ലോകത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊവിഡ് 19 മഹാമാരിയെ ചെറുക്കാനുള്ള തീവ്ര ശ്രമത്തിലാണ് നാം.  മാസ്കും സാനിറ്റൈസറും നമ്മുടെ  ജീവിതത്തിന്റെ ഭാഗമായി മാറി കഴിഞ്ഞു. സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ഒരു ജീവിതമാണ് നാം ഇന്ന് നയിക്കുന്നത്.

അവശ്യസാധനങ്ങൾ വാങ്ങാന്‍ മാത്രമാണ് നമ്മളില്‍ പലരും ഇന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നത് തന്നെ. അവിടെയും മുന്‍കരുതലുകള്‍ നാം സ്വീകരിക്കുന്നുണ്ട്.  ഇപ്പോഴിതാ സുരക്ഷയുടെ ഭാഗമായുള്ള ഒരു രസകരമായ വീഡിയോയാണ്  സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

തുണിക്കടയിൽ എത്തുന്ന ഓരോ ഉപഭോക്താവിനും സാനിറ്റൈസർ നൽകുന്ന ഒരു ചലിക്കുന്ന പ്രതിമയുടെ വീഡിയോ ആണിത്. ചുവന്ന സാരിയിൽ ഓടിനടക്കുന്ന പെൺപ്രതിമ ശരിക്കും ആളുകളെ അമ്പരപ്പിക്കുകയാണ്. 

 

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുധ രാമനാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. 'തമിഴ്നാട്ടിലെ ഒരു വസ്ത്ര വിപണന ശാലയിൽ സാങ്കേതിക വിദ്യ ഏറ്റവും ശരിയായ രീതിയിൽ ഉപയോഗിച്ചിരിക്കുന്നു. സാരിയുടുത്ത ചലിക്കുന്ന ഈ പാവ കടയിൽ വരുന്ന എല്ലാവർക്കും ഓടി നടന്ന്  സാനിറ്റൈസർ നൽകുകയാണ്. സാങ്കേതിക വിദ്യയിലെ മാറ്റം കൂടി കൊറോണയ്ക്ക് ശേഷം സംഭവിക്കും'-  എന്ന കുറിപ്പോടെയാണ് വീഡിയോ അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഗംഭീര പ്രതികരണമാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നത്. 

Also Read: കൊവിഡ് 19; ചില സാനിറ്റെെസറുകൾ സുരക്ഷിതമല്ല, മുന്നറിയിപ്പുമായി എഫ്ഡിഎ...