Asianet News MalayalamAsianet News Malayalam

'സഹപ്രവർത്തക ചോദിച്ചിട്ട് പോലും വെള്ളം കൊടുക്കാനായില്ല, നിസഹായത തോന്നി'; മലയാളി നഴ്സ് പറയുന്നു...

ആദ്യമായിട്ടാണ് എനിക്ക് ഇത്രയേറെ പേടി തോന്നിയത്. അന്ന് വൈകിട്ട് ഞാൻ കുറച്ച് കത്തുകൾ എഴുതി. കണ്ണേട്ടന്, പിന്നെ എന്‍റെ കൂടെയില്ലാത്ത എന്‍റെ പ്രിയപ്പെട്ടവർക്ക്, എങ്ങാനും എനിക്ക് വയ്യാതെ ആയാൽ, ഫോണിൽ സംസാരിക്കാൻ പറ്റാതെ വന്നാൽ അവരോടു പറയാൻ ബാക്കിവച്ചതു അവർ അറിയണ്ടേ?

malayalai nurse silpa dhanesh from uk shares her covid experience
Author
Thiruvananthapuram, First Published Apr 27, 2020, 10:44 AM IST

കൊവിഡ് 19 പ്രതിരോധത്തില്‍ ലോകമെങ്ങും ഒറ്റകെട്ടായി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനം വില മതിക്കാത്തതാണ്. നിരവധി ആരോഗ്യ പ്രവര്‍ത്തകരാണ് ഈ ദിനങ്ങളിലെ തങ്ങളുടെ അനുഭവം പങ്കുവെയ്ക്കുന്നത്. ഇപ്പോഴിതാ ലണ്ടനിലെ ഹാർലോ പ്രിൻസസ് അലക്സാൻട്ര എൻഎച്ച്എസ് ഹോസ്പിറ്റലിൽ ഐസിയു നഴ്സായി 2016 മുതൽ ജോലി ചെയ്യുന്ന  മലയാളി ശിൽപ്പ ധനേഷ് കൊവിഡ് അനുഭവം പങ്കുവെയ്ക്കുകയാണ്. 

ഒരിക്കലും പ്രതീക്ഷിക്കാത്തിടത്ത് സഹപ്രവർത്തകയെ കണ്ടതും ചോദിച്ചിട്ടു പോലും ഒരു തുള്ളി വെള്ളം കൊടുക്കാൻ കഴിയാതെ വന്ന നിസഹായാവസ്ഥയും ശിൽപ തന്‍റെ ഫേസ്ബുക്ക്  കുറിപ്പിലൂടെ പറയുന്നു.

Also Read: 'ഓരോ ഷിഫ്റ്റിലും രണ്ടും മൂന്നും മരണങ്ങൾ, ഹൃദയഭേദകമായ നിമിഷങ്ങള്‍'; അനുഭവം പങ്കുവെച്ച് മലയാളി നഴ്സ്...

 'ആദ്യമായിട്ടാണ് എനിക്ക് ഇത്രയേറെ പേടി തോന്നിയത്. അന്ന് വൈകിട്ട് ഞാൻ കുറച്ചു കത്തുകൾ എഴുതി. കണ്ണേട്ടന്, പിന്നെ എന്‍റെ  കൂടെയില്ലാത്ത എന്‍റെ  പ്രിയപ്പെട്ടവർക്ക്, എങ്ങാനും എനിക്ക് വയ്യാതെ ആയാൽ, ഫോണിൽ സംസാരിക്കാൻ പറ്റാതെ വന്നാൽ അവരോടു പറയാൻ ബാക്കിവച്ചതു അവർ അറിയണ്ടേ? അത് എന്‍റെ  കൂട്ടുകാരിയെ ഏൽപ്പിച്ചു പറഞ്ഞു... സാഹചര്യം മോശമായാൽ ഇത് എത്തേണ്ട കൈകളിൽ എത്തിക്കണം എന്ന്. ഞാൻ എന്‍റെ ഫോൺ അൺലോക്ക് ചെയ്തു , ഏതേലും സാഹചര്യത്തിൽ  എനിക്ക് അതിനു പറ്റിയില്ലെങ്കിലോ ? ആദ്യ നമ്പറുകൾ കണ്ണേട്ടന്‍റെയും അമ്മയുടേതും ആക്കി,എളുപ്പം കണ്ടുപിടിക്കണ്ടേ ?'- ശില്‍പ്പ കുറിച്ചു. 

ശിൽപ്പയുടെ കുറിപ്പ് വായിക്കാം... 

14 വർഷത്തെ നഴ്സിംഗ് ജീവിതത്തിൽ ആദ്യമായിട്ടാണ് ഇതുപോലൊരു  അവസ്ഥയെ ഞാൻ നേരിടുന്നത്. നിസഹായത തോന്നി, പേടി തോന്നി. പതിവ് പോലെ നൈറ്റ് ഡ്യൂട്ടിക്ക് കേറുമ്പോൾ ഈ ദിവസം കടന്നുപോകാൻ ഇത്രയും ഞാൻ വിഷമിക്കും എന്ന് കരുതിയില്ല. ഏകദേശം രാത്രി പന്ത്രണ്ടു മണി ആയപ്പോൾ ഒരു പേഷ്യന്‍റെ വന്നു. വന്നപ്പോൾ ആണ് ഞാൻ ജോലി ചെയ്യുന്ന അതെ ഹോസ്പിറ്റലിലെ സ്റ്റാഫ് ആണ് വന്നത് എന്ന് മനസിലാകുന്നത്. കൂടെ ജോലി ചെയ്യുന്ന ഒരാളെ ആ ബെഡിൽ കാണാൻ വളരെ പ്രയാസം തോന്നി. വന്നപ്പോൾ അവർക്കു ശരീരത്തിൽ ഓക്സിജന്‍റെ അളവ് വളരെ കുറവായിരുന്നു, വെന്‍റിലേറ്റർ തയ്യാറാക്കാൻ ഡോക്ടർ പറഞ്ഞു. അവർ എന്നോട് വെള്ളം ചോദിച്ചു, വെന്‍റിലേറ്ററിൽ ഇടാൻ പോകുന്ന ആൾക്ക് വെള്ളം കൊടുക്കാൻ നിർവാഹം ഇല്ലായിരുന്നു. അവർ വളരെ വേഗം കൂടുതൽ അവശയാകാനും തുടങ്ങി. ഡോക്ടർ അവരോടു പറഞ്ഞു നിങ്ങളെ ഉറക്കാൻ ഉള്ള മരുന്ന് തരാൻ പോവാണ്, അതിനു ശേഷം നിങ്ങളെ വെന്റിലേറ്ററിലേക്ക് മാറ്റും എന്ന്. എത്രത്തോളം അവർക്കതു മനസിലായി എന്ന് അറിയില്ല. വെന്‍റിലേറ്റർ റെഡി ആക്കി വച്ചിട്ട് വെള്ളം  എടുത്തു ഒരു sponge  അതിൽ മുക്കി (വായും ചുണ്ടും നനക്കാൻ ) അവർക്കു കൊടുക്കാൻ ചെല്ലുമ്പോൾ ഡോക്ടർ അവരോടു സംസാരിക്കുകയായിരുന്നു.

വെള്ളം ടേബിളിൽ വച്ച് ഞാൻ അവരെ ബെഡിൽ നേരെ ഇരുത്താൻ നോക്കിയപ്പോൾ ആണ് ഡോക്ടർ അവരോടു പറയുന്നത് മരുന്ന്  തന്നു ഉറങ്ങുന്നതിനു മുൻപ് ആരെയെങ്കിലും വിളിക്കാൻ ഉണ്ടെങ്കിൽ ഫോൺ ചെയ്യൂ എന്ന്.  അവർ ഫോൺ വിളിക്കാൻ നോക്കിട്ടു പറ്റുന്നില്ല. ഫോൺ ലോക്ക് ആണ് . അത് തുറക്കാൻ അവർക്കു പറ്റുന്നില്ല കാരണം അവർക്കു അതെങ്ങനെ ചെയ്യണം എന്ന് ഓർക്കാൻ പറ്റുന്നില്ല . ഞാൻ കുറെ സഹായിക്കാൻ നോക്കി പക്ഷെ അപ്പോഴേക്കും അവർക്കു ബോധം കുറഞ്ഞു കുറഞ്ഞു വന്നു. കാത്ത് നില്‍ക്കാൻ സമയം ഇല്ലാത്തതു കൊണ്ട് വേഗം അവരെ സെഡേറ്റു ചെയ്തു intubate ചെയ്തു വെന്‍റിലേറ്ററിലേക്ക് മാറ്റി. തിരക്ക് കുറഞ്ഞപ്പോൾ ഞാൻ ഇതേപ്പറ്റി ഡോക്ടറോട് സംസാരിച്ചു . അപ്പോൾ ഡോക്ടർ എന്നോട് പറഞ്ഞു അവർ രക്ഷപ്പെടുമോ എന്ന് ഉറപ്പില്ല, അവസാനമായി ഭർത്താവിനോടോ പ്രിയപ്പെട്ടവരോടോ സംസാരിക്കാമല്ലോ എന്ന് കരുതിയാണ് വിളിക്കാൻ പറഞ്ഞത് എന്ന് . എന്തോ അത് കേട്ടപ്പോൾ ഇതുവരെ ഒരിക്കലും  അനുഭവിക്കാത്ത വീർപ്പുമുട്ടൽ എനിക്കുണ്ടായി, കണ്ണ് നിറയാൻ തുടങ്ങി. അവർക്കു വെള്ളം കൊടുക്കാൻ പറ്റാത്തതിൽ മരണം വരെ ഞാൻ സങ്കടപ്പെടും. ഒരു നിമിഷം പെട്ടന്ന് എന്നെത്തന്നെ ആ ബെഡിൽ ഞാൻ കണ്ടു, കണ്ണേട്ടന്‍റെ , എന്‍റെ  മോൾടെ, മമ്മിയുടെ, പപ്പയുടെ, അനിയത്തിയുടെ ഒക്കെ മുഖങ്ങൾ മുന്നിൽ വരാൻ തുടങ്ങി. അവിടുന്ന് എങ്ങോട്ടെങ്കിലും ഓടിപ്പോകാനും ഉച്ചത്തിൽ നിലവിളിക്കാനും അപ്പോൾ എനിക്ക് തോന്നി . നിവർത്തിയില്ലാത്തതു കൊണ്ട് വെളിയിൽ പോകാതെ അകത്തു തന്നെ നിൽക്കേണ്ടി വന്നു. ആ രാത്രി മറക്കാൻ എനിക്ക് ഒരിക്കലും സാധിക്കും എന്ന് തോന്നുന്നില്ല. അവരിപ്പോഴും കോറോണയോടു മത്സരിക്കുകയാണ്, അവർ ജയിക്കണം എന്ന് മറ്റാരേക്കാളും കൂടുതൽ ഞാനും ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു, അതുകൊണ്ട് അവരെപ്പറ്റി കൂടുതൽ പറയാനാവില്ല...

രാവിലെ ഡ്യൂട്ടി കഴിഞ്ഞു കുളിക്കാൻ നേരം കണ്ണ് നിറഞ്ഞൊഴുകിയതു തടുത്തു നിർത്താൻ പറ്റിയില്ല, എത്ര നേരം അങ്ങനെ ആലോചനയിൽ നിന്ന് എന്നും എനിക്കൊർമയില്ല. ആദ്യമായിട്ടാണ് എനിക്ക് ഇത്രയേറെ പേടി തോന്നിയത് . അന്ന് വൈകിട്ട് ഞാൻ കുറച്ചു കത്തുകൾ എഴുതി. കണ്ണേട്ടന് , പിന്നെ എന്‍റെ  കൂടെയില്ലാത്ത എന്‍റെ   പ്രിയപ്പെട്ടവർക്ക് , എങ്ങാനും എനിക്ക് വയ്യാതെ ആയാൽ ,ഫോണിൽ സംസാരിക്കാൻ പറ്റാതെ വന്നാൽ അവരോടു പറയാൻ ബാക്കിവച്ചതു അവർ അറിയണ്ടേ? അത് എന്‍റെ  കൂട്ടുകാരിയെ ഏൽപ്പിച്ചു പറഞ്ഞു , സാഹചര്യം മോശമായാൽ ഇത് എത്തേണ്ട കൈകളിൽ എത്തിക്കണം എന്ന്.... ഞാൻ എന്‍റെ  ഫോൺ അൺലോക്ക് ചെയ്തു ,ഏതേലും സാഹചര്യത്തിൽ  എനിക്ക് അതിനു  പറ്റിയില്ലെങ്കിലോ ? ആദ്യ നമ്പറുകൾ കണ്ണേട്ടന്റെയും അമ്മയുടേതും ആക്കി ,എളുപ്പം കണ്ടുപിടിക്കണ്ടേ ?

എന്‍റെ മോള്‍ എന്‍റെ അമ്മയുടെ കൂടെ നാട്ടിലാണ്, കുറച്ചു മാസത്തേക്ക് നാട്ടിൽ വിട്ടതാണ്. അവളെ കാണാതെ , കെട്ടിപിടിച്ചു യാത്ര പറയാതെ പോകാൻ ഇടവരല്ലേ എന്ന് മാത്രമേ പ്രാർത്ഥന ഉള്ളു . എന്നെപ്പോലെ ഒരുപാടു അമ്മമാരും ,അച്ചന്മാരും , മക്കളും ,അനിയന്മാരും, അനിയത്തിമാരും ,ഭാര്യമാരും ,ഭർത്താക്കന്മാരും ഒക്കെ പ്രിയപ്പെട്ടവരേ പിരിഞ്ഞു ഇവിടെ ഉണ്ട് ഉണ്ട്. എല്ലാവരും എന്നെപോലെ ഭയം ഉള്ളിൽ വച്ച് ചിരിച്ചു കൊണ്ട് ജോലി ചെയ്യുന്നവരാണ്.  നമുക്ക് പരസ്പരം പ്രാർത്ഥനയിൽ ഓർക്കാം.... ഇതിനെ അതിജീവിക്കാൻ നമുക്ക് സാധിക്കട്ടെ... സാധിക്കും.

Also Read: 'അമേരിക്കയില്‍ മാസ്ക് പോലും കിട്ടാനില്ല, അച്ഛനും അമ്മയ്ക്കും ചേച്ചിക്കും കൊവിഡ്'; മലയാളി യുവതിയുടെ കുറിപ്പ്...

 

Follow Us:
Download App:
  • android
  • ios