ഉള്ളടക്കങ്ങള്‍ അവസാനമില്ലാതെ വന്നുകൊണ്ടിരിക്കുന്ന ഇന്‍ഫിനിറ്റ് സ്‌ക്രോള്‍, ഒരു വിഡിയോ കഴിഞ്ഞാല്‍ അടുത്തത് തനിയെ പ്ലേ ആകുന്ന ഓട്ടോപ്ലേ തുടങ്ങിയ ഫീച്ചറുകള്‍ കുട്ടികളെ ഇതിലേക്ക് നിര്‍ബന്ധിതമായി ആകര്‍ഷിക്കുന്നു എന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.

വാഷിംഗ്ടണ്‍: കാഴ്ചക്കാരില്‍ മാനസിക അടിമത്തം ഉണ്ടാക്കുന്ന രീതിയിലാണ് യൂ ട്യൂബ് ആപ്പ് രൂപകല്‍പ്പന ചെയ്തത് എന്നാരോപിച്ച് അമേരിക്കയില്‍ 15-കാരന്‍ നല്‍കിയ കേസില്‍ യൂട്യൂബ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിലെത്തി. തര്‍ക്കം രമ്യമായി പരിഹരിച്ചുവെന്നും കുട്ടികള്‍ക്കായി കൂടുതല്‍ സുരക്ഷിതത്വ സംവിധാനങ്ങളും രക്ഷാകര്‍തൃ നിയന്ത്രണങ്ങളും ഒരുക്കുമെന്നും ഗൂഗിള്‍ വക്താവ് അറിയിച്ചു. എന്നാല്‍ ഒത്തുതീര്‍പ്പ് തുക എത്രയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫ്‌ലോറിഡ സ്വദേശിയായ 15-കാരനാണ് ഗൂഗിളിനെതിരെ കേസ് നല്‍കിയത്. ആര്‍കെസി എന്ന ചുരുക്കപ്പേരിലാണ് ഈ കൗമാരക്കാരന്‍ കോടതി കോടതി രേഖകളില്‍ അറിയപ്പെടുന്നത്. മെറ്റ, ടിക്‌ടോക്, സ്‌നാപ്ചാറ്റ് എന്നിവയ്ക്കെതിരെയും ഈ കൗമാരക്കാരന്‍ സമാനമായ കേസ് നല്‍കിയിട്ടുണ്ട്. ഇതിന്റെ വിചാരണ ജൂലൈ 27-ന് ലോസ് ആഞ്ചലസില്‍ ആരംഭിക്കും. ഇതിന് തൊട്ടുമുമ്പായാണ് യൂട്യൂബ് കോടതിക്കു പുറത്ത് കേസ് ഒത്തുതീര്‍ത്തത്.

യൂട്യൂബ് അടക്കമുള്ള സോഷ്യല്‍ മീഡിയ ആപ്പുകളിലെ ഫീച്ചറുകള്‍ മാനസിക അടിമത്തം വളര്‍ത്താവുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തത് എന്നായിരുന്നു ഈ 15 കാരന്റെ വാദം. ഉള്ളടക്കങ്ങള്‍ അവസാനമില്ലാതെ വന്നുകൊണ്ടിരിക്കുന്ന ഇന്‍ഫിനിറ്റ് സ്‌ക്രോള്‍, ഒരു വിഡിയോ കഴിഞ്ഞാല്‍ അടുത്തത് തനിയെ പ്ലേ ആകുന്ന ഓട്ടോപ്ലേ തുടങ്ങിയ ഫീച്ചറുകള്‍ കുട്ടികളെ ഇതിലേക്ക് നിര്‍ബന്ധിതമായി ആകര്‍ഷിക്കുന്നു എന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. കുട്ടികളില്‍ കടുത്ത വിഷാദരോഗം, ഉറക്കമില്ലായ്മ, മാനസിക സമ്മര്‍ദ്ദം എന്നിവയ്ക്ക് ഇത് കാരണമാകുന്നുവെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാണിച്ചു.

കുട്ടികളെ വളരെ നേരത്തെ ആപ്പുകളിലേക്ക് ആകര്‍ഷിക്കാനും അവരുടെ സ്‌ക്രീന്‍ സമയം പരമാവധി വര്‍ദ്ധിപ്പിക്കാനും ഈ സോഷ്യല്‍ മീഡിയ കമ്പനികള്‍ വര്‍ഷങ്ങളായി ആസൂത്രിതമായി തന്ത്രങ്ങള്‍ മെനയുകയാണെന്ന് കുട്ടിയുടെ അഭിഭാഷകരായ ജോണ്‍ മോര്‍ഗനും എമിലി ജെഫ്കോട്ടും ആരോപിച്ചു. വിചാരണയ്ക്ക് തൊട്ടുമുമ്പ് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള യൂട്യൂബിന്റെ തീരുമാനം അവരുടെ വീഴ്ചകള്‍ തുറന്നുസമ്മതിക്കുന്നതാണെന്നും അഭിഭാഷകര്‍ പറഞ്ഞു.

സമാനമായ കേസില്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കാലിഫോര്‍ണിയയിലെ ഒരു കോടതി മെറ്റയ്ക്കും യൂട്യൂബിനും എതിരായി വിധി പുറപ്പെടുവിച്ചിരുന്നു. ആപ്പുകള്‍ക്ക് അടിമയായ 20-കാരിക്ക് 6 മില്യണ്‍ ഡോളര്‍ (ഏകദേശം 50 കോടി രൂപ) നഷ്ടപരിഹാരം നല്‍കാനായിരുന്നു കോടതി വിധി. ഇതിന് പിന്നാലെ ന്യൂ മെക്‌സിക്കോയിലെ കോടതി കുട്ടികളുടെ സുരക്ഷാ കാര്യങ്ങളില്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിന് മെറ്റയോട് 375 മില്യണ്‍ ഡോളര്‍ പിഴയൊടുക്കാനും ഉത്തരവിട്ടിരുന്നു.

ഇത്തരം തിരിച്ചടി ഭയന്നാണ് യൂട്യൂബ് ഇപ്പോള്‍ കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പിന് തയ്യാറായതെന്നാണ് വിലയിരുത്തല്‍. അമേരിക്കയിലുടനീളം വിവിധ സ്‌കൂള്‍ ഡിസ്ട്രിക്റ്റുകളും വ്യക്തികളും നല്‍കിയ മൂവായിരത്തിലധികം സമാനമായ കേസുകളാണ് നിലവില്‍ വിവിധ കോടതികളുടെ പരിഗണനയിലുള്ളത്.