഈ കമ്പനികള്‍ കേരളത്തില്‍ നിന്ന് മാത്രം തട്ടിക്കുന്നത് കോടികള്‍.