Asianet News MalayalamAsianet News Malayalam

ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് ഭീഷണിയായി 'ഫ്ലൂബോട്ട്'; കെണിയില്‍ വീഴാതിരിക്കാന്‍ ചെയ്യേണ്ടത്

എസ്എംഎസ് രൂപത്തിലാണ് ഈ മാല്‍വെയര്‍ നിങ്ങളുടെ ഫോണില്‍ എത്തുക. നിങ്ങളുടെ ടെലികോം ഓപ്പറേറ്റര്‍ അയക്കുന്ന പോലുള്ള സന്ദേശമായിരിക്കും ഇത്. നിങ്ങള്‍ക്ക് മറ്റൊരു ഉപയോക്താവ് അയക്കുന്ന വോയിസ് മെയിലുകള്‍ കേള്‍ക്കാന്‍ ഈ ലിങ്ക് ഉപയോഗിക്കാം എന്നതായിരിക്കും ഈ എസ്എംഎസിന്‍റെ രത്നചുരുക്കം.

Your phone hit by Dangerous Flubot malware Know how to fight hackers
Author
New Delhi, First Published Oct 3, 2021, 7:36 PM IST

ദില്ലി: ലോകമെങ്ങുമുള്ള ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് (Android Phone) ഭീഷണിയായി ഫ്ലൂബോട്ട് മാല്‍വെയറുകള്‍ ( Flubot malware) വീണ്ടും. ഇത് സംബന്ധിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയത് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ട്രെന്‍റ് മൈക്രോയാണ്. ഇതിന് പിന്നാലെ ന്യൂസിലാന്‍റിലെ സര്‍ക്കാര്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയായ സിഇആര്‍ടി ന്യൂസിലാന്‍റ്  (CERT NZ)  മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഫ്ലൂബോട്ടില്‍ നിന്നും രക്ഷനേടാന്‍ ജാഗ്രത പാലിക്കാന്‍ ഇവരുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തിട്ടുണ്ട്.

എസ്എംഎസ് രൂപത്തിലാണ് ഈ മാല്‍വെയര്‍ നിങ്ങളുടെ ഫോണില്‍ എത്തുക. നിങ്ങളുടെ ടെലികോം ഓപ്പറേറ്റര്‍ അയക്കുന്ന പോലുള്ള സന്ദേശമായിരിക്കും ഇത്. നിങ്ങള്‍ക്ക് മറ്റൊരു ഉപയോക്താവ് അയക്കുന്ന വോയിസ് മെയിലുകള്‍ കേള്‍ക്കാന്‍ ഈ ലിങ്ക് ഉപയോഗിക്കാം എന്നതായിരിക്കും ഈ എസ്എംഎസിന്‍റെ രത്നചുരുക്കം. എന്നാല്‍ ഇതിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ഫോണ്‍ ഫ്ലൂബോട്ട് മാല്‍വെയറിന്‍റെ പിടിയിലാകും.

ഫ്ലൂബോട്ട് മാല്‍വെയര്‍ ഉപയോഗിച്ച് ഫോണിലെ സാമ്പത്തിക ഇടപാട് ലോഗിനുകള്‍, പാസ്വേര്‍ഡുകള്‍, സന്ദേശങ്ങളുടെ ഉള്ളടക്കങ്ങള്‍ എന്നിവ വിദൂരതയിലെ മറ്റൊരിടത്തുനിന്നും മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ ഇത്തരം ഒരു മാല്‍വെയര്‍ സാന്നിധ്യം ഒരിക്കലും ഫോണ്‍ ഉപയോഗിക്കുന്നയാള്‍ അറിയുകയും ചെയ്യില്ല. 

അതേ സമയം ചിലപ്പോള്‍ ഈ മാല്‍വെയര്‍ നിങ്ങളുടെ ഫോണിനെ പൂര്‍ണ്ണമായും കീഴടക്കാന്‍ പരാജയപ്പെട്ടേക്കാം. ഈ സമയം മാല്‍വെയറിനെതിരെ ആന്‍ഡ്രോയ്ഡ് അപ്ഡേറ്റ് സന്ദേശം പോപ്പ് അപ്പായി നല്‍കി. അതില്‍ ഫോണ്‍ ഉപയോഗിക്കുന്നയാളെ ക്ലിക്ക് ചെയ്യിച്ച് ഈ മാല്‍വെയര്‍ പൂര്‍ണ്ണക്ഷമതയില്‍ എത്തും എന്നാണ്  സെക്യൂരിറ്റി സ്ഥാപനമായ ട്രെന്‍റ് മൈക്രോ പറയുന്നത്. ഇത് ഫ്ലൂബോട്ടിന്‍റെ പുതിയ രീതിയാണെന്നും ഇവര്‍ പറയുന്നു. 

ഇത്തരം ഫ്ലൂബോട്ട് ഫോണില്‍ ബാധിച്ചുവെന്ന് സംശയം ഉണ്ടെങ്കില്‍ ആവശ്യമായ ഡാറ്റകള്‍ ബാക്ക് അപ് ചെയ്ത് ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്യണം എന്നാണ് ന്യൂസിലാന്‍റിലെ സര്‍ക്കാര്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയായ സിഇആര്‍ടി ന്യൂസിലാന്‍റ് ജാഗ്രത സന്ദേശത്തില്‍ പറയുന്നത്.

Follow Us:
Download App:
  • android
  • ios