വർഷങ്ങൾക്ക് മുൻപ് വീടിന്റെ മുറ്റത്ത് വെച്ചാണ് ജയിംസിനെ അണലി കടിച്ചത്. അതിനെ തുടർന്ന് മാരകമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുകയും സ്ട്രോക്ക് വരികയും ചെയ്തു, പിന്നാലെ അബോധാവസ്ഥയിലായിരുന്നു.

കായംകുളം: പന്ത്രണ്ട് വർഷം മുമ്പ് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ആൾ മരണപ്പെട്ടു. ചേരാവള്ളി പെരുമുഖത്ത് വടക്കതിൽ ജയിംസ് (60 )ആണ് മരിച്ചത്. ഇദ്ദേഹത്തിനെ വർഷങ്ങൾക്ക് മുൻപ് വീടിന്റെ മുറ്റത്ത് വെച്ചാണ് അണലി കടിച്ചത്. അതിനെ തുടർന്ന് മാരകമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുകയും സ്ട്രോക്ക് വരികയും ചെയ്തു. തലയിൽ രക്തം കട്ടപിടിച്ചതിനാൽ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ദീർഘനാളായി അബോധാവസ്ഥയിലായിരുന്നു.

അതിനിടെ സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. ഇടുക്കി കാഞ്ഞാർ സ്വദേശി വിശാലാക്ഷിയാണ് (75) മരിച്ചത്. വീടിന് സമീപത്ത് വെച്ച് ആണ് പാമ്പുകടിയേറ്റത്. വിശാലാക്ഷിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാമ്പു കടിയേറ്റ് ഇന്ന് സംസ്ഥാനത്ത് രണ്ടാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ മുതുകുടയിലെ നബീസ (70) മരിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാമ്പുകടിയേറ്റ നിലയിൽ നബീസയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്റിവെനം നൽകിയിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നെങ്കിലും ഇന്ന് രാവിലെ മരിച്ചു. ശംഖുവരയൻ പാമ്പാണ് കടിച്ചത് എന്നാണ് സംശയം. ഇതോടെ, ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് അഞ്ചു പേരാണ് മരിച്ചത്.