Asianet News MalayalamAsianet News Malayalam

കുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക ദൃശ്യങ്ങൾ സൂക്ഷിച്ചാലോ, കൈമാറിയാലോ വലിയ ശിക്ഷ

ഇന്റര്‍നെറ്റിലൂടെ ഇത്തരം ചിത്രങ്ങളോ വീഡിയോകളോ കാണുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയോ ചെയ്യുന്നതും കുറ്റകരമാണ്. 

Operation P Hunt 12 arrested in crackdown on child pornography in Kerala
Author
Kerala, First Published Oct 20, 2019, 9:42 AM IST

തിരുവനന്തപുരം: കുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക ദൃശ്യങ്ങൾ പങ്കുവയ്ക്കുകയോ, സൂക്ഷിക്കുകയോ ചെയ്യുന്നവരെ കാത്തിരിക്കുന്നത് വലിയ ശിക്ഷ.  പോക്സോ നിയമ ഭേദഗതി അനുസരിച്ച് കുട്ടികളുൾപ്പെടുന്ന ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് കുറഞ്ഞത് 5 വർഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാം. ലൈംഗിക ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിന്‍റെ ഭാഗമായുള്ള പീഡനത്തിന് കുറഞ്ഞത് 20 വർഷം തടവു മുതൽ വധശിക്ഷ വരെ ലഭിക്കാം.

ഇന്റര്‍നെറ്റിലൂടെ ഇത്തരം ചിത്രങ്ങളോ വീഡിയോകളോ കാണുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയോ ചെയ്യുന്നതും കുറ്റകരമാണ്. വാട്‌സ്ആപ്പ് ടെലിഗ്രാം വാട്ട്സ്ആപ്പ്  ഗ്രൂപ്പുകളില്‍ ഇത്തരം വീഡിയോ പ്രത്യക്ഷപ്പെട്ടാലും അംഗങ്ങള്‍ക്ക് എതിരെ അന്വേഷണം ഉണ്ടാകും. 

മറ്റൊരാള്‍ അശ്ലീല വീഡിയോ അയച്ച് തന്നിരുന്നത് അധികൃതരെ അറിയിക്കുന്നില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും കേരള പോലീസിന്‍റെ കീഴിലുള്ള സൈബര്‍ഡോമിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. 

കുട്ടികളുടെ രക്ഷിതാക്കള്‍ക്കും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കുട്ടികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുമ്പോൾ ജാഗ്രത പാലിക്കുക. അവ ആരൊക്കെ കാണാൻ ഇടയുണ്ടെന്നു വ്യക്തമായ ബോധ്യമുണ്ടാകണം.  കുട്ടികളുടെ അനുമതിയില്ലാതെ മറ്റുള്ളവർ ദൃശ്യങ്ങൾ പകർത്തുന്നതു തടയാൻ പരിശീലിപ്പിക്കുക. കുട്ടികൾ തമാശയ്ക്കു സ്വന്തം സ്വകാര്യദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നതു പോലും തടയുക. മൊബൈലിലുള്ള അനധികൃതമായ ആപ്പുകൾ വഴി ഇവ കൈമാറ്റം ചെയ്യപ്പെട്ടേക്കാം.

അടുത്തിടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനും പകര്‍ത്തി സൂക്ഷിച്ചതിനും ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി 12 പേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇന്റര്‍പോളിന്റെ സഹായത്തോടെ കേരള പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ഇതോടെ ടെലിഗ്രാമില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്ന് വലിയ പോണ്‍ ഗ്രൂപ്പുകളില്‍ കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നതായി കണ്ടെത്തിയിരുന്നു. മാത്രമല്ല ഈ ഗ്രൂപ്പിലെ അംഗങ്ങള്‍ പലരും ഗ്രൂപ്പ് ഉപേക്ഷിച്ചു. ഗ്രൂപ്പുകള്‍ നിശ്ചലമായിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios