എന്നാൽ ഇന്ത്യയെ പോലെ വൈവിധ്യമാർന്നൊരു രാജ്യത്ത് വ്യത്യസ്ത നിറത്തിലും ഭംഗിയിലുമുള്ള യുവതികൾ ഉണ്ടായിട്ടും എങ്ങനെയാണ് ഒരേനിറത്തിലുള്ള യുവതികളെ തെരഞ്ഞെടുത്തതെന്നാണ് ആളുകൾ ചോദിക്കുന്നത്.
ദില്ലി: ഫെമിന മിസ് ഇന്ത്യ -2019 മത്സരത്തിന്റെ അവസാനഘട്ടത്തിൽ നിറമുള്ളവരെ മാത്രം പങ്കെടുപ്പിച്ചെന്നാരോപിച്ച് സംഘാടകർക്കെതിരെ സോഷ്യൽമീഡിയയിൽ രൂക്ഷവിമർശനം. കാലാക്കാലങ്ങളായി പറഞ്ഞ് വരുന്ന സൗന്ദര്യത്തിന്റെ അളവ് കോലുകൾ നോക്കിയാണ് ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ മത്സരാർത്ഥികളെ തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന പ്രധാന ആരോപണം.
കഴിഞ്ഞ ദിവസം മത്സരത്തിൽ പങ്കെടുക്കുന്നവരുടെ പട്ടിക സംഘാടകർ പുറത്തിറക്കിയിരുന്നു. ഒരേ നിറവും മുടിയും ശരീരവടിവുമുള്ള യുവതികളാണ് പരസ്യത്തിലുണ്ടായിരുന്നത്. എന്നാൽ ഇന്ത്യയെ പോലെ വൈവിധ്യമാർന്നൊരു രാജ്യത്ത് വ്യത്യസ്ത നിറത്തിലും ഭംഗിയിലുമുള്ള യുവതികൾ ഉണ്ടായിട്ടും എങ്ങനെയാണ് ഒരേനിറത്തിലുള്ള യുവതികളെ തെരഞ്ഞെടുത്തതെന്നാണ് ആളുകൾ ചോദിക്കുന്നത്.
അവരുടെ നിറവും മുടിയുമൊക്കെ ഒരുപോലെയാണ്. അതിനാൽ അവരുടെ നീളവും ഒരുപോലെയായിരിക്കുമെന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് മത്സരാർത്ഥികളെ പരിഹസിച്ച് പറഞ്ഞത്. എല്ലാവർക്കും ഒരേ ഹെയർ സ്റ്റൈലിൽ നീളം കൂടിയ മുടിയാണുള്ളത്. പെണ്ണുങ്ങളായാൽ നീളമുടി വേണമെന്ന് പറയുന്ന ലോജിക്ക് ആയിരിക്കാം അതിന് പിന്നിൽ, എന്നാണ് മറ്റൊരു ഉപയോക്താവ് പറയുന്നത്. എല്ലാവരും വെളുത്താണിരിക്കുന്നത്. ആരും തന്നെ ഇരുണ്ട നിറമുള്ളവരില്ല എന്നായിരുന്നു മറ്റൊരു ഉപയോക്താവ് പറഞ്ഞത്.
