പ്രായം അമ്പത് കടക്കുമ്പോഴേക്ക് വയസ്സായി എന്ന തോന്നലില്‍, സ്വയം തളര്‍ത്തുന്നവര്‍ അറിയണം ടാവോ പോര്‍ച്ചോണ്‍ ലിഞ്ച് എന്ന സ്ത്രീയുടെ കഥ. തന്റെ നൂറാം വയസിലാണ് പോര്‍ച്ചോണ്‍ കുട്ടികളെ യോഗ അഭ്യസിപ്പിക്കുകയും നൃത്തം ചെയ്യുന്നതുമെല്ലാം. പ്രായത്തെ വെല്ലുവിളിച്ചുകൊണ്ട് ജീവിതം ആഘോഷിക്കുകയെന്നതാണ് പോര്‍ച്ചോണിന്റെ പോളിസി.

ഇന്ത്യയിലും ഫ്രാന്‍സിലുമായി വേരുകളുള്ള പോര്‍ച്ചോണ്‍, ജനിച്ചത് പോണ്ടിച്ചേരിയിലാണ്. ഇന്ത്യയില്‍ വച്ച് വളരെ ചെറുപ്പത്തില്‍ തന്നെ യോഗയെക്കുറിച്ച് മനസിലാക്കി, അത് പഠിക്കാനാരംഭിച്ചു. 

കൗമാരകാലമായപ്പോഴേക്കും അവര്‍ യോഗ ടീച്ചറായി. ശരീരത്തെ ഏതുരീതിയിലും വഴക്കമുള്ളതാക്കി മാറ്റാന്‍ പുരുഷന്മാര്‍ക്ക് കഴിയുമെങ്കില്‍ അത് സ്ത്രീകള്‍ക്കുമാകുമെന്ന് ആ കാലത്ത് തന്നെ അവര്‍ വാദിച്ചു. പിന്നീട് ജിവിതത്തിന്റെ ഓരോ ഘട്ടത്തിലും, ഉയര്‍ച്ചകളിലും താഴ്ചകളിലുമെല്ലാം യോഗ കൂടെക്കൊണ്ടുനടന്നു. 

'യോഗ എനിക്ക് ജീവിതത്തിന്റെ സന്തോഷമാണ്. മെയ്വഴക്കം മാത്രമല്ല അത്, ഉള്ളില്‍ നമ്മള്‍ എന്താണോ അതിന്റെയൊരു ആവിഷ്‌കാരം കൂടിയാണ് യോഗ' - പോര്‍ച്ചോണ്‍ പറയുന്നു. 

പ്രായം കൂടും തോറും പോര്‍ച്ചോണിന് യോഗയോടും നൃത്തത്തോടുമുള്ള അഭിനിവേശം കൂടിയതേയുള്ളൂ. 

'എനിക്ക് ഇപ്പോഴും എപ്പോഴും എനിക്കെന്തെങ്കിലും മാറ്റമുള്ളതായി തോന്നുന്നില്ല. ഇപ്പോള്‍ നൂറ് വയസായി. എനിക്ക് ഒട്ടും പേടിയില്ല. യോഗ ചെയ്യുന്നതും അത് അഭ്യസിപ്പിക്കുന്നതും തുടരാന്‍ തന്നെയാണ് തീരുമാനം'- നൂറാം വയസിലും തിളങ്ങുന്ന ആത്മവിശ്വാസത്തോടെ പോര്‍ച്ചോണ്‍ പറയുന്നു.