ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ടിക്ടോക്കിനെ ആര് വാങ്ങും എന്ന ചര്‍ച്ച അതിന്‍റെ അവസാനഘട്ടത്തിലാണ്. ഇതുവരെ രണ്ട് കക്ഷികളാണ് ഈ പ്രക്രിയയില്‍ മുന്നിലുണ്ടായിരുന്നെങ്കില്‍ മൂന്നാമത് ഒരു കക്ഷിയുടെ കടന്നുവരവോടെ വാദ ചൈനീസ് വിഡിയോ ഷെയറിങ് ആപ്പിന് വേണ്ടി മത്സരം മുറുകുന്നു എന്നാണ് സൂചന. മൈക്രോസോഫ്റ്റും വാള്‍മാര്‍ട്ടും ചേര്‍ന്നാണ് ടിക്ടോക്കില്‍ താല്‍പ്പര്യം കാണിക്കുന്ന പ്രധാന കക്ഷികള്‍. ഒറാക്കിളാണ് മറ്റൊരു ടീം. എന്നാല്‍ ഇപ്പോഴിതാ മൂന്നാമത് ഒരു സംഘം രംഗത്ത്.

സെന്‍ട്രിക്കസ് അസെറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ്, ട്രില്ലര്‍ ഇങ്ക് എന്നീ കമ്പനികളാണ് രംഗത്ത് വന്നിരിക്കുന്നത്. ഇവരുടെ കടന്നുവരവ് ടിക് ടോക്കിന്‍റെ അമേരിക്കയിലെ കച്ചവടത്തില്‍ ഒരു വഴിത്തിരിവ് ഉണ്ടാക്കിയിരിക്കുകയാണ്. ടെക് പാശ്ചത്തലമൊന്നും ഇല്ലാത്ത ഈ കമ്പനികള്‍ ചിലപ്പോള്‍ മൈക്രോസോഫ്റ്റിനെയും ഒറാക്കിളിനെയും ഒക്കെ പിന്തള്ളി ബൈറ്റ്ഡാന്‍സിന്‍റെ കൈയ്യില്‍ നിന്നും ടിക് ടോക്കിനെ വാങ്ങിയേക്കും എന്ന് ചില വിപണി വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

പക്ഷെ ഇതിലെ പ്രധാനകാര്യം സെന്‍ട്രിക്കസ് അസെറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ്, ട്രില്ലര്‍ ഇങ്ക് എന്നീ കമ്പനികളാണ്  ടിക് ടോക്കിന്‍റെ അമേരിക്കന്‍ ബിസിനസ് വാങ്ങുന്നതെങ്കില്‍ നിരാശയിലായ ഇന്ത്യയിലെ ടിക്ടോക്കിനും ആശ്വാസത്തിന് വകയുണ്ട്. വലിയ പദ്ധതിയാണ് ഈ കമ്പനികള്‍ ആവിഷ്കരിക്കുന്നത്. പല രാജ്യങ്ങളിലെ ടിക്‌ടോകിന്റെ പ്രവര്‍ത്തനം വാങ്ങാനായി അവര്‍ 2000 കോടി ഡോളര്‍ മുടക്കാന്‍ ഇവര്‍ക്ക് പദ്ധതിയുണ്ടത്രെ.

അതായത് അമേരിക്ക, ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവടങ്ങളിലെ പ്രവര്‍ത്തനവകാശത്തിന് 1000 കോടി ഡോളര്‍ പണമായും മറ്റൊരു 1000 കോടി ലാഭം പങ്കുവയ്ക്കലിലൂടെയും നല്‍കാമെന്നാണ് സെന്‍ട്രിക്കസും ട്രില്ലറും മുന്നോട്ട് വയ്ക്കുന്ന ഓഫര്‍. എന്നാല്‍ ഇപ്പോഴും ടിക്‌ടോകിന് ബൈറ്റ്ഡാന്‍സ് ഇട്ടിരിക്കുന്ന വില 5000 കോടി ഡോളറാണ്. അതിനാല്‍ തന്നെ ഇത് എത്രത്തോളം നടക്കുമെന്ന് കണ്ടറിയണം.

അതേ സമയം ടിക്‌ടോക് ട്രംപ് ഗവണ്‍മെന്റിനെതിരെ കോടതിയില്‍ നല്‍കിയിരിക്കുന്ന കേസ്, ആപ്പിന്റെ വില്‍പ്പന സങ്കീര്‍ണ്ണമാക്കിയിരിക്കുന്നതായും വാര്‍ത്തകള്‍ പറയുന്നു. എന്നാല്‍, ടിക്‌ടോക് മേധാവി കെവിന്‍ മേയര്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. 

ഇത് കച്ചവടം ഉറപ്പിക്കാന്‍ പോകുന്നതിന്റെ സൂചനയായും വ്യാഖ്യാനിക്കപ്പെടുന്നു. സെപ്റ്റംബര്‍ 15ന് പ്രവര്‍ത്തനം നിർത്തിക്കോളണമെന്നാണ് ടിക്‌ടോകിന് അമേരിക്കന്‍ ഗവണ്‍മെന്റ് നല്‍കിയിരിക്കുന്ന അവസാന ദിവസം.