Asianet News MalayalamAsianet News Malayalam

താലിയില്ലാ കല്യാണം! രണ്ടൊപ്പുകളുടെ ബലത്തിൽ ജീവിതം തുടങ്ങുന്നു; കുറിപ്പ് വൈറല്‍

കൈപിടിച്ചുതരാനോ കുരവയിടാനോ സിന്ദൂരം ചാർത്താനോ വരണമാല്യം അണിയിക്കാനോ ആളുകളില്ല. സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫോമിലെ പ്രസ്തുത കോളങ്ങളിൽ രജിസ്ട്രാറുടെ സാന്നിധ്യത്തോടെ ഒപ്പുവയ്ക്കുന്നതോടെ വിവാഹിതരാകുന്നു എന്നാണ് ഇരുവരും പറയുന്നത്. 

kerala couple sachin and Anagha wedding without dowry fb post viral
Author
Thiruvananthapuram, First Published Nov 5, 2021, 11:03 AM IST

സ്വര്‍ണം (gold) വാരി അണിയാതെ, ആർഭാടങ്ങളും ആഡംബരവും ഇല്ലാതെ രണ്ടൊപ്പുകളുടെ ബലത്തിൽ ജീവിതം തുടങ്ങുന്ന ഒരു യുവതിയും യുവാവും ആണ് ഇവിടെ മാതൃകയാകുന്നത്. അനഘ (anagha), സച്ചിൻ (sachin) എന്നിവരാണ് സ്വര്‍ണമോ താലിമാലയോ സിന്ദൂരമോ മറ്റ് ബാധ്യതകളോ ഒന്നുമില്ലാതെ വിവാഹ ഉടമ്പടിയിൽ ഒപ്പ് വച്ച് ലളിതമായ ചടങ്ങോടെ ജീവിതം തുടങ്ങാന്‍ തീരുമാനിച്ചത്. ഇവരുടെ വിവാഹത്തെക്കുറിച്ച് (wedding) സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.

യുക്തിവാദി എന്ന പേജിലാണ് ഇരുവരുടെയും വിവാഹ വാർത്ത പുറത്തുവന്നത്. കൈപിടിച്ചുതരാനോ കുരവയിടാനോ സിന്ദൂരം ചാർത്താനോ വരണമാല്യം അണിയിക്കാനോ ആളുകളില്ല. സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫോമിലെ പ്രസ്തുത കോളങ്ങളിൽ രജിസ്ട്രാറുടെ സാന്നിധ്യത്തോടെ ഒപ്പുവയ്ക്കുന്നതോടെ വിവാഹിതരാകുന്നു എന്നാണ് ഇരുവരും പറയുന്നത്. നാട്ടിൽ സാധാരണ കണ്ടുവരുന്ന വിവാഹ മഹാമഹങ്ങൾ കണ്ടുമടുത്തിട്ടും ആവശ്യമില്ലാത്ത ആചാരങ്ങൾ പിന്തുടരാൻ ഉദ്ദേശം ഇല്ലാതിരുന്നതിനാലുമാണ് ഈ തീരുമാനം എടുത്തതെന്നും സച്ചിന്‍ കുറിപ്പില്‍ വ്യക്തമാക്കി. 'സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രാജപുരം സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് നവംബർ 15 തിങ്കളാഴ്ച മുതൽ രണ്ടൊപ്പുകളുടെ ബലത്തിൽ ഞങ്ങൾ ഒരുമിച്ചുള്ള യാത്ര തുടങ്ങുകയാണ്' - സച്ചിന്‍ കുറിച്ചു. 

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

ഒരു താലിയില്ലാ കല്യാണം...

ഞങ്ങളൊരുമിച്ചു ജീവിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.. സ്വർണമോ താലിമാലയോ സിന്ദൂരമോ മറ്റു ബന്ധനങ്ങളോ ബാധ്യതകളോ ഒന്നുമില്ലാതെ, വളരെ ലളിതമായി രണ്ട് വ്യക്തികൾ വിവാഹ ഉടമ്പടിയിൽ ഒപ്പുവെക്കുന്ന ചടങ്ങ്.

ഇവിടെ കൈപിടിച്ചുതരാനോ കുരവയിടാനോ സിന്ദൂരം ചാർത്താനോ വരണമാല്യം അണിയിക്കാനോ ആളുകളില്ല.. സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫോമിലെ പ്രസ്തുത കോളങ്ങളിൽ രജിസ്ട്രാറുടെ സാന്നിധ്യത്തിൽ ഞങ്ങൾ ഒപ്പിടുന്നു, മംഗല്യം കഴിഞ്ഞു.

നാട്ടിൽ സാധാരണ കണ്ടുവരുന്ന കല്യാണ മഹാമഹങ്ങൾ കണ്ട് മനസ്സ് മടുത്തിട്ടും മനുഷ്യനാവശ്യമില്ലാത്ത ഒരു ആചാരങ്ങളും പിന്തുടരാൻ ഉദ്ദേശമില്ലാത്തതിനാലും ഇതല്ല എന്റെ വഴി എന്ന് അന്നേ ഉറപ്പിച്ചിരുന്നു. രണ്ട് മനുഷ്യർക്ക് ഒരുമിച്ചു ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അതിനു വിലങ്ങുതടിയായി എന്തൊക്കെ ആചാരങ്ങളും ബാധ്യതകളുമാണ് സമൂഹം കൽപ്പിച്ചു കൊടുത്തിരിക്കുന്നത്.

താലിയും സിന്ദൂരവും എന്നു തുടങ്ങി, സ്ത്രീവിരുദ്ധ ആചാരങ്ങളുടെ ഘോഷയാത്രയാണ് കൺമുന്നിൽ കാണുന്ന ഓരോ വിവാഹങ്ങളും. അങ്ങനെ വിവാഹിതരായവരെ ഞാൻ കുറ്റം പറയുന്നതല്ല, അതല്ലാതെ മറ്റൊരു ഓപ്‌ഷൻ അവർക്കുമുന്നിലില്ലായിരുന്നു . കാരണം കാലങ്ങളായി വിവാഹം എന്നാൽ എങ്ങനെയായിരിക്കണം എന്നൊരു അലിഖിത നിയമമുണ്ട്.. മനുഷ്യനൊരു സാമൂഹിക ജീവി ആയതിനാലും റിസ്ക് എടുക്കാൻ ഇഷ്ടപ്പെടാത്തതിനാലും അതിൽ നിന്നും മാറി നടക്കാൻ ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്നില്ല അല്ലെങ്കിൽ സാധ്യമാവുന്നില്ല.

ഒളിച്ചോട്ടമായാലും സ്വാഭാവികവിവാഹമായാലും താലിയും സിന്ദൂരവും നിർബന്ധമാണ്. അതില്ലാത്തൊരു വിവാഹം ചിന്തിക്കാൻ പോലും പറ്റാത്തതും. കല്യാണമെന്ന നിലവിലെ രീതിയോട് യോജിക്കാതിരിക്കാൻ വേറെയും കാരണങ്ങളുണ്ട്. സമ്പത്തുള്ളവനും സമ്പത്തില്ലാത്തവനും കല്യാണമെന്നാൽ ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഒരുത്സവമാണ്. അല്ലെങ്കിൽ അങ്ങനെയാവണമെന്നു നിർബന്ധം പിടിക്കുന്നു.

പണമുള്ളവൻ തന്റെ സമ്പാദ്യത്തിലെ ഒരു ഭാഗം അതിനുവേണ്ടി മാറ്റിവെക്കുമ്പോൾ പണമില്ലാത്തവൻ തന്റെ ജീവിത സമ്പാദ്യം വിറ്റു പെറുക്കിയും കടം വാങ്ങിയും കല്യാണ ഉത്സവം ഗംഭീരമാക്കുന്നു. നാട്ടുകാരും സുഹൃത്തുക്കളും ആഘോഷമാക്കുന്നു, ശേഷം പിരിഞ്ഞുപോവുന്നു. അതിനു ശേഷം വിവാഹം ഉണ്ടാക്കിയ പ്രാരാബ്ധം നികത്താൻ കഷ്ടപ്പെടുന്നു..

കല്യാണം ഒരിക്കലും ഒരു ബാധ്യത ആവരുതെന്ന ആഗ്രഹവും എനിക്കുണ്ടായിരുന്നു. ഇതിനേക്കാളൊക്കെ പ്രധാനപ്പെട്ടതാണ് പറ്റിയ ഒരു ജീവിതപങ്കാളിയെ ലഭിക്കുകയെന്നത്.. സൗന്ദര്യവും സമ്പത്തും സ്വഭാവസവിശേഷതകൾക്കുമൊക്കെ അപ്പുറം എന്റെ കാഴ്ചപ്പാടുകളുമായി ഒത്തുപോകുന്ന, ഇയാളുടെ കൂടെ ജീവിതം മനോഹരമായി (തട്ടിമുട്ടി അല്ല) കൊണ്ടുപോകാൻ പറ്റുമെന്ന് ഉറപ്പുള്ള, ഉറച്ച നിലപാടുകളുള്ള, സ്വന്തമായി വ്യക്തിത്വമുള്ള ഒരാളെ കണ്ടുപിടിക്കുകയെന്നത്..

സ്ത്രീ പുരുഷന്റെ അടിമയല്ലെന്നും ഭർത്താവിനുവേണ്ടി ജീവിച്ചു തീർക്കണ്ടതല്ല തന്റെ ജീവിതമെന്നും വിവാഹത്തിനുശേഷം അടുക്കളയിൽ നിന്നുമല്ല പുതുജീവിതം തുടങ്ങുന്നതെന്നും ഉത്തമ ബോധ്യമുള്ള ഒരുവൾ മാത്രം കൂടെ ഉണ്ടായാൽ മതിയെന്ന് എനിക്ക് നിർബന്ധമായിരുന്നു. സമൂഹവും കുടുംബവും എനിക്ക് പകർന്നു തന്നിട്ടുള്ള പുരുഷകേന്ദ്രീകൃത മനോഭാവത്തിന് അല്പസ്വല്പം ഇടിവൊക്കെ സംഭവിച്ചേക്കാമെന്നു അറിയാമെങ്കിലും എനിക്ക് എന്നെത്തന്നെ പരിഷ്കരിക്കാനുള്ള ഒരു അവസരമായിരിക്കുമത്.

അങ്ങനെയിരിക്കെയാണ് Anagha S Lachu വിനെ പരിചയപ്പെടുന്നതും ഇഷ്ടപ്പെടുന്നതും ജീവിതത്തിൽ ഒരുമിച്ചു പോവാൻ തീരുമാനമെടുക്കുന്നതും. അവളുടെ കാഴ്ചപ്പാടുകൾക്കും യോജിച്ച ഒരാളായിരുന്നിരിക്കാം ഞാൻ. താലിയും വിവാഹചടങ്ങുകൾ ഒഴിവാക്കലുമൊന്നും ആദ്യമൊന്നും മനസിലുണ്ടായിരുന്നില്ല. എന്നാൽ മെല്ലെ അച്ഛനെയും അമ്മയെയുമൊക്കെ പറഞ്ഞു മനസിലാക്കിക്കൊണ്ടു ഞങ്ങൾ ആഗ്രഹിച്ച രീതിയിൽ ഞങ്ങളുടെ കല്യാണം നടത്താൻ തീരുമാനിച്ചു. താലിമാലയും സ്വർണവും സിന്ദൂരവുമൊന്നുമില്ലാതെ, രണ്ടു മനുഷ്യർ മാത്രമായി..

സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രാജപുരം സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് നവംബർ 15 തിങ്കളാഴ്ച മുതൽ രണ്ടൊപ്പുകളുടെ ബലത്തിൽ ഞങ്ങൾ ഒരുമിച്ചുള്ള യാത്ര തുടങ്ങുകയാണ്. വളരെ കുറച്ചു ബന്ധുക്കളും സുഹൃത്തുക്കളും മാത്രം വിവാഹസായാഹ്നത്തിൽ വീട്ടിൽ ഒത്തുചേരും.

മുന്നിൽ വെല്ലുവിളികൾ ഏറെയാണ്. എന്നെക്കാളേറെ അവൾക്കാണ് ചോദ്യശരങ്ങളും അന്വേഷണങ്ങളും നേരിടേണ്ടി വരിക. താലിയില്ലായ്മയുടെയും സിന്ദൂരമില്ലായ്മയുടെയും ദൂഷ്യവശങ്ങളെ കുറിച്ചു പഠിപ്പിക്കൽ, കല്യാണം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും വയർ പൊങ്ങാത്തതിനെക്കുറിച്ചുള്ള സംശയങ്ങൾ പ്രകടിപ്പിക്കൽ, അടുക്കളയിലെ പെർഫോമൻസിന്റെ കാര്യങ്ങളന്വേഷിക്കൽ, ഭർത്താവിന്റെ വീട്ടിൽതന്നെ എല്ലായ്പ്പോഴും കാണാതിരിക്കൽ തുടങ്ങിയ പലവിധ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം പറയേണ്ടി വരിക അവളാണ്. എല്ലാ ചോദ്യങ്ങളെയും അതിന്റെ രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയട്ടെ എന്നാശംസിക്കുന്നു @ലച്ചു

വിവാഹത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെക്കാൾ ഇപ്പോൾ ഞങ്ങൾക്ക് പ്രധാനം ഹണിമൂൺ എന്നൊക്കെ വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന ഒരു യാത്രയാണ്. ഞാനും അവളും ജീവിതത്തിൽ ഏറെ കൊതിച്ചിരുന്ന ഒരു നോർത്ത് ഇന്ത്യൻ ട്രിപ്പ് സാധ്യമാവുകയാണ്. മഞ്ഞിൽ പൊതിഞ്ഞ ഹിമാലയഗ്രാമമായ കസോളിൽ കുറച്ചു ദിവസങ്ങൾ.. കൂടെ ഡൽഹിയും ആഗ്രയും മറ്റു കുറച്ചു സ്ഥലങ്ങളും.. വിവാഹച്ചെലവുകൾ കുറച്ച് ഈ യാത്ര എങ്ങനെ കൂടുതൽ മനോഹരമാക്കാമെന്നാണ് ഞങ്ങൾ ആലോചിക്കുന്നത്.

ഇതൊക്കെ പബ്ലിക്ക് ആയി എന്തിനു പോസ്റ്റ് ചെയ്യുന്നു എന്നുള്ള ചോദ്യങ്ങൾക്കും മറുപടിയുണ്ട്. ആരെങ്കിലുമൊക്കെ ഇതുകൊണ്ട് സ്വന്തം വിവാഹത്തിനോ മക്കളുടെ വിവാഹത്തിനോ ആർഭാടവും ആഘോഷങ്ങളും കുറച്ച് അതവർക്ക് ഉപയോഗപ്പെടുന്ന രീതിയിൽ വിനിയോഗിക്കുകയാണെങ്കിൽ അതിൽപ്പരം സന്തോഷം മറ്റൊന്നുമില്ല. കെട്ടുതാലിയും സ്വർണവും ചടങ്ങുകളുമൊക്കെ നമ്മൾ മനുഷ്യർ തന്നെ ഉണ്ടാക്കിയ നിയമങ്ങളല്ലേ, ഇതൊന്നുമില്ലെങ്കിലും മനസുകൾ ഒരുമയോടെ പോവുന്നിടത്തോളം കാലം വിവാഹബന്ധവും നിലനിന്നുപോവും.

ഇങ്ങനെയൊക്കെ നാട്ടുനടപ്പ് ധിക്കരിച്ചു സ്വന്തം ഇഷ്ടപ്രകാരം കല്യാണം കഴിക്കുന്നതിലൂടെ എന്തു ഗുണമാണ് നിനക്ക് കിട്ടാൻ പോവുന്നതെന്ന് ചോദിച്ചാൽ.. ആനന്ദം, പരമമായ ആനന്ദം..

ജീവിതം ഒന്നേയുള്ളൂ.. അത് നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ ജീവിച്ച് ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ ചെയ്ത് ജീവിതം തന്നെ ഒരാഘോഷമാക്കുക. വിവാഹം ഒരിക്കലും ഒരു ബാധ്യതയല്ല. നമ്മുടെ അതേ കാഴ്ചപ്പാടുള്ള ഒരാളെക്കൂടി കൂടെ ചേർത്ത് കൂടുതൽ ഉയരത്തിൽ ഉയർന്നു പറക്കാൻ ലഭിക്കുന്ന അവസരമാണ്. ഞാനതുപയോഗപ്പെടുത്തുന്നു..

ഇഷ്ടപ്പെടുന്നവർ ഒരുമിച്ചു ജീവിക്കുന്നതിന് ജാതിയും മതവും ദേശവും ലിംഗവുമൊന്നും ഒരു പ്രശ്നമേയല്ലാത്ത വിദൂരഭാവിയാണ് ഞങ്ങളുടെ പ്രതീക്ഷ!

 

Also Read: ഉത്ര വധക്കേസ് വിധി; കേരള സമൂഹം കോടതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് സ്ത്രീധനത്തിനെതിരെ ശക്തമായ സന്ദേശം

Follow Us:
Download App:
  • android
  • ios