ദില്ലി: ഇന്ത്യന്‍ വിപണിയില്‍ ഓണ്‍ലൈന്‍ വാലറ്റ് ആപ്പുകളില്‍ ഫോണ്‍ പേ കുതുപ്പ് തുടരുന്നു.  ജനുവരി മാസത്തിൽ ഫോൺ പേയിൽ. 968.72 ദശലക്ഷം ഇടപാടുകളാണ് നടന്നത്. 1.91 ലക്ഷം കോടിയുടെ ഇടപാടുകളാണ് നടന്നത് എന്നാണ് കണക്കു പറയുന്നത്. നാഷണൽ പേമെന്റ്സ് കോർപറേഷനാണ് ഈ കണക്ക് പുറത്തുവിട്ടത്. യുപിഐ വിപണിയുടെ 42 ശതമാനത്തോളം ഫോണ്‍ പേയ്ക്കാണ് എന്നാണ് ഇത് വ്യക്തമാക്കുന്നത്.

ഡിസംബറില്‍ ആദ്യമായി ഇന്ത്യയിലെ യുപിഐ ഇടപാടുകളുടെ കാര്യത്തില്‍ ഒന്നാംസ്ഥാനത്ത് എത്തിയ ഫോണ്‍പേ ജനുവരി മാസത്തില്‍ ഇടപാടുകളുടെ എണ്ണം ഏഴ് ശതമാനം മുന്‍ മാസത്തേക്കള്‍ വര്‍ദ്ധിപ്പിച്ചു. ഡിസംബറിൽ 902.03 ദശലക്ഷമായിരുന്നു ഫോൺപേയിൽ നടന്ന യുപിഐ ഇടപാടുകള്‍.  1.82 ലക്ഷം കോടിയുടെ ഇടപാടുകളായിരുന്നു ഇത്.

853.53 ദശലക്ഷം ഇടപാടുകളിൽ നിന്നായി 1.77 ലക്ഷം കോടിയാണ് ഗൂഗിൾ പേ വഴി ജനുവരി മാസത്തില്‍ വിനിമയം ചെയ്യപ്പെട്ടത്. രാജ്യത്തെ യുപിഐ ഇടപാടുകളുടെ 37 ശതമാനമാണ്. രാജ്യത്താകെ ജനുവരി മാസത്തിൽ 2.3 ബില്യൺ യുപിഐ ഇടപാടുകളിലൂടെ 4.3 ലക്ഷം കോടി രൂപ കൈമാറിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് യുപിഐ ഇടപാടുകള്‍ വഴി ഒഴുകുന്ന പണത്തിന്‍റെ 85 ശതമാനവും ഫോണ്‍പേയും, ഗൂഗിള്‍ പേയുമാണ് കൈകാര്യം ചെയ്യുന്നത് എന്ന് ഇതിലൂടെ വ്യക്തം.

ഒരു സമയത്ത് ഓണ്‍ലൈന്‍ വാലറ്റ് വിപണിയിലെ മുന്‍നിരക്കാരായ പേടിഎം ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. 281.18 ദശലക്ഷം ഇടപാടുകളിൽ നിന്നായി 33909.59 കോടി രൂപയാണ് യുപിഎ ഇടപാടുകള്‍ വഴി പേടിഎം കൈമാറുന്നത്.  ആമസോൺ പേയാണ് നാലാം സ്ഥാനത്ത്. 46.30 ദശലക്ഷം ഇടപാടുകളിൽ നിന്നായി 4044.38 കോടി രൂപ ആമസോണ്‍ ഇടപാട് നടത്തി. അഞ്ചാം സ്ഥാനത്ത് സര്‍ക്കാറിന്‍റെ തന്നെ ഭീം ആപ്പാണ്. 23.38 ദശലക്ഷം ഇടപാടുകൾ ഭീം വഴി നടന്നു. 7462.94 കോടി രൂപയാണ് കൈമാറിയത്.