സന്‍ഫ്രാന്‍സിസ്കോ: പുതുവര്‍ഷ രാത്രിയില്‍ വാട്ട്സ്ആപ്പ് ഓഡിയോ വീഡിയോ കോളുകളില്‍ 50 ശതമാനം വര്‍ധനവുണ്ടായെന്ന് വാട്ട്സ്ആപ്പ് ഉടമകളായ ഫേസ്ബുക്ക്. കഴിഞ്ഞ വര്‍ഷത്തെ നിരക്കുമായി താരതമ്യം ചെയ്താണ് ഈ റിപ്പോര്‍ട്ട്.  ആഗോളതലത്തില്‍ പുതുവര്‍ഷ രാത്രിയില്‍ 140 കോടിയിലധികം വീഡിയോ കോളുകളും വോയ്‌സ് കോളുകളുമാണ് ഉപയോക്താക്കൾ ചെയ്തത് എന്നാണ് ഫേസ്ബുക്ക് പുറത്തുവിട്ട കണക്കുകൾ പറയുന്നത്. 

ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമായി 5.5 കോടി ലൈവ് ബ്രോഡ്കാസ്റ്റുകളും നടന്നു. വലിയൊരു വിഭാഗം ആളുകളും കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് പുതുവര്‍ഷത്തെ വരവേറ്റതാണ് ഈ വര്‍ധനവിന് കാരണമെന്ന് റിപ്പോർട്ട് പറയുന്നു. 

പ്രീയപ്പെട്ടവരെ കാണാനും സംസാരിക്കാനും വലിയൊരു വിഭാഗം ഉപയോക്താക്കളും വാട്‌സാപ്പ് വീഡിയോ കോള്‍ സേവനം പുതുവര്‍ഷദിനത്തില്‍ പ്രയോജനപ്പെടുത്തി. ഫേസ്ബുക്ക് എഞ്ചിനീയറിങ് വിഭാഗത്തിന് വോയ്‌സ് കോള്‍, വീഡിയോകോള്‍,  ബ്രോഡ്കാസ്റ്റിങ് സേവനങ്ങളുടെ ഉപയോഗത്തില്‍ പെട്ടന്നുണ്ടായ വര്‍ധനവ് കൈക്കാര്യം ചെയ്യാനും ഇതിൽ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെന്ന് ഫേസ്ബുക്ക് ടെക്‌നിക്കല്‍ പ്രോഗ്രാം മാനേജര്‍ കെയ്റ്റ്‌ലിന്‍ ബാന്‍ഫോര്‍ഡ് പറഞ്ഞു.