Asianet News MalayalamAsianet News Malayalam

ഇഷ്ടമുളള വസ്ത്രം ധരിക്കാൻ സ്ത്രീകൾ ആരെയാണ് പേടിക്കേണ്ടത്; തുറന്നെഴുതി ജോമോൾ

ഇഷ്ടമുള്ള വസ്ത്രം പോലും ധരിക്കാനാവാതെ സങ്കടപ്പെട്ട് കഴിയുന്ന എത്രയോ പെൺകുട്ടികളാണ് സമൂഹത്തിൽ ഉള്ളതെന്ന് പറയുകയാണ് ജോമോൾ. പുരുഷ കേന്ദ്രീകൃത പൊതുബോധത്തിന്റെ, പുരുഷാധിപത്യ ചിന്തകളുടെ വക്താക്കളായി പലപ്പോഴും സ്ത്രീകളെ തന്നെ കാണാനാകും. 

jomol joseph viral face book post about dress
Author
Trivandrum, First Published Jul 15, 2019, 11:49 AM IST

തുറന്നെഴുത്തുകളിലൂടെ സൈബർ ലോകത്ത് ശ്രദ്ധേയയാണ് ജോമോൾ ജോസഫ്. പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ ജോമോൾ ഫേസ് ബുക്കിൽ തുറന്നെഴുതാറുണ്ട്. അത് കൊണ്ട് തന്നെ അന്ധമായ വിമർശനങ്ങൾക്കും ജോമോൾ ഇരയാകാറുണ്ട്.  ഇഷ്ടമുളള വസ്ത്രം ധരിക്കാൻ സ്ത്രീകൾ ആരെയാണ് പേടിക്കേണ്ടത് എന്ന വിഷയത്തിൽ ഒരു കുറിപ്പുമായി ജോമോൾ രംഗത്തെത്തിയിരിക്കുകയാണ്. 

ഇഷ്ടമുള്ള വസ്ത്രം പോലും ധരിക്കാനാവാതെ സങ്കടപ്പെട്ട് കഴിയുന്ന എത്രയോ പെൺകുട്ടികളാണ് സമൂഹത്തിൽ ഉള്ളതെന്ന് പറയുകയാണ് ജോമോൾ. പുരുഷ കേന്ദ്രീകൃത പൊതുബോധത്തിന്റെ, പുരുഷാധിപത്യ ചിന്തകളുടെ വക്താക്കളായി പലപ്പോഴും സ്ത്രീകളെ തന്നെ കാണാനാകും. 

ഒരു അടിമയും അറിയുന്നില്ല അടിമത്തത്തിന്റെ ചങ്ങലകളുടെ വേദന, ആ ചങ്ങലകൾ അഴിച്ചുമാറ്റിയാൽ, പൊട്ടിച്ചെറിഞ്ഞാൽ അവൾക്ക് ലഭിക്കുന്ന സ്വാതന്ത്ര്യത്തെ കുറിച്ച് പലരും ചിന്തിച്ചിട്ട് കൂടിയുണ്ടാകില്ലെന്ന് ജോമോൾ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. 

ജോമോളുടെ ഫേസ് ബുക്ക് പോസ്റ്റ് താഴേ ചേർക്കുന്നു...

ഇഷ്ടമുളള വസ്ത്രം ധരിക്കാൻ സ്ത്രീകൾ ആരെയാണ് പേടിക്കേണ്ടത്?

എത്രയോ പെൺകുട്ടികൾ അവരാഗ്രഹിക്കുന്ന, അവർക്കിഷ്ടമുളള വസ്ത്രം ധരിക്കാൻ കഴിയാതെ സങ്കടപ്പെടുന്നു. ആരാണ് സ്ത്രീകളുടെ ആഗ്രഹങ്ങൾക്ക് അതിരുകൾ നിശ്ചയിക്കുന്നത്? അവൾ അങ്ങനയേ ചെയ്യാവൂ, ഇങ്ങനെയേ നടക്കാവൂ, അങ്ങനെയേ ഇരിക്കാവൂ തുടങ്ങിയ നൂറു നൂറു നിബന്ധനകളും ചട്ടങ്ങളും അവൾക്ക് കൽപ്പിച്ച് നൽകുന്നതാരാണ്?

പുരുഷ കേന്ദ്രീകൃത പൊതുബോധത്തിന്റെ, പുരുഷാധിപത്യ ചിന്തകളുടെ വക്താക്കളായി പലപ്പോഴും സ്ത്രീകളെ തന്നെ കാണാനാകും. ഒരു അടിമയും അറിയുന്നില്ല അടിമത്തത്തിന്റെ ചങ്ങലകളുടെ വേദന, ആ ചങ്ങലകൾ അഴിച്ചുമാറ്റിയാൽ, പൊട്ടിച്ചെറിഞ്ഞാൽ അവൾക്ക് ലഭിക്കുന്ന സ്വാതന്ത്ര്യത്തെ കുറിച്ച് പലരും ചിന്തിച്ചിട്ട് കൂടിയുണ്ടാകില്ല.

സൃഷ്ടിക്കപ്പെടുന്ന മതിലുകളും മറകളും കൊണ്ടുള്ള ലോകം കാരാഗൃഹത്തിന് സമമാണ് എന്ന് തിരിച്ചറിയപ്പെടുന്നത് വരെയേ ഏതൊരു അടിമയും അടിമത്തത്തിൽ തുടരുകയുള്ളൂ. ആ തിരിച്ചറിവിൽ നിന്നും ലഭിക്കുന്ന സ്വാതന്ത്ര്യ ചിന്തകൾക്കായി, ആദ്യം സ്വതന്ത്രമായി ചിന്തിക്കാൻ സ്ത്രീകൾ ശീലിക്കേണ്ടിയിരിക്കുന്നു. 

സ്വതന്ത്ര ചിന്തകളുടെ പരിധികളോ അതിരുകളോ ആരാലും കൽപിച്ച് നൽകപ്പെടേണ്ട ഒന്നല്ല. മറിച്ച് ചിന്തകൾ സ്വതന്ത്രമായി സഞ്ചരിക്കുമ്പോൾ നമുക്ക് ലഭിക്കുന്ന അറിവുകളിൽ നിന്നും തന്നെയാണ് നമ്മുടെ സ്വതന്ത്ര ചിന്തകൾ രൂപപ്പെടേണ്ടത്. സ്വതന്ത്ര ചിന്തകളിൽ നിന്നും നമ്മുടെ നിലപാടുകളും രൂപപ്പെട്ടുവരും..

ഒരു വ്യക്തി ആ വ്യക്തിയായി ജീവിക്കുകയും ഇടപെടുകയും ചെയ്യുന്നതിനുമപ്പുറം എന്ത് സ്വാതന്ത്ര്യമാണ് നമുക്ക് വേണ്ടത്. വ്യക്തിസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന സ്ത്രീകളുൾപ്പെടുന്ന സമൂഹത്തെയാണ് സാക്ഷരകേരളമെന്നും, ഗോഡ്സ് ഓൺ കണ്ട്രിയെന്നും, നമ്പർ വൺ കേരളമെന്നും നമ്മൾ വിശേഷിപ്പിക്കുന്നത്. ഈ വിശേഷണങ്ങൾ മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നങ്ങൾ മാത്രമാണ്..

Follow Us:
Download App:
  • android
  • ios