റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണത്തിലാണ് ഇന്ത്യ ക്രിപ്റ്റോ കറന്‍സിക്ക് രൂപം നല്‍കുക. ബാക്കിയുള്ള സ്വകാര്യ ക്രിപ്റ്റോ കറന്‍സികളുടെ വിനിമയം രാജ്യത്ത് പൂര്‍ണ്ണമായും നിരോധിക്കും.

ദില്ലി: രാജ്യം ഔദ്യോഗികമായി ക്രിപ്റ്റോ കറന്‍സി ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ബിറ്റ് കോയിന്‍ അടക്കമുള്ള സ്വകാര്യ ക്രിപ്റ്റോ കറന്‍സികളെ നിയന്ത്രിച്ചായിരിക്കും പുതിയ ചുവടുവയ്പ്പ് എന്നാണ് സൂചന. ഇത് സംബന്ധിച്ച ബില്ല് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റിന്‍റെ ഈ ബഡ്ജറ്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിച്ചേക്കും എന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാര്‍ ബഡ്ജറ്റില്‍ മുന്നോട്ട് വയ്ക്കുന്ന 20 ബില്ലുകളില്‍ ക്രിപ്റ്റോ കറന്‍സി നിരോധന നിയമവും ഉള്‍പ്പെടുന്നു എന്നാണ് വിവരം.

റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണത്തിലാണ് ഇന്ത്യ ക്രിപ്റ്റോ കറന്‍സിക്ക് രൂപം നല്‍കുക. ബാക്കിയുള്ള സ്വകാര്യ ക്രിപ്റ്റോ കറന്‍സികളുടെ വിനിമയം രാജ്യത്ത് പൂര്‍ണ്ണമായും നിരോധിക്കും. എന്നാല്‍ ക്രിപ്റ്റോ കറന്‍സിയുടെ സാങ്കേതിക വിദ്യ മനസിലാക്കി അത് ഔദ്യോഗികമായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രമം. നിയമവിധേയമല്ലാത്ത ക്രിപ്റ്റോ കറന്‍സി വിനിമയം ചെയ്യുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും, കനത്ത പിഴയും ഉറപ്പാക്കുന്ന രീതിയിലാണ് പുതിയ ബില്ല് എന്നാണ് സൂചന. 

നേരത്തെ 2018 ല്‍ തന്നെ ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങളോട് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഈ ഉത്തരവിനെതിരായ നിയമ നടപടികളില്‍ ആര്‍ബിഐ നിര്‍ദേശം തള്ളി 2020 മാര്‍ച്ചില്‍ സുപ്രീംകോടതി വിധി വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ ബില്ലിലേക്ക് ആലോചന നീളുന്നത്. ലോകമെങ്ങും ക്രിപ്റ്റോ കറന്‍സികളെ നിയന്ത്രിക്കാന്‍ രാജ്യങ്ങള്‍ നിയമങ്ങള്‍ നിര്‍മ്മിക്കുന്ന സാഹചര്യത്തിലാണ് ഇത്. ദി ക്രിപ്റ്റോ കറന്‍സി ആന്‍റ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍ 2021 എന്ന പേരിലാണ് ബില്ല് വരുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യ ഔദ്യോഗികമായി ക്രിപ്റ്റോ കറന്‍സി ഇറക്കുന്നതിന് മുന്നേ അതിന് വേണ്ട ചട്ടക്കൂട് ഉണ്ടാക്കുന്ന രീതിയിലുള്ള നിയന്ത്രണങ്ങളാണ് ഈ ബില്ല് അവതരണത്തിലൂടെയും നിയമം പാസാക്കുന്നതിലൂടെയും ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ട്.