ലാഹോര്‍: ചൈന നിര്‍മ്മിച്ച പാകിസ്ഥാന്‍റെ  യുദ്ധവിമാനങ്ങള്‍ തകര്‍ന്നു വീഴുന്നത് പാക് വ്യോമസേനയ്ക്ക് തലവേദനയാകുന്നു. കഴിഞ്ഞ ചൊവ്വാഴ്ച സംഭവിച്ച തകര്‍ച്ചയടക്കം ചൈനീസ് നിര്‍മ്മിതമായ അഞ്ച് വിമാനങ്ങളാണ് പാകിസ്ഥാനില്‍ കഴിഞ്ഞ ജനുവരി മുതല്‍ നിലംപൊത്തിയത്. ഏറ്റവും പുതിയ സംഭവത്തില്‍ പാകിസ്ഥാനിലെ അറ്റോക്കിലെ പിന്ദിഗേബ് പ്രദേശത്താണ് പാകിസ്ഥാന്‍ വ്യോമസേനയുടെ ജെഎഫ് 17 വിമാനം തകര്‍ന്ന് വീണത്.

പരീക്ഷണ പറക്കലിനിടെയാണ് അപകടം എന്നാണ് റിപ്പോര്‍ട്ട്. പൈലറ്റ് നേരത്തെ തന്നെ പാരച്യൂട്ടില്‍ രക്ഷപ്പെടുകയാണ് ഉണ്ടായത്. അപകടം സംബന്ധിച്ച് പാക് വ്യോമസേന അന്വേഷണം ആരംഭിച്ചെന്നാണ് പാക് മാധ്യമങ്ങളിലെ വാര്‍ത്ത. ജനുവരി മുതലുള്ള അഞ്ച് അപകടങ്ങളില്‍ ഇതുവരെ രണ്ട് പൈലറ്റുമാര്‍ മരിച്ചിട്ടുണ്ട്. ബാക്കി മൂന്ന് അപകടങ്ങളില്‍ നിന്നും വ്യോമസേന പൈലറ്റുമാര്‍ രക്ഷപ്പെട്ടു.

അതേ സമയം തന്നെ തകര്‍ന്നത് ചൈനീസ് നിര്‍മ്മിത ജെഎഫ് 17 എന്ന് പാക് വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ‘ഇജക്ഷൻ’ സീറ്റ് നിർമാതാക്കളായ മാർട്ടിൻ ബേക്കറിന്റെ ട്വിറ്റർ പോസ്റ്റിൽ തകർന്നത് ചൈനീസ് വിമാനം ആണെന്ന് പറയുന്നു. ‘പാക്കിസ്ഥാൻ വ്യോമസേനയുടെ ജെ‌എഫ് -17 വിമാനം ഇന്ന് പതിവ് പരിശീലന ദൗത്യത്തിനിടെ തകർന്നുവീണു, പൈലറ്റ് വിജയകരമായി പുറന്തള്ളപ്പെട്ടു’– ഇതായിരുന്നു ട്വീറ്റ്. ചൈനീസ് ജെഎഫ് 17ന്‍റെ ‘ഇജക്ഷൻ’സീറ്റുകള്‍ നിര്‍മ്മിച്ചത് മാർട്ടിൻ ബേക്കറാണ്.

എന്നാല്‍ പുതിയ സംഭവ വികാസം ചില പാക് മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു എന്നതാണ് മറ്റൊരു റിപ്പോര്‍ട്ട്.  ചൈനീസ് നിർമിത ജെഎഫ് -17ന്റെ പരിഹരിക്കാനാകാത്ത സാങ്കേതിക തകരാറിന്റെ വ്യക്തമായ സൂചനയാണ് ഈ വീഴ്ചയെന്നും റിപ്പോർട്ടുകളുണ്ട്. പക്ഷെ നിര്‍മ്മാതാക്കളായ ചൈന ഇത് സമ്മതിക്കുന്നില്ല. എന്തായാലും ജെഎഫ് 17ന്‍റെ  തുടര്‍ച്ചയായ തകര്‍ച്ച പാക് വ്യോമസേനയ്ക്ക് തലവേദനയാണ്. പാക്ക് വ്യോമസേനയുടെ പ്രധാന പോർവിമാനങ്ങളിൽ ഒന്നാണ് ജെ‌എഫ് -17.

രിശീലന പറക്കലിനിടെയാണ് ഈ ദുരന്തമെല്ലാം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ 18 വർഷത്തിനിടെ ചൈനയിൽ നിന്നു വാങ്ങിയ 13 എഫ്–7പിജി പോർവിമാനങ്ങളാണ് തകർന്നു വീണത്. ചൈനയിലെ ചെങ്ഡു എയർക്രാഫ്റ്റ് ഇൻഡസ്ട്രി കോർപ് ആണ് എഫ്–7പിജി പോർവിമാനങ്ങൾ നിർമിക്കുന്നത്. ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതാണ് ഈ കമ്പനി. ചൈനീസ് ആയുധങ്ങള്‍ വാങ്ങുന്ന ലോകത്തിലെ വലിയ പങ്കാളികളില്‍ ഒന്നാണ് ചൈന.