ട്രെക്കിംഗ് പ്രേമികളുടെ ഇഷ്ട കേന്ദ്രം; ആരെയും അമ്പരപ്പിക്കും രാമക്കൽമേട്
രാമക്കൽമേട്ടിൽ എത്തിയാൽ തമിഴ്‌നാടിന്റെ സൗന്ദര്യം പൂർണ്ണമായും കാണാൻ സാധിക്കും.

ജോലിത്തിരക്കുകൾ ഒക്കെ മാറ്റിവെച്ച് എവിടേക്കെങ്കിലും പോയാൽ മതിയെന്ന് ചിന്തിച്ച് ഇരിക്കുന്നവരാണോ? എങ്കിൽ നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് ഇടുക്കി ജില്ലയിലെ രാമക്കൽമേട്. സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് രാമക്കൽമേട് സ്ഥിതി ചെയ്യുന്നത്. ഇവിടെ എത്തിയാൽ തമിഴ്‌നാടിന്റെ സൗന്ദര്യം പൂർണ്ണമായും കാണാൻ സാധിക്കും.
പശ്ചിമഘട്ടങ്ങളുടെ ഭാഗമായ ഉയര്‍ന്ന മലനിരകളാല്‍ സമ്പന്നമായ ഇടുക്കി ജില്ലയിലെ ഒരു ചെറിയ വിനോദ സഞ്ചാര കേന്ദ്രമാണ് രാമക്കല്‍മേട്. തേക്കടിയിൽ നിന്ന് വടക്ക് കിഴക്കായി, കുമളി - മൂന്നാർ റോഡിൽ നെടുങ്കണ്ടത്ത് നിന്ന് 16 കിലോമീറ്റർ ഉള്ളിലാണ് രാമക്കൽമേട് സ്ഥതി ചെയ്യുന്നത്. ട്രെക്കിംഗ് പ്രിയരുടെ ഇഷ്ട കേന്ദ്രമാണ് ഈ സ്ഥലം എന്ന് തന്നെ പറയാം. അതിനാൽ തന്നെ നിരവധി പേരാണ് ദിവസവും ഇവിടേക്ക് എത്തുന്നത്.
തമിഴ്നാട് അതിർത്തിയിൽ കമ്പം താഴ്വരയെ നോക്കി നിൽക്കുന്ന വലിയൊരു പാറക്കെട്ടാണ് യഥാർത്ഥത്തിൽ രാമക്കൽമേട്. ഏലത്തോട്ടങ്ങള്‍ക്കും തേയിലത്തോട്ടങ്ങള്‍ക്കും മുകളില്‍ വിശാലമായ കുന്നിന്‍പരപ്പിലാണ് ഈ പാറക്കെട്ടുകള്‍. ഇതിലൊരു പാറയിൽ വലിയൊരു കാൽപ്പാദത്തിന്റെ പാട് കാണാം. രാമക്കൽമേടിന് ഈ പേര് ലഭിച്ചതിന് പിന്നിലെ കാരണവും ഇതാണ്.
സീതാന്വേഷണ കാലത്ത് ഭഗവാൻ രാമൻ ചവിട്ടിയ പാടാണെന്ന വിശ്വാസത്തിൽ ഈ സ്ഥലത്തിന് രാമക്കൽമേട് എന്ന് പേര് വീണു. കേരള സർക്കാരിന്റെ ചെറിയൊരു കാറ്റാടി വൈദ്യുതി പാടവും ഇവിടെയുണ്ട്. രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിലെ മറ്റൊരു ആകർഷണം ഇവിടുത്തെ കുറവൻ - കുറത്തി ശില്‍പ്പമാണ്. രാമക്കല്ലിന് അഭിമുഖമായി നോക്കുന്ന തരത്തിലാണ് 37അടി ഉയരമുള്ള ശില്‍പ്പമുള്ളത്.
എങ്ങനെ എത്താം
അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ : കോട്ടയം, 124 കി. മീ.
വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 129 കി. മീ.
READ MORE: ബോട്ടിംഗ് മുതൽ ആകാശയാത്ര വരെ; വൺ ഡേ ട്രിപ്പിന് ഈ ഡെസ്റ്റിനേഷൻ ബെസ്റ്റാ!
