Asianet News MalayalamAsianet News Malayalam

Meghana Raj : 'ബര്‍ഗര്‍ കഴിച്ചതിന് വരെ വിമര്‍ശനം'; ഭര്‍ത്താവിന്‍റെ മരണശേഷം നേരിട്ട അനുഭവങ്ങളെ കുറിച്ച് മേഘ്ന

ചിരുവിന്‍റെ മരണത്തോളം തന്നെ ഏവരെയും ദുഖിപ്പിച്ചിരുന്നത് മേഘ്നയുടെ സാഹചര്യമായിരുന്നു. ഏറെ പരസ്പരധാരണയുള്ള ജോഡിയായിരുന്നു മേഘ്നയും ചിരുവും. ഇത് സിനിമാലോകത്ത് സുഹൃത്തുക്കള്‍ക്കിടയിലെല്ലാം  അറിയാവുന്ന കാര്യമായിരുന്നു. അതുകൊണ്ട് തന്നെ ചിരുവിന്‍റെ  മരണം മേഘ്നയെ എത്രമാത്രം ബാധിക്കപ്പെടുമെന്നതായിരുന്നു ഏവരും ആശങ്കപ്പെട്ടിരുന്നത്. 

meghana raj shares about how she survived after husbands death
Author
Trivandrum, First Published Aug 17, 2022, 12:37 PM IST

തെന്നിന്ത്യൻ സിനിമാലോകത്തെ ആകെയും ഞെട്ടിച്ച വിയോഗമായിരുന്നു നടൻ ചിരഞ്ജീവി സര്‍ജയുടെ വിയോഗം. 2020 ജൂണ്‍ ഏഴിനാണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചിരഞ്ജീവി സര്‍ജ എന്ന ചിരു അന്തരിച്ചത്. ഇദ്ദേഹം മരിക്കുമ്പോള്‍ ഭാര്യയും നടിയുമായ മേഘ്ന രാജ് നാലര മാസത്തോളം ഗര്‍ഭിണിയായിരുന്നു. 

ചിരുവിന്‍റെ മരണത്തോളം തന്നെ ഏവരെയും ദുഖിപ്പിച്ചിരുന്നത് മേഘ്നയുടെ സാഹചര്യമായിരുന്നു. ഏറെ പരസ്പരധാരണയുള്ള ജോഡിയായിരുന്നു മേഘ്നയും ചിരുവും. ഇത് സിനിമാലോകത്ത് സുഹൃത്തുക്കള്‍ക്കിടയിലെല്ലാം  അറിയാവുന്ന കാര്യമായിരുന്നു. അതുകൊണ്ട് തന്നെ ചിരുവിന്‍റെ  മരണം മേഘ്നയെ എത്രമാത്രം ബാധിക്കപ്പെടുമെന്നതായിരുന്നു ഏവരും ആശങ്കപ്പെട്ടിരുന്നത്. 

മാസങ്ങള്‍ക്ക് ശേഷം മകൻ റയാന് മേഘ്ന ജന്മം നല്‍കി. പിന്നീട് ഭര്‍ത്താവിന്‍റെ അസാന്നിധ്യത്തിലും മകനുമൊത്ത് അതിജീവിക്കാൻ മേഘ്ന പരിശീലിച്ചു. ജോലി ചെയ്യാനും സോഷ്യല്‍ മീഡിയ അടക്കമുള്ളയിടങ്ങളില്‍ സജീവമാകാനും തുടങ്ങി. എന്നാല്‍ പലപ്പോഴും 'വിധവ' എന്ന നിലയില്‍ ധാരാളം വിമര്‍ശനങ്ങള്‍ ഇവര്‍ നേരിടേണ്ടിവന്നിരുന്നു. 

ഇപ്പോഴിതാ അതെക്കുറിച്ചെല്ലാം തുറന്ന് സംസാരിക്കുകയാണ് മേഘ്ന. 'ബോളിവുഡ് ബബിള്‍' എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് മേഘ്ന ഇക്കാര്യങ്ങളെല്ലാം വിശദമായി സംസാരിച്ചത്. ഭര്‍ത്താവിന്‍റെ അപ്രതീക്ഷിത വിയോഗം തന്നെ പാടെ തകര്‍ത്തുകളഞ്ഞുവെന്നും, ആ തകര്‍ച്ചയില്‍ നിന്ന് ഏറെ സമയമെടുത്താണ് കരകയറിയതെന്നും മകന്‍റെ സാന്നിധ്യമാണ് പ്രധാനമായും ഇതിന് സഹായകമായതെന്നും മേഘ്ന പറയുന്നു. 

ഒപ്പം തന്നെ ഭര്‍ത്താവ് മരണപ്പെടുമ്പോള്‍ ഒരു സ്ത്രീ സമൂഹത്തില്‍ നിന്ന് നേരിട്ടേക്കാവുന്ന ചില മോശം പ്രതികരണങ്ങളെ കുറിച്ചും മേഘ്ന തുറന്നുപറയുന്നു. 

'കുഞ്ഞിന് വേണ്ടി ജീവിക്കൂ, ബാക്കിയെല്ലാം മറന്നുകളയൂ എന്നെല്ലാമാണ് പലരും അന്ന് എന്നോട് പറഞ്ഞത്. എനിക്കത് ഒരിക്കലും ഉള്‍ക്കൊള്ളാൻ സാധിക്കില്ല. എന്നെ എന്താണ് ഇവര്‍ പരിഗണിക്കാത്തത് എന്നായിരുന്നു എന്‍റെ ചിന്ത. ആദ്യം ഞാനല്ലേ ഓക്കെയാകേണ്ടത്, പിന്നെയല്ലേ കു‍ഞ്ഞിന്‍റെ കാര്യം വരിക. ചിരുവിന്‍റെ മരണം എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. ഒരു രാത്രി കൊണ്ട് ശക്തയായ സ്ത്രീ ആയി മാറിയ ആളല്ല ഞാൻ. അനുഭവിച്ച് അനുഭവങ്ങള്‍ എന്നെ ഇങ്ങനെ പരുവപ്പെടുത്തിയെടുത്തു. ഇപ്പോള്‍ എനിക്ക് ഏത് പ്രതിസന്ധിയേയും കൈകാര്യം ചെയ്യാൻ അറിയാം. ചിരു പോകുന്നതിന് മുമ്പ് ഞാൻ എല്ലാ കാര്യങ്ങള്‍ക്കും മറ്റുള്ളവരെ ആശ്രയിക്കുന്ന ഒരാളായിരുന്നു. സെയ്ഫ് ആയ ജീവിതമായിരുന്നു എന്‍റേത്. പിന്നീട് അത് മാറി...'- മേഘ്ന പറയുന്നു. 

ഭര്‍ത്താവിന്‍റെ മരണശേഷം നല്ലൊരു ഭക്ഷണം കഴിക്കുകയോ നല്ലൊരു വസ്ത്രമിടുകയോ ചെയ്താല്‍ പോലും വിമര്‍ശനങ്ങള്‍ വന്നിരുന്നുവെന്നും മേഘ്ന പറയുന്നു.

'ഈ അടുത്തായി ഞാൻ ബര്‍ഗര്‍ കഴിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. പ്രത്യേകിച്ച് ആലേചിക്കാതെ പെട്ടെന്ന് പോസ്റ്റ് ചെയ്തതാണ് അത്. ഞാനിങ്ങനെ ആസ്വദിച്ച് കഴിച്ചോണ്ടിരിക്കുകയായിരുന്നു. ഇതിന് താഴെ വന്ന് ചിലര്‍ ഓ, നിങ്ങള്‍ ചിരുവിനെ മറന്നുവല്ലേ എന്നെല്ലാം ചോദിച്ചു. എനിക്കത് അവരെ ബോധ്യപ്പെടുത്തേണ്ടകാര്യമില്ലല്ലോ...'- മേഘ്ന പറയുന്നു. 

പുരോഗമന സമൂഹമാണെന്ന് വാദിക്കുമ്പോഴും ഭര്‍ത്താവോ പങ്കാളിയോ നഷ്ടമായ സ്ത്രീയെ എത്തരത്തിലാണ്  പൊതുവെ നാം കാണുന്നതും കൈകാര്യം ചെയ്യുന്നതെന്നും മേഘ്നയുടെ വാക്കുകളില്‍ വ്യക്തമാണ്. താങ്ങാൻ കഴിയാത്ത ദുരന്തങ്ങളോ ദുഖങ്ങളോ വരുമ്പോള്‍ അതിലെല്ലാം തകര്‍ന്നുപോയാലും പിന്നീട് സ്വയം വീണ്ടെടുക്കാൻ സാധിക്കണമെന്നും അവരവര്‍ക്ക് വേണ്ടി ജീവിക്കാൻ സാധിക്കണമെന്നുമെല്ലാം മേഘ്ന സധൈര്യം ഓര്‍മ്മപ്പെടുത്തുന്നു. 

Also Read:- ഹൃദയം നിറയ്ക്കുന്ന ചിരി; ചിരഞ്ജീവി സര്‍ജയ്ക്ക് മേഘ്‌നയുടെ പിറന്നാള്‍ സന്ദേശം

Follow Us:
Download App:
  • android
  • ios