Asianet News MalayalamAsianet News Malayalam

കുട്ടികളുടെ പ്രശ്നങ്ങൾ ചോ​ദിച്ച് മനസിലാക്കുക, എപ്പോഴും സുഹൃത്തായി കൂടെയുണ്ടാവുക;സൈക്കോളജിസ്റ്റ് എഴുതുന്നു

കുട്ടികളെ ഓർത്തു മാത്രം വിവാഹമോചനം വേണ്ട എന്നു തീരുമാനിക്കുമ്പോഴും ആ വ്യക്തികളുടെ ജീവിതം അസംതൃപ്തിയില്‍ മുന്നോട്ടു പോകുന്നു. കുട്ടികളെ നല്ല വ്യക്തിത്വമുള്ളവരായി മാറ്റാന്‍ മാതാപിതാക്കള്‍ രണ്ടുപേരും ചേർന്ന് വളർത്തേണ്ടത് വളരെ പ്രധാനമാണ്.
 

personality development tips and parenting article about priya varghese
Author
Trivandrum, First Published Feb 20, 2020, 7:22 PM IST

സന്തോഷവും സമാധാനവും നിറഞ്ഞ ഒരു കുടുംബാന്തരീക്ഷം. മാതാപിതാക്കളും കുട്ടികളും ഒരുമിച്ചു സമയം ചിലവഴിക്കുന്നു, തമാശകള്‍ പറയുന്നു, ഓരോ ദിവസവും നടക്കുന്ന കാര്യങ്ങള്‍ പരസ്പരം ചർച്ച ചെയ്യുന്നു, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു ഇവയെല്ലാമായിരിക്കും നല്ലൊരു കുടുംബാന്തരീക്ഷം എന്ന നമ്മുടെ സങ്കല്പ്പാത്തില്‍ ഉള്ളത്. 

പക്ഷേ പല കുടുംബങ്ങളിലും ഇത്തരം ഒരന്തരീക്ഷം ഇല്ലാതെയാകുമ്പോള്‍ അവിടെ ജീവിക്കുന്ന ഓരോ വ്യക്തികളുടെയും പ്രത്യേകിച്ചും വളർന്നു വരുന്ന കുഞ്ഞുങ്ങളുടെ ജീവിതത്തില്‍ അവയുണ്ടാക്കുന്ന മാനസിക സമ്മർദ്ദം വളരെ വലുതാണ്.  പലരും തങ്ങളുടെ വീടിനുള്ളില്‍ ഒരുമിച്ചു ജീവിക്കുക എന്നതിനു പകരം ഒരു വീട്ടിലെ താമസക്കാര്‍ മാത്രമായി മാറുന്ന അവസ്ഥയുമുണ്ട്.

കുട്ടികളെ ഓർത്തു മാത്രം വിവാഹമോചനം വേണ്ട എന്നു തീരുമാനിക്കുമ്പോഴും ആ വ്യക്തികളുടെ ജീവിതം അസംതൃപ്തിയില്‍ മുന്നോട്ടു പോകുന്നു. കുട്ടികളെ നല്ല വ്യക്തിത്വമുള്ളവരായി മാറ്റാന്‍ മാതാപിതാക്കള്‍ രണ്ടുപേരും ചേർന്ന് വളർത്തേണ്ടത് വളരെ പ്രധാനമാണ്.

പങ്കാളിയില്‍ നിന്നും ക്രൂര പീഡനം ഏൽക്കേണ്ടി വരിക, അനിയന്ത്രിതമായ ദേഷ്യം, ജീവന് പോലും നഷ്ടപ്പെട്ടേക്കാം എന്ന അവസ്ഥ, , മദ്യം-മയക്കുമരുന്ന് ഉപയോഗം, സാമൂഹ്യ വിരുദ്ധ സ്വഭാവം, സംശയരോഗം, ചികിത്സയ്ക്കു തയ്യാറാവാത്ത അവസ്ഥ, വിവാഹേതര ബന്ധങ്ങള്‍, വൈകാരിക അടുപ്പം ഇല്ലാത്ത അവസ്ഥ എന്നിവയെല്ലാം വിവാഹ മോചനമല്ലാതെ വേറെ മാർ​ഗമില്ല എന്നു ചിന്തിക്കുന്ന അവസ്ഥ സൃഷ്ടിച്ചേക്കാം. 

വിവാഹത്തിനു പുറത്ത് മറ്റൊരു ബന്ധത്തില്‍ ചെന്നുപെട്ടത്തിനുശേഷം സ്വന്തം കുട്ടികളെ ഉപേക്ഷിച്ചു പുതിയ പങ്കാളിയുടെ കുട്ടികളെ ഏറ്റെടുക്കുന്നവരുടെ എണ്ണവും കുറവല്ല. കുഞ്ഞുങ്ങളുടെ മനസ്സിന് ഇതുള്‍ക്കൊള്ളാന്‍ വളരെ വേഗം കഴിഞ്ഞെന്നു വരില്ല. അവര്‍ കുഞ്ഞുങ്ങളാണ്, മാതാപിതാക്കളുടെ ആശ്രിതത്വത്തിലാണവര്‍ വളർന്നു വരുന്നത്. മാതാപിതാക്കള്‍ കൂടെ ഉണ്ടാകണം എന്നവര്‍ ആഗ്രഹിക്കും.

കുട്ടികളെ ഓർത്തു മാത്രം പിരിയാതെ ജീവിക്കുന്നവര്‍...

‘എനിക്കൊരു രീതിയിലും അഡ്ജസ്റ്റ് ചെയ്തു പോകാന്‍ പറ്റുന്നില്ല, പക്ഷേ കുട്ടികളെ ഓര്‍ത്തു മാത്രമാണ് ഞാന്‍ വിവാഹമോചനത്തിലേക്ക് പോകാത്തത്”- ഇങ്ങനെ പറയുന്ന പല ആളുകളുമുണ്ട്. പക്ഷേ കുട്ടികളെ ഓർത്ത് എന്നു പറയുമ്പോഴും ഇവര്‍ രണ്ടുപേരും ഒരു ദിവസം എത്ര സമയം കുട്ടികള്‍ക്കൊപ്പം ചിലവഴിക്കുന്നു എന്നതു വളരെ പ്രധാനമാണ്. 

 പരസ്പരം സംസാരിക്കുന്നില്ല, ഒരു വീടിനുള്ളില്‍ ഒരു ബന്ധവുമില്ലാത്ത രണ്ടു വ്യക്തികളായി ജീവിക്കുന്നു, കുട്ടികള്‍ അതിനിടയില്‍ എങ്ങനെയോ വളരുന്നു എന്നതാണോ അവസ്ഥ? അങ്ങനെയെങ്കില്‍ ആ കുട്ടികളുടെ വ്യക്തിത്വം രൂപപ്പെടുന്നതില്‍ മാതാപിതാക്കൾക്ക് എത്രമാത്രം പങ്കുവഹിക്കാന്‍ കഴിയുന്നു?

പരസ്പരം പഴിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍...

എപ്പോഴും പരസ്പരം പഴിക്കുന്ന മാതാപിതാക്കള്‍ കുട്ടികളുടെ സമാധാനം നഷ്ടപ്പെടുത്തും എന്നു മാത്രമല്ല അവര്‍ കുട്ടികൾക്ക് തെറ്റായ മാതൃകകളായി തീരുകയും ചെയ്യും. സ്കൂള്‍ കഴിഞ്ഞു വീട്ടിലേക്കു വരാന്‍ തന്നെ കുട്ടി ഇഷ്ടപ്പെടാതെയാവും. രണ്ടുപേരും പരസ്പരം കുറ്റപ്പെടുത്തുന്ന തിരക്കില്‍ കുട്ടികളെ ശ്രദ്ധിക്കാന്‍, അവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും അറിയാന്‍ ആരും ഇല്ല എന്നതാവും അവസ്ഥ. 

പ്രശ്നങ്ങള്‍ വരുമ്പോള്‍ അവയെ എങ്ങനെ പരിഹരിക്കാന്‍ ശ്രമിക്കണം എന്ന കാര്യത്തില്‍ മാതാപിതാക്കള്‍ക്കു നല്ല മാതൃകയാവാന്‍ കഴിയാതെ പോകുന്നത് കുട്ടികള്‍ വലുതാകുമ്പോള്‍ അവര്‍ കണ്ടു വളർന്ന രീതി തുടരാന്‍ കാരണമായേക്കാം.

ആരാണ് കൂടുതല്‍ മികച്ചതെന്ന മത്സരം...

ഭാര്യാ ഭർത്താക്കന്മാര്‍ പരസ്പരം കുറവുകള്‍ മാത്രം കണ്ടെത്തുക എന്നത് ഒരു മത്സരമാക്കി മാറ്റുന്ന അവസ്ഥ പല വീടുകളിലും ഉണ്ട്. അവരുടെ തന്നെ മാതാപിതാക്കളെ മാതൃകയാക്കുകയാവും യഥാർത്ഥത്തില്‍ പലരും അവര്‍ അറിയാതെ തന്നെ ചെയ്യുക. സ്വന്തം ചിന്തകളിലും പെരുമാറ്റ രീതികളിലും എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത് എന്നു ചിന്തിക്കാന്‍  ഈ മത്സരത്തിനിടയില്‍ കഴിയാത്തിടത്തോളം കാലം അവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ അങ്ങനെ തന്നെ തുടരും. 

കുട്ടികളെ വളർത്തുന്ന രീതികളെപ്പറ്റിയൊക്കെയാണ് അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും നടക്കുന്നതെങ്കില്‍ അതു കേൾക്കുമ്പോൾ തന്നെ കുട്ടി താനാണ് എല്ലാ പ്രശ്നങ്ങള്ക്കും  കാരണം എന്ന തരത്തില്‍ ചിന്തിക്കാന്‍ തുടങ്ങും. ഇതു കുട്ടികളില്‍ കുറ്റബോധം ഉണ്ടാക്കും. മാതാവിനെയോ പിതാവിനെയോ തള്ളിപറഞ്ഞ്‌ ഒരാളുടെ മാത്രം ഭാഗത്തു നിൽക്കാൻ നിർബന്ധിക്കുന്നത്‌ കുട്ടികളെ വലിയ മാനസിക സമ്മര്‍ദ്ദത്തിലാക്കും.

മാതാപിതാക്കളും കുട്ടികളും ഒരുമിച്ചൊരു വീട്ടില്‍ താമസിക്കുന്നു എങ്കിലും കുട്ടികളുമായി അവര്‍ മാനസികമായി അടുപ്പം കാണിക്കാതെ പോകുന്ന അവസ്ഥ കുട്ടികളെ ദോഷകരമായി ബാധിക്കും. പലപ്പോഴും മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ അല്ലെങ്കില്‍ മാതാപിതാക്കളില്‍ എന്തെങ്കിലും മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുക എന്നിവയാണ് കുട്ടികളെവേണ്ടവിധം ശ്രദ്ധിക്കാന്‍ കഴിയാതെ പോകുന്ന അവസ്ഥ സൃഷ്ടിക്കുന്നത്. 

രണ്ടുപേരും ചേർന്ന്  ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങള്‍ മാതാവോ പിതാവോ ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വരുന്നതും മറ്റെയാള്‍ നിരുത്തരവാദപരമായി പെരുമാറുകയും ചെയ്യുന്ന രീതി പ്രശ്നങ്ങള്‍ക്കു കാരണമാകും.

പിതാവിനും മാതാവിനും കുട്ടിയുടെ വളർച്ചയ്ക്കുള്ള പങ്ക്...

പൊതുവേ അച്ഛന്‍ കുട്ടികളെ ധൈര്യപൂർവ്വം ഓരോ കാര്യങ്ങളിലും മുന്നോട്ടു വരാന്‍ പ്രേരിപ്പിക്കുമ്പോൾ അമ്മ 
അപകടങ്ങള്‍ പറ്റുമോ എന്ന ആശങ്കയാവും പ്രകടമാക്കുക. ഈ പറയുന്ന രണ്ടു രീതികളും അമിതമാകാതെ കുട്ടികളില്‍ ആത്മവിശ്വാസവും അതോടൊപ്പം തന്നെ ഓരോ പ്രവര്‍ത്തികളുടെയും അനന്തരഫലങ്ങളെപ്പറ്റി കൂടി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയില്‍ അവരെ വളർത്തിയെടുക്കാന്‍ കഴിയണം.

ബന്ധങ്ങളെപ്പറ്റി എന്തായിരിക്കും കുട്ടികളുടെ മനോഭാവം?

ബന്ധങ്ങളില്‍ വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥ മാതാപിതാക്കള്‍ തമ്മില്‍ പൊരുത്തപ്പെട്ടു പോകാത്തത് കുട്ടികളില്‍ സൃഷ്ടിച്ചേക്കാം. മാതാപിതാക്കളുടെ ജീവിതം കണ്ട് വിവാഹത്തെപ്പറ്റി പ്രതികൂല മനോഭാവമുള്ളവരായികുട്ടികള്‍ മാറാനിടയുണ്ട്. ബന്ധങ്ങള്‍ നിലനിർത്താന്‍ കഴിയുമോ, വ്യക്തിബന്ധങ്ങള്‍ നഷ്ട്ടമാകുമോ എന്ന ആകുലത അവരുടെ മനസ്സില്‍ നിറയാന്‍ സാധ്യതയുണ്ട്. 

വിവാഹജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചികിത്സ തേടുന്ന പലരും അവർക്ക് കുഞ്ഞുന്നാളില്‍ സ്നേഹം കിട്ടാതെ പോയതിനാല്‍ അമിതമായി പ്രതീക്ഷകള്‍ വച്ചു കിട്ടാതെ വരുമ്പോഴുള്ള ദു:ഖം പറയാറുണ്ട്.  വേർപിരിഞ്ഞ മാതാപിതാക്കളുടെ കുട്ടികള്‍ മാതാവോ പിതാവോ ആകുമ്പോള്‍ ഒരു രക്ഷകർത്താവെന്ന നിലയില്‍ സ്വയം വില നൽകാൻ കഴിയാത്ത അവസ്ഥ നേരിടാന്‍ സാധ്യതയുണ്ട്. എന്നാല്‍ മാതാപിതാക്കളുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ കണ്ട് താനും അങ്ങനെ ആകാന്‍ പാടില്ല എന്ന നല്ല ചിന്തയില്‍ ജീവിതം മെച്ചപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുന്നവരും ഉണ്ട് എങ്കിലും എല്ലാവർക്കും അതിനു കഴിഞ്ഞെന്നു വരില്ല.

പ്രശ്നങ്ങള്‍ പരിഹരിക്കാനാണോ കുഞ്ഞുങ്ങള്‍?

വിവാഹ മോചനം വേണമോ-വേണ്ടയോ, ശരിയോ-തെറ്റോ എന്നതെല്ലാം ഓരോ വ്യക്തികളുടെയും തീരുമാനമാണ്. ഓരോരുത്തരുടെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. പക്ഷേ പലപ്പോഴും വിവാഹത്തിന്റെ ആദ്യ കാലം മുതലേ ചിലരുടെ ജീവിതത്തില്‍ പരിഹരിക്കപ്പെടാതെ പോകുന്ന പ്രശ്നങ്ങൾക്ക് അവർക്ക് ചുറ്റുമുള്ള ചിലർ നിർദേശിക്കുന്ന പരിഹാരമാർ​ഗമാകാം കുഞ്ഞുങ്ങള്‍.

 ചിലരുടെ ജീവിതത്തില്‍ കുട്ടിയുടെ ജനനത്തിനുശേഷം നല്ല മാറ്റങ്ങള്‍ ഉണ്ടാകുമെങ്കിലും എല്ലാവരുടെയും അവസ്ഥ അങ്ങനെയാകണം എന്നില്ല. കുഞ്ഞുങ്ങള്‍ എന്നത് വലിയ ഉത്തരവാദിത്വമാണ്. അവരെ വളർത്തേണ്ടത് എങ്ങനെ‌ എന്ന കാര്യത്തില്‍ മാതാപിതാക്കള്‍ തമ്മില്‍ ആലോചിച്ചു മുന്നോട്ടു പോകേണ്ടതായുണ്ട്. വഴക്കുകൾക്കിടയില്‍ ആരും കാണാതെ, കരുതാതെ പോകുന്ന ജീവിതങ്ങള്‍ ആയി മാറരുത് അവര്‍.

കടപ്പാട്:

പ്രിയ വര്‍ഗീസ്(M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (RCI Registered)
റാന്നി, പത്തനംതിട്ട
Call: 8281933323
Telephone consultation available

Follow Us:
Download App:
  • android
  • ios