6 ദിവസത്തെ ഈ ടൂർ സിംഗപ്പൂരിലെയും മലേഷ്യയിലെയും പ്രധാനപ്പെട്ട സ്ഥലങ്ങൾ നേരിൽ കാണാൻ സഞ്ചാരികൾക്ക് അവസരം നൽകുന്നു.

അന്താരാഷ്ട്ര യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. സിം​ഗപ്പൂരും മലേഷ്യയും സന്ദർശിക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് ഐആർസിടിസി. 6 ദിവസത്തെ ഈ ടൂർ സിംഗപ്പൂരിലെയും മലേഷ്യയിലെയും പ്രധാനപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കാൻ സഞ്ചാരികൾക്ക് അവസരം നൽകുന്നു. എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന രീതിയിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. 

നഗര കാഴ്ചകൾ മുതൽ സെന്റോസ ദ്വീപ്, പെട്രോണാസ് ട്വിൻ ടവറുകൾ പോലെയുള്ള ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ വരെ ടൂറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ ഈ ടൂറിന്റെ ഭാ​ഗമാകാനായാൽ നിങ്ങൾക്ക് മറക്കാനാവാത്ത നിരവധി ഓർമ്മകൾ ലഭിക്കുമെന്ന് ഉറപ്പാണ്.

1-ാം ദിനം: ഓഗസ്റ്റ് 13-ന് രാവിലെ 5:00 മണിക്ക് ചെന്നൈയിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്ര ആരംഭിക്കും. ചെന്നൈയിൽ നിന്നുള്ള (IX 678) വിമാനത്തിലാണ് യാത്ര. രാവിലെ 11:55-ന് സിംഗപ്പൂരിലെത്തും. ലാൻഡിംഗിന് ശേഷം അവിടെയുള്ള ഒരു പ്രാദേശിക റെസ്റ്റോറന്റിൽ രുചികരമായ ഉച്ചഭക്ഷണം ഒരുക്കിയിട്ടുണ്ട്. തുടർന്ന് പ്രശസ്തമായ സിംഗപ്പൂർ ഫ്ലയർ സന്ദർശിക്കും. ഇതിന് ശേഷം ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത് അൽപ്പം വിശ്രമിക്കാനുള്ള സമയമാണ്. രാത്രിയിൽ വന്യമൃഗങ്ങളെ കാണാൻ കഴിയുന്ന നൈറ്റ് സഫാരിക്ക് പോകും. ഇതിന് ശേഷം ഹോട്ടലിലേക്ക് മടങ്ങുന്ന രീതിയിലാണ് ക്രമീകരണം. (ഭക്ഷണം: ഉച്ചഭക്ഷണവും അത്താഴവും)

2-ാം ദിനം: പ്രഭാതഭക്ഷണത്തിന് ശേഷം സിംഗപ്പൂരിലെ നഗരക്കാഴ്ചകൾ ആസ്വദിക്കാനുള്ള സമയമാണ്. പഡാങ്, ക്രിക്കറ്റ് ക്ലബ്, ചരിത്രപ്രസിദ്ധമായ പാർലമെന്റ് ഹൗസ്, സുപ്രീം കോടതി, സിറ്റി ഹാൾ തുടങ്ങിയ പ്രധാന ലാൻഡ്‌മാർക്കുകൾ നേരിൽ കാണാൻ അവസരമുണ്ടാകും. പ്രശസ്തമായ മെർലിയോൺ പാർക്കിൽ നിർത്തി തിയാൻ ഹോക്ക് കെങ് ക്ഷേത്രം സന്ദർശിക്കും. ഉച്ചഭക്ഷണത്തിന് ശേഷം, കേബിൾ കാറിൽ സെന്റോസ ദ്വീപിലേക്ക് പോകും. തുടർന്ന് മാഡം തുസാഡിന്റെ വാക്സ് മ്യൂസിയം സന്ദർശിച്ച ശേഷം വിംഗ്‌സ് ഓഫ് ടൈം ഷോ ആസ്വദിച്ച് ഹോട്ടലിലേക്ക് മടങ്ങും. (ഭക്ഷണം: പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം) 

3-ാം ദിനം: മൂന്നാം ദിനം പൂർണമായി നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനുള്ള ദിവസമാണ്. നിങ്ങൾക്ക് വിശ്രമിക്കാം, ഷോപ്പിംഗിന് പോകാം, അല്ലെങ്കിൽ സിംഗപ്പൂരിൽ സ്വന്തമായി കറങ്ങി നടക്കാം. യൂണിവേഴ്സൽ സ്റ്റുഡിയോ സന്ദർശിക്കാമെങ്കിൽ അത് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. ഈ ദിവസത്തെ ചിലവുകളെല്ലാം സ്വന്തമായി വഹിക്കേണ്ടതാണ്. (ഭക്ഷണം: പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം) 

4-ാം ദിനം: സിംഗപ്പൂരിൽ നിന്ന് ക്വാലാലംപൂരിലേക്കുള്ള റോഡ് യാത്രയാണ് ഈ ദിവസത്തെ ഹൈലൈറ്റ്. പ്രഭാതഭക്ഷണത്തിന് ശേഷം ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്യും. ഗാർഡൻസ് ബൈ ദി ബേയും ജുറോംഗ് ബേർഡ് പാർക്കും സന്ദർശിക്കും. ഉച്ചഭക്ഷണത്തിന് ശേഷം, റോഡ് മാർഗം ക്വാലാലംപൂരിലേക്ക് യാത്ര ആരംഭിക്കും. അവിടെ എത്തിക്കഴിഞ്ഞാൽ ഒരു പ്രാദേശിക റെസ്റ്റോറന്റിൽ അത്താഴം കഴിച്ച് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുക. (ഭക്ഷണം: പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം) 

5-ാം ദിനം: പ്രഭാതഭക്ഷണത്തിന് ശേഷം മലേഷ്യയുടെ തലസ്ഥാന നഗരം ചുറ്റിക്കാണാം. കിംഗ്സ് പാലസും ചോക്ലേറ്റ് ഫാക്ടറിയും സന്ദർശിക്കും. ഇൻഡിപെൻഡൻസ് സ്ക്വയർ, പാർലമെന്റ് ഹൗസ് കടന്ന് നാഷണൽ മോണുമെന്റ്, ജാമെക്സ് മോസ്ക് എന്നിവിടങ്ങൾ കാണാം. പ്രശസ്തമായ പെട്രോണാസ് ട്വിൻ ടവറുകൾ സന്ദർശിക്കുകയും സ്കൈ ബ്രിഡ്ജിലേക്ക് കയറുകയും ചെയ്യും. രാത്രിയിൽ തിരികെ ഹോട്ടലിലേക്ക് മടങ്ങും. (ഭക്ഷണം: പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം) 

6-ാം ദിനം: പ്രഭാതഭക്ഷണം കഴിച്ച ശേഷം പ്രശസ്തമായ ഹിന്ദു ക്ഷേത്രമായ ബട്ടു ഗുഹകൾ സന്ദർശിക്കും. ഷോപ്പിംഗിനും നിങ്ങൾക്ക് ആവശ്യത്തിന് സമയം ലഭിക്കും. അത്താഴത്തിന് ശേഷം, വൈകുന്നേരം 6 മണിക്ക് നിങ്ങളെ ക്വാലാലംപൂർ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും. നിങ്ങളുടെ മടക്ക വിമാനം (AK 13) രാത്രി 9:50 ന് പുറപ്പെട്ട് അതേ രാത്രി 11:05 ന് ചെന്നൈയിൽ എത്തിച്ചേരും. (ഭക്ഷണം: പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, പായ്ക്ക് ചെയ്ത അത്താഴം)