ടെക്‌നോളജി ഭീമന്‍ സാംസങ്ങിന്‍റെ ചൈനയിലുള്ള അവസാന ടിവി നിര്‍മ്മാണ ഫാക്ടറിയും പൂട്ടുന്നു. നിലവില്‍ ഒരേയൊരു ടിവി കമ്പ്യൂട്ടര്‍ നിര്‍മ്മാണ ഫാക്ടറിയേ സാംസങ്ങിന് ചൈനയിലുള്ളു. അത് നവംബറില്‍ പൂട്ടുകയാണെന്നാണ് കമ്പനിയുടെ വക്താവ് അറിയിച്ചു. ടിയാന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന സാംസങ് ഇലക്ട്രോണിക്‌സ് ടിവി എന്ന നിര്‍മാണ കേന്ദ്രമാണ് അടയ്ക്കാന്‍ പോകുന്നത്. 

ഇവിടെ 300 ജീവനക്കാരാണ് ഉള്ളത്. ചൈനയ്ക്കെതിരെ ആഗോള വ്യാപകമായി ഉയര്‍ന്നുവരുന്ന രാഷ്ട്രീയ കാലവസ്ഥയില്‍ വിതരണ ശൃംഖലയെ ബാധിക്കും എന്നതിനാലാണ് ഈ തീരുമാനം കൊറിയന്‍ ഇലക്ട്രോണിക് ഭീമന്‍ എടുക്കുന്നത് എന്നാണ് ഫോര്‍ബ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഷാന്‍ഹായില്‍ നിന്നും 60 മൈല്‍ അകലെയുള്ള സാംസങ്ങിന്‍റെ ഏറ്റവും വലിയ പേഴ്സണല്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാണ യൂണിറ്റ് ഓഗസ്റ്റ് ആദ്യവാരം പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സാംസങ്ങ് തീരുമാനിച്ചിരുന്നു. ഒരു കാലത്ത് 6500 പേര്‍ ജോലിയെടുത്തിരുന്ന ഈ ഫാക്ടറിയില്‍ ഇപ്പോള്‍ 1700 പേര്‍ മാത്രമാണ് പണിയെടുക്കുന്നത്.

അതേ സമയം സാംസങ്ങ് ടിവി യൂണിറ്റും ഉപേക്ഷിക്കുന്നതോടെ നിലവില്‍ സാംസങ്ങിന് ചൈനയില്‍ രണ്ട് നിര്‍മ്മാണ ഫാക്ടറികളാണ് അവശേഷിക്കുന്നത്. ഷൂഷ്വയിലെ ചിപ്പ് നിര്‍മ്മാണ യൂണിറ്റും, സിയാനിലെ ഗൃഹോപകരണ നിര്‍മ്മാണ ഫാക്ടറിയും. ഇവയുടെ കാര്യത്തിലും ഉടന്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.

അതേ സമയം തങ്ങളുടെ എല്‍സിഡി നിര്‍മ്മാണ വിഭാഗം സാംസങ്ങ് വിറ്റതിന്‍റെ ഫലമാണ് ടിവി നിര്‍മ്മാണ ഫാക്ടറി അടയ്ക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. സാംസങ്ങിന്‍റെ ഡിസ് പ്ലേ വിഭാഗം അതിന്‍റെ ഷൂഷ്വയിലെ എല്‍സിഡി നിര്‍മ്മാണ യൂണിറ്റിന്‍റെ ഭൂരിഭാഗവും ടിസിഎല്ലിന് വിറ്റിരുന്നു. ഈ വര്‍ഷം അവസാനത്തോടെ എല്‍സിഡി ഡിസ് പ്ലേ നിര്‍മ്മാണ രംഗത്ത് നിന്നും പൂര്‍ണ്ണമായി പിന്‍മാറാനാണ് സാംസങ്ങ് തീരുമാനം.