Asianet News MalayalamAsianet News Malayalam

'ജീവിച്ചിരുന്നപ്പോള്‍ ആരാധകര്‍ ആഘോഷിച്ച ശരീരം; പ്രാണന്‍ പോയപ്പോള്‍ ആര്‍ക്കും വേണ്ട'

'പത്രപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായിരുന്നു ജി എ ലാല്‍ ഒരിക്കല്‍ അവരോട് ഒരു അഭിമുഖം ചോദിച്ചിട്ടുണ്ട്. കടുത്ത നിഷേധമായിരുന്നു മറുപടി. ലാല്‍ അപ്പോള്‍ പറഞ്ഞു- എനിക്ക് വിജയലക്ഷ്മിയുടെ അഭിമുഖം ആണ് വേണ്ടത്. ലാലിനെ നിമിഷങ്ങളോളം നോക്കിനിന്ന് കൊണ്ട് അവര്‍ പറഞ്ഞു... വിജയലക്ഷ്മി ഇരന്തു പോച്....'

facebook note about actress silk smitha
Author
Trivandrum, First Published Sep 25, 2019, 2:33 PM IST
  • Facebook
  • Twitter
  • Whatsapp

ഒരു 'ഐറ്റം താരം' എന്ന നിലയ്ക്കാണ് സിനിമയില്‍ തുടര്‍ന്നിരുന്ന കാലമത്രയും സില്‍ക്ക് സ്മിത കണക്കാക്കപ്പെട്ടത്. മരിച്ചുകഴിഞ്ഞും അവര്‍ ആ പേരില്‍ത്തന്നെ അറിയപ്പെട്ടു. എന്നാല്‍ സിനിമയെ ഒരു തൊഴില്‍മേഖലയായും അഭിനയത്തെ ഒരു തൊഴിലായും ഒപ്പം തന്നെ അതില്‍ കലയ്ക്കുള്ള പ്രാധാന്യവും തിരിച്ചറിയുന്ന ഈ കാലത്ത് സ്മിതയെ പുതിയ തലമുറ തെല്ല് ബഹുമാനത്തോടെയാണ് ഓര്‍ക്കുന്നത്. 

ഇന്ന്, സണ്ണി ലിയോണ്‍ എന്ന പോണ്‍ താരത്തിന് കിട്ടുന്ന സ്വീകാര്യത മാത്രം ശ്രദ്ധിച്ചാല്‍ മതി. ഒരു പോണ്‍ താരമായിട്ടുകൂടി അവര്‍ സാമൂഹികമായി എത്രമാത്രം അംഗീകരിക്കപ്പെടുന്നുണ്ട്. എന്നാല്‍ സ്മിത സിനിമയില്‍ തിളങ്ങിനിന്നിരുന്ന കാലം അതായിരുന്നില്ല. 

സിനിമ- അത്രമാത്രം സ്ത്രീ സൗഹാര്‍ദ്ദമായിരുന്നില്ലാത്ത കാലത്ത്, ആദ്യം സൂചിപ്പിച്ചത് പോലെ ഒരു 'ഐറ്റം താര'മായി നിലനില്‍ക്കേണ്ടി വരുമ്പോള്‍ അവര്‍ നേരിട്ടിട്ടുണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍, പ്രതിസന്ധികള്‍, വൈകാരികമായ വിഷമതകള്‍- എല്ലാം ഇന്നിന്റെ പുതിയ വീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. 

ഈ ചര്‍ച്ചകളെയെല്ലാം ഒന്ന് തൊട്ടുപോകും പോലെയാണ് തിരക്കഥാകൃത്തും സംവിധായകനുമായ കലവൂര്‍ രവികുമാറിന്റെ കുറിപ്പ്. സ്മിതയെക്കുറിച്ച് രവികുമാര്‍ മുമ്പ് എഴുതിയ കുറിപ്പാണിത്. സ്മിതയുടെ ഓര്‍മ്മദിവസമെത്തിയതോടെയാണ് വീണ്ടും പഴയ എഴുത്ത് അദ്ദേഹം പങ്കുവച്ചത്. വെള്ളിത്തിരയുടെ പകിട്ടില്‍ നിന്ന് മരണത്തിന്റെ നിശബ്ദതയിലെത്തുമ്പോള്‍ സ്മിത എന്ന വ്യക്തി എത്രമാത്രം ഒറ്റയായിത്തീര്‍ന്നുവെന്ന രവികുമാറിന്റെ വാക്കുകളിലൂടെ നമുക്ക് മനസിലാക്കാം.

കലവൂര്‍ രവികുമാറിന്റെ കുറിപ്പ്...

ഒരു സെപ്റ്റംബര്‍ ഇരുപത്തിമൂന്നാം തിയതി കടന്നു പോയ സില്‍ക്ക് സ്മിതയെ കുറിച്ച് സഹതാരം അനുരാധയുടെ ചില ഓര്‍മ്മകള്‍ ഫേസ്ബുക്കില്‍ വായിച്ചു.

സില്‍ക്ക് സ്മിത ഒരു കാലത്തെ നമ്മുടെ സണ്ണി ലിയോണ്‍ ആയിരുന്നല്ലോ. സണ്ണി ലിയോണിനെ കാത്തുനിന്ന പോലെ അന്ന് ആളുകള്‍ അവരെ കാത്തു നിന്ന് കണ്ടിട്ടുണ്ട്. അവര്‍ കടിച്ച ആപ്പിള്‍ വരെ ലേലം കൊണ്ടിട്ടുണ്ട്.

അതൊന്നുമല്ല പറയാന്‍ വന്നത്. എന്റെ ചില അനുഭവങ്ങളാണ്. പത്രപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായിരുന്നു ജി എ ലാല്‍ ഒരിക്കല്‍ അവരോടു ഒരു അഭിമുഖം ചോദിച്ചിട്ടുണ്ട്. കടുത്ത നിഷേധമായിരുന്നു മറുപടി. ലാല്‍ അപ്പോള്‍ പറഞ്ഞു- എനിക്ക് വിജയലക്ഷ്മിയുടെ അഭിമുഖം ആണു വേണ്ടത്. ലാലിനെ നിമിഷങ്ങളോളം നോക്കി നിന്ന് കൊണ്ട് അവര്‍ പറഞ്ഞു... വിജയലക്ഷ്മി ഇരന്തു പോച്....

ആന്ധ്രയിലെ ഏതോ ഗ്രാമത്തില്‍ നിന്ന് കോടമ്പാക്കത്തെത്തിയ വിജയലക്ഷ്മി എന്ന നാടന്‍ പെണ്‍കിടാവിനെ സിനിമ സില്‍ക്ക് സ്മിതയായി മാറ്റിപ്പണിയുകയായിരുന്നല്ലോ. അപ്പോഴും അവര്‍ വിജയലക്ഷമിയെ സ്നേഹിച്ചിരുന്നിരിക്കണം. അല്ലെങ്കില്‍ ആ പെണ്‍കുട്ടി മരിച്ചുപോയെന്ന് അവര്‍ പറയുമായിരുന്നോ. സ്‌നേഹത്തിന്റെ സങ്കടക്കടലില്‍ ഉഴലുമ്പോഴാണല്ലോ നമ്മള്‍ നമ്മെ തന്നെ കൊന്നു കളയുന്നത്....

ഒടുവില്‍ സില്‍ക്ക് സ്മിത, സില്‍ക്ക് സ്മിതയോട് ചെയ്തതും അത് തന്നെ. അവര്‍ ഒരു സാരി തുമ്പില്‍ അവരെ കെട്ടി തൂക്കി നമുക്കുള്ള അവസാന കാഴ്ച്ചയായി...

ഞാന്‍ അന്ന് പത്രപ്രവര്‍ത്തകന്റെ വേഷത്തില്‍ മദ്രാസില്‍ ഉണ്ട്. അവരുടെ മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ജോണ്‍സന്‍ ചിറമ്മല്‍ തിരിച്ചു വന്നു വിഷണ്ണനായി.... ആശുപതിയില്‍ മൃതദേഹത്തിനടുത്തു അങ്ങനെ ആരുമില്ല....

ഞാന്‍ അപ്പോള്‍ അറിയാതെ പറഞ്ഞു- ജീവിച്ചിരുന്നപ്പോള്‍ ആരധകര്‍ ആഘോഷിച്ച ആ ശരീരം, പ്രാണന്‍ പോയപ്പോള്‍ അവര്‍ക്കും വേണ്ടാ. അത് എഴുതൂ ജോണ്‍സാ.... ജോണ്‍സന്‍ പിന്നെ മൂകനായിരുന്നു ആ വാര്‍ത്ത എഴുതുന്നത് കണ്ടു.

നക്ഷത്രങ്ങളുടെ ആല്‍ബം എന്ന എന്റെ നോവലില്‍ സുചിത്ര എന്ന നടിയുണ്ട്. കോടമ്പാക്കം മാറ്റി തീര്‍ത്ത ഒരു ജീവിതം. അവര്‍ സ്മിതയല്ല. അവരെ പോലുള്ള ഒരാള്‍. 

സ്മിത മരിച്ച രാത്രിയില്‍ ഞാനും സുഹൃത്തായ ഷാജനും കോടമ്പാക്കത്തൂടെ നടന്നത് ഓര്‍ക്കുന്നു. അവിടെ ആരും സ്മിതയെ കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നില്ല. കോടമ്പാക്കം വിജയലക്ഷ്മിമാരുടെ ശവപ്പറമ്പായിരുന്നു. ജോര്‍ജ് സാര്‍ ലേഖയുടെ മരണത്തില്‍ അത് വരച്ചിട്ടിട്ടുണ്ട്.... ഞാനീ പറയുന്നതിനേക്കാള്‍ ഹൃദയസ്പൃക്കായി....

സില്‍ക്ക് സ്മിതയും ആ സിനിമയും ഒക്കെ... ഹോ വല്ലാത്ത ഓര്‍മ്മകള്‍ തന്നെ.

Follow Us:
Download App:
  • android
  • ios