Asianet News MalayalamAsianet News Malayalam

ഇങ്ങനെയും ചില മരണങ്ങള്‍!

Haris Kannur autobiography of a graveyard keeper
Author
Thiruvananthapuram, First Published Jan 22, 2018, 2:40 PM IST

ആരോ ഗെയിറ്റില്‍ ഇടിക്കുന്നതിന്റെ ശബ്ദം കേട്ടാണ് ഉറക്കം ഞെട്ടിയത്. ഗ്ലാസ് ഡോറിന്റെ സൈഡിലൂടെ നോക്കിയാല്‍ ഗെയിറ്റ് കാണാനാവും. ഞാന്‍ ചാടിയെഴുന്നേറ്റ് ഒന്ന് പാളി നോക്കി. വെളുത്ത നീളന്‍ വസ്ത്രവും, വെളുത്ത തലപ്പാവും ധരിച്ചൊരാള്‍ അകത്തു നിന്നും കൈകള്‍ കൊണ്ട് ശക്തിയായി ഗെയിറ്റ് പിടിച്ചു കുലുക്കുന്നത് അഴികള്‍ക്കിടയിലൂടെ കണ്ടു. തണുപ്പില്‍ ആ കുറിയ മനുഷ്യന്‍ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു. കാഴ്ചയില്‍ പ്രായം ഏതാണ്ട് അറുപത് തോന്നിക്കുന്ന ഇയാള്‍ എങ്ങനെ ഇതിനകത്ത് വന്നു പെട്ടു എന്ന ചിന്ത ഉടലെടുത്തപ്പോള്‍ നട്ടെല്ലിലൂടെ തണുപ്പ് അരിച്ചു കയറി

Haris Kannur autobiography of a graveyard keeper

ഡിസംബറിലെ ഒരു സന്ധ്യാ നേരം. പതിവു പട്രോളിംഗ് പൂര്‍ത്തിയാക്കിയ ശേഷം സെമിത്തേരിയുടെ ഗെയിറ്റ് താഴിട്ടു പൂട്ടി സെക്യൂരിറ്റി കാബിനിലേക്ക് നടന്നു. സമയം ഏഴു മണി. മുനിസിപ്പാലിറ്റിയുടെ വയര്‍ലെസ് സെറ്റ് ബാറ്ററി ചാര്‍ജ് പൂര്‍ണ്ണമായെന്നറിയിച്ചപ്പോള്‍ പ്ലഗില്‍ നിന്നും പിന്‍ അടര്‍ത്തി മാറ്റി. ഇതിനിടെ മാനേജര്‍ ഡ്യൂട്ടി കഴിഞ്ഞ് വെളിയിലേക്കിറങ്ങി വരുന്നത് ഗ്ലാസ് ഡോറിലൂടെ കാണാറായി. ഞാന്‍ പുറത്തേക്കിറങ്ങി. താന്‍ പോകുകയാണെന്ന അര്‍ത്ഥത്തില്‍ അയാള്‍ പുഞ്ചിരിച്ചു കൊണ്ട് കൈവീശി കാണിച്ചു. പിന്നെ ഇരുണ്ട പുക അന്തരീക്ഷത്തില്‍ പറത്തിക്കൊണ്ട് അയാളുടെ ടയോട്ട കാര്‍ മുന്നോട്ടു നീങ്ങി.

വൈകുന്നേരം ഏഴുമണി കഴിഞ്ഞാല്‍ സെക്യൂരിറ്റി കാബിന്‍ അടച്ചു ഓഫീസില്‍ ഇരിക്കണം അതാണ് നിയമം. മാനേജര്‍ ഡ്യൂട്ടി കഴിഞ്ഞു പോയാല്‍ ഓഫീസ് ശൂന്യമാണ്. അതുകൊണ്ടു തന്നെ രാത്രി ഏഴു മണിക്ക് ശേഷം വരുന്ന എല്ലാ ഫോണ്‍ കോളുകളും അറ്റെന്റ് ചെയ്യേണ്ടത് സെക്യൂരിറ്റിയുടെ ഡ്യൂട്ടിയാണ്. ഞാനൊരു ചായ തിളപ്പിച്ചു. പിന്നെ അതുമായി ടെലിഫോണിന് അഭിമുഖമായുള്ള കസേരയില്‍ വന്നിരുന്നു. ഇവിടെ നിന്ന് നോക്കിയാല്‍ ദൂരെ മെയിന്‍ റോഡ് കാണാനാവും. തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളുടെ ശബ്ദം നേര്‍ത്ത വീചികളായി ചെവികളില്‍ പതിക്കും. കുറെ നേരം കണ്ണുകളെ പുറം കാഴ്ച്ചകളിലേക്ക് മേയാന്‍ വിട്ട ശേഷം  ടീപ്പോയില്‍ കണ്ട എതോ മാസിക വെറുതെ മറിച്ചു നോക്കാന്‍ ഒരു ശ്രമം നടത്തവെ ടെലിഫോണ്‍ ശബ്ദിച്ചു. മോര്‍ച്ചറിയില്‍ നിന്നുമാണ്. ഒരു ബോഡി വരുന്നുണ്ട്. ഇന്ത്യക്കാരനാണ്. കുഴിവെട്ടുകാരെ ഏര്‍പ്പാടാക്കുക. ഇത്രയുമാണ് സന്ദേശം. 

ഓഫീസിനു തൊട്ടടുത്ത പള്ളിയുടെ പുറകിലാണ് കുഴിവെട്ടുകാരുടെ താമസം. പെട്ടെന്ന് തന്നെ അവരെ വിവരമറിയിച്ചു. ആറു പേര്‍ക്ക് താമസിക്കാവുന്ന ആ വലിയ മുറിയുടെ ഭിത്തികള്‍ക്കുള്ളില്‍ തങ്ങളുടെതായ ലോകം തീര്‍ക്കുന്ന അവര്‍ വേഗത്തില്‍ ഡ്യൂട്ടിക്ക് സജ്ജമായി. പിന്നെ കുഴിയെടുക്കാനുള്ള പണിയായുധങ്ങളുമായി അവര്‍ സെമിത്തേരിയുടെ കൂറ്റന്‍ ഗെയിറ്റ് വലിച്ചു തുറന്ന് അകത്തേക്ക് പ്രവേശിച്ചു. അപ്പോഴേക്കും സമയം എഴര മണി കഴിഞ്ഞിരുന്നു.

ഓഫീസിലെ മേശപ്പുറത്തെ ഡെയിലി ഡ്യൂട്ടി റിപ്പോര്‍ട്ട് ലെഡ്ജറില്‍ ഫോണ്‍ സന്ദേശത്തെ കുറിച്ചുള്ള വിവരണങ്ങളും മറ്റും എഴുതിയ ശേഷം ചായ കപ്പ് കഴുകാനായി അടുക്കളയിലേക്ക് പോകവേ, ദൂരെ നിന്നും  ഹെഡ് ലൈറ്റുകളുടെ ഒരു നീണ്ട നിര തന്നെ കാണാറായി. പ്രകാശ തീവ്രത കൂടി കൂടി അടുത്തെത്തിയപ്പോള്‍ ഞാന്‍ പുറത്തേക്കിറങ്ങി. വാഹന നിരകളില്‍ ഏറ്റവും മുന്‍പിലെത്തെ ഷെവര്‍ലെ കാറുകാരന്‍ എന്നെ കണ്ടപ്പോള്‍ വാഹനം നിര്‍ത്തി. 

പിന്നാലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു വലിയ വാഹന നിര കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു.

മരണപ്പെട്ടത് മാഹിക്കാരനായ അഹമ്മദ് ഹാജി എന്നൊരാളാണെന്ന് തല വെളിയിലേക്കിട്ട ശേഷം അയാള്‍ അറിയിച്ചു. ഞാന്‍ അകത്തേക്ക് കടക്കാന്‍ അനുവാദം കൊടുത്തു. വാഹന നിരയുടെ മധ്യത്തിലായിരുന്ന ആംബുലന്‍സ് എന്റെ മുന്‍പില്‍ ബ്രേക്കിട്ടു നിര്‍ത്തി. പിന്നെ പാക്കിസ്ഥാനിയായ ആ ഡ്രൈവര്‍ മുനിസിപ്പാലിറ്റിയുടെ പേപ്പര്‍ തന്നു. പേരും, നമ്പരും പരിശോധിച്ച ശേഷം അകത്തേക്ക് വിട്ടു. പിന്നാലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു വലിയ വാഹന നിര കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു.

മാഹിക്കാരനായ അഹമ്മദ് ഹാജി കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പ്രവാസിയാണ്. എഴുപതുകളുടെ ആദ്യത്തില്‍ പായ്ക്കപ്പലില്‍ എത്തിപ്പെട്ട മുപ്പതു പേരില്‍ ഒരാള്‍.വന്നിറങ്ങിയ ആദ്യകാലങ്ങളില്‍ കടുത്ത പ്രയാസങ്ങള്‍ നേരിടേണ്ടി വന്ന അയാള്‍ അതൊക്കെ തരണം ചെയ്താണ് ഉയര്‍ച്ചയിലെത്തിയതെന്ന് അദ്ദേഹത്തിന്റെ സഥാപനങ്ങളുടെ മാനേജര്‍ ഹക്കീം ഓര്‍ത്തെടുത്തു. മൂന്നു നാലു എമിറേറ്റുകളിലായി നീണ്ടു കിടക്കുന്ന സ്ഥാപനങ്ങളുടെ ഉടമയായ അഹമ്മദ് ഹാജി നല്ലൊരു മനസ്സിന്റെ ഉടമയായിരുന്നെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. എമര്‍ജന്‍സി ലൈറ്റുകളുടെ വെളിച്ചത്തില്‍ സംസ്‌കാര നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കവെ ഞാന്‍ അയാളോട് ഇപ്രകാരം ചോദിച്ചു.

'മരണ കാരണം എന്തായിരുന്ന...?'

'അങ്ങനെ പ്രത്യേകിച്ച് ഒന്നും ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഊണു കഴിക്കവേ ഒന്ന് കുഴഞ്ഞു വീണു. അത്രതന്നെ. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. ഉയര്‍ച്ചയുടെ പടവുകള്‍ക്ക് പാതയൊരുക്കി തന്ന ഈ മരുഭൂമിയില്‍ തന്നെ അടക്കം ചെയ്യണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. അദ്ദേഹം അത് പല തവണ പറഞ്ഞിട്ടുള്ളതാണ്'

അങ്ങനെ പറഞ്ഞു കൊണ്ട് അയാള്‍ ദൂരേയ്ക്ക് കണ്ണു നട്ടു. അകലെ സൈത്തൂന്‍ മരങ്ങളില്‍ മഞ്ഞു പെയ്തു.

മൃതദേഹം അടക്കം ചെയ്തതിനു ശേഷമുള്ള പ്രാര്‍ത്ഥന ആരംഭിച്ചു. ശരീരത്തില്‍ തണുപ്പ് അരിച്ചു കയറി. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ വിന്‍ഡോ ഗ്ലാസ് അടച്ചു കൊണ്ട്  വാഹനങ്ങള്‍ക്കുള്ളില്‍ ഇരുന്നു ആ കാഴ്ച നോക്കി കണ്ടു. സംസ്‌കാര നടപടികള്‍ പൂര്‍ത്തിയായെന്നുറപ്പായപ്പോള്‍ വാഹനങ്ങള്‍ ഓരോന്നായ്  സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടു കുതിച്ചു. ഏറ്റവും ഒടുവിലായി മുനിസിപ്പാലിറ്റി പിക്കപ്പില്‍ കുഴിവെട്ടുകാരോടൊപ്പം ഞാനും പുറത്തേക്ക് തിരിച്ചു. പിന്നെ വലിയ ഇരമ്പലോടെ ഗെയിറ്റ് അടിച്ചു പൂട്ടി. സെമിത്തേരിക്കകം ഇരുട്ട് പുതച്ചു. തണുത്ത കാറ്റ് ആഞ്ഞു വീശിയപ്പോള്‍ ഞാന്‍ ഓഫീസിനകത്തേക്ക് ഓടി കയറി ഗ്ലാസ് ഡോര്‍ അടച്ചു. പിന്നെ എ സിയും ലൈറ്റുകളും ഓഫ് ചെയ്ത ശേഷം കസേര ഗ്ലാസ് ഡോറിന് അഭിമുഖമായി നീക്കിയിട്ടു. ക്ലോക്കിലെ സമയം പതിനൊന്നായെന്ന് പെന്‍ഡുലം മുഴക്കത്തോടെ ഓര്‍മ്മപ്പെടുത്തി. ഇരു കാലുകളും നീട്ടിവെച്ച് ആ ചാരു കസേരയില്‍ ചാഞ്ഞിരുന്ന് അകലെത്തെ വഴിയോരത്തേക്ക് വെറുതെ നോക്കി. അഹമ്മദ് ഹാജിയെക്കുറിച്ചും അയാളുടെ പ്രയത്‌നത്തെക്കുറിച്ചുമുള്ള ചിന്തകള്‍ നേരെ നിദ്രയിലേക്കാണ് വഴി തെളിച്ചു വിട്ടതെന്ന് ഞാനറിഞ്ഞിരുന്നില്ല.

ആരോ ഗെയിറ്റില്‍ ഇടിക്കുന്നതിന്റെ ശബ്ദം കേട്ടാണ് ഉറക്കം ഞെട്ടിയത്

പുലര്‍ച്ചെ മൂന്നു മണി. 

ആരോ ഗെയിറ്റില്‍ ഇടിക്കുന്നതിന്റെ ശബ്ദം കേട്ടാണ് ഉറക്കം ഞെട്ടിയത്. ഗ്ലാസ് ഡോറിന്റെ സൈഡിലൂടെ നോക്കിയാല്‍ ഗെയിറ്റ് കാണാനാവും. ഞാന്‍ ചാടിയെഴുന്നേറ്റ് ഒന്ന് പാളി നോക്കി. വെളുത്ത നീളന്‍ വസ്ത്രവും, വെളുത്ത തലപ്പാവും ധരിച്ചൊരാള്‍ അകത്തു നിന്നും കൈകള്‍ കൊണ്ട് ശക്തിയായി ഗെയിറ്റ് പിടിച്ചു കുലുക്കുന്നത് അഴികള്‍ക്കിടയിലൂടെ കണ്ടു. തണുപ്പില്‍ ആ കുറിയ മനുഷ്യന്‍ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു. കാഴ്ചയില്‍ പ്രായം ഏതാണ്ട് അറുപത് തോന്നിക്കുന്ന ഇയാള്‍ എങ്ങനെ ഇതിനകത്ത് വന്നു പെട്ടു എന്ന ചിന്ത ഉടലെടുത്തപ്പോള്‍ നട്ടെല്ലിലൂടെ തണുപ്പ് അരിച്ചു കയറി. എന്തു ചെയ്യണം എന്ന് ഒരു നിമിഷം ചിന്തിച്ചു. പിന്നെ ധൈര്യം സംഭരിച്ച് ഡോര്‍ തുറന്ന്  പുറത്തേക്കിറങ്ങി. 

തണുപ്പ് കാരണം മൂക്കും വായും തലപ്പാവിന്റെ തലപ്പ് കൊണ്ട് അയാള്‍ മൂടിയിരുന്നെങ്കിലും കാറ്റില്‍ അവ ഇളകിയാടുന്നത് അയാളില്‍ അസ്വാസ്ഥ്യം ഉളവാക്കുന്നുവെന്നത് കണ്ടറിയാം . എന്നെ കണ്ടപ്പോള്‍ അയാള്‍ ഗെയിറ്റില്‍ മുട്ടുന്നതു നിര്‍ത്തി. വലിയ ആശ്വാസം ആ മുഖത്തു നിന്നും വായിച്ചെടുത്തു. ഞാന്‍ അടുത്ത് ചെന്ന് നിങ്ങള്‍ ആരാണെന്നും , എങ്ങനെ ഇതിനകത്ത് വന്നു പെട്ടെന്നും ചോദിച്ചപ്പോള്‍ അയാളുടെ ശ്വാസോച്ഛസം ഒന്ന് ഉയര്‍ന്നു താണു. അയാള്‍ക്ക് ഒട്ടും സംസാരിക്കാനാവുമായിരുന്നില്ല.

ഭയം അയാളെ പിടിച്ചുകുലുക്കിയിരിക്കുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അയാളുടെ വിറയലിന് ശക്തി കൂടുന്നതു കണ്ടപ്പോള്‍ ഗെയിറ്റ് തുറന്ന് വെളിയിലേക്കിറക്കി. 

ഓഫീസിലേക്കു കയറുന്ന ചവിട്ടു പടിയില്‍ ഇരുന്നു കൊണ്ട്, തനിക്ക് കുടിക്കാന്‍ ചൂടുള്ളതെന്തെങ്കിലൂം തരണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. നൈറ്റ് ഡ്യൂട്ടിയില്‍ ഇടയ്ക്കിടെ കുടിക്കാനായി വാക്വം ഫ്‌ളാസ്‌കില്‍ നിറച്ച ചായ ഒരു ഗ്ലാസിലേക്ക് പകര്‍ന്ന് അയാളുടെ നേരെ നീട്ടി. ആര്‍ത്തിയോടെ അയാളത് അല്‍പാല്‍പമായി ഊതി കുടിച്ചു. അവസാനത്തെ കവിള്‍ അകത്താക്കിയ ശേഷം ഗ്ലാസ് തറയിലൊരിടത്ത് വെച്ചപ്പോള്‍ ഞാനയാളെ കൈ പിടിച്ച് എഴുന്നേല്‍പ്പിച്ച് ഓഫീസിലെ കസേരകളിലൊന്നില്‍ കൊണ്ടു ചെന്നിരുത്തി. പിന്നെ അയാള്‍ ആരാണെന്നും, എങ്ങിനെ എത്തിപ്പെട്ടെന്നും ചോദിച്ചു. 

'എന്റെ പേര് ഹബീബുള്ള ഖാന്‍'-അയാള്‍ പറഞ്ഞു. 

അഹമ്മദ് ഹാജിയും അയാളും ഏതാണ്ട് ഒരേ സമയത്ത് കടല്‍ കടന്ന് മരുഭൂമിയില്‍ എത്തിയവരായിരുന്നു. അഹമ്മദ് ഹാജി സ്വന്തം മിടുക്കു കൊണ്ട് ബിസിനസില്‍ ഉയര്‍ന്നപ്പോള്‍ ഹബീബുള്ളാഖാന്‍ പച്ചപ്പ് നേടാനാവാതെ അലഞ്ഞു തിരിഞ്ഞു. അയാളോട് അനുകമ്പ തോന്നിയ അഹമ്മദ് ഹാജി അയാള്‍ക്കൊരു ജോലി കൊടുത്ത് തന്റെ സ്ഥാപനത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നു. അന്നു മുതല്‍ ഇന്നു വരെ പത്ത് നാല്‍പ്പത് വര്‍ഷത്തോളം അവര്‍ ഉറ്റ സുഹൃത്തുക്കളെപ്പോലെയായിരുന്നു. അതിനിടെയാണ് ഇപ്പോള്‍ മരണമെത്തിയത്. 

'പെട്ടെന്നൊരാള്‍ എന്റെ തോളില്‍ കൈ വെച്ചു

സുഹൃത്തിന്റെ  പെട്ടെന്നുള്ള മരണം അയാളെ മാനസികമായി അങ്ങേയറ്റം തകര്‍ത്തിയിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍ അവിടെ നിന്നും മാറി നിന്ന് അല്‍പം അകലെയുള്ള സൈത്തൂന്‍ മരത്തിന്റെ ചുവട്ടിലിരുന്ന് കരയുകയായിരുന്നു. 

'പെട്ടെന്നൊരാള്‍ എന്റെ തോളില്‍ കൈ വെച്ചു. ഹബീബ് നമുക്ക് പോകാം എന്നായിരുന്നു അയാള്‍ പറഞ്ഞത്.'-ഹബീബുള്ള വിറയ്ക്കുന്ന സ്വരത്തില്‍ പറഞ്ഞു. 

അത് അഹമ്മദ് ഹാജി ആയിരുന്നുവെന്ന് ഹബീബ് കൂട്ടിച്ചേര്‍ത്തു. ചിരിച്ചു കൊണ്ട് നില്‍ക്കുകയാണ് ഹാജി. പെട്ടെന്ന് തല കറങ്ങുന്നതു പോലെ തോന്നി. പിന്നെ ഒന്നും ഓര്‍മ്മയില്ല. ബോധം തിരികെ വന്നപ്പോള്‍ ചുറ്റും ഇരുട്ടായിരുന്നു. ഒരാളും ചുറ്റുമില്ല. പുറത്തേക്കുള്ള വഴിയറിയാതെ രാത്രിയിലെ  തണുപ്പില്‍ നടന്നത് സെമിത്തേരിക്കകത്തായിരുന്നു. 

ആ നടത്തത്തെക്കുറിച്ച് അയാള്‍ വിറയ്ക്കുന്ന സ്വരത്തില്‍ പറയുമ്പോള്‍ ഞെട്ടലോടെ ഞാന്‍ കേട്ടിരുന്നു. 

'എന്റെ തെറ്റാണ് ഹബീബ്, ആരെങ്കിലും ബാക്കിയുണ്ടോയെന്ന് ഞാന്‍ ശ്രദ്ധിക്കണമായിരുന്നു'-ഞാന്‍ പറഞ്ഞു. 

പറഞ്ഞു തീര്‍ത്തതോടെ അയാള്‍ നന്നേ ക്ഷീണിതനായി കാണപ്പെട്ടു. ആശുപത്രിയിലേക്ക് പോകാനുള്ള ആംബുലന്‍സ് ഏര്‍പ്പാട് ചെയ്യാം എന്നു പറഞ്ഞെങ്കിലും അയാള്‍ അതൊന്നും വേണ്ടെന്നു വിലക്കി. തനിക്ക് അല്‍പ നേരം കിടക്കണമെന്നും നേരം വെളുത്താല്‍ പോയ്‌ക്കൊള്ളാം എന്നും അയാള്‍ പറഞ്ഞു. തൊട്ടു മുമ്പിലുള്ള പള്ളിയിലേക്ക് ഞാന്‍ അയാളെ കൂട്ടിക്കൊണ്ടുപോയി. അവിടെ ഒരിടത്ത് കിടക്കാമെന്ന് പറഞ്ഞു. 

പുലര്‍ച്ചെ അഞ്ചരയ്ക്ക് അന്നത്തെ ഡ്യൂട്ടി റിപ്പോര്‍ട്ട് തയ്യാറാക്കി കൊണ്ടിരിക്കുമ്പോഴാണ് പള്ളിയില്‍ ബാങ്ക് കൊടുക്കാനായി വന്ന ബംഗാളി പയ്യന്‍ ഓടി കിതച്ച് ഓഫീസിലെത്തിയത്. എന്താണ് കാര്യമെന്നറിയാതെ ഞാനൊന്നു പകച്ചപ്പോള്‍ അവന്‍ ഇപ്രകാരം പറഞ്ഞൊപ്പിച്ചു.

'പള്ളിയില്‍ ഒരാള്‍ മരിച്ചു കിടക്കുന്നു!' 

എന്റെ നെഞ്ചിലൂടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു പോയി. ഞെട്ടലോടെ ഞാന്‍ പള്ളിയിലേക്ക് ഓടി. ഹബീബുള്ളാഖാന്‍ കൈവിരലുകള്‍ പരസ്പരം കോര്‍ത്ത് നെഞ്ചോട് ചേര്‍ത്തു വെച്ച് സുഖമായുറങ്ങുന്നു. പക്ഷെ ആ ശരീരം തണുത്തുറഞ്ഞിരുന്നു. ഹൃദയസ്പന്ദനം നിലച്ചിരുന്നു. 

ആ ഞെട്ടലില്‍ അധികനേരം നില്‍ക്കാനായില്ല. മേല്‍ നടപടികള്‍ക്കായി പോലീസിനെ വിളിച്ചു. പത്തു മിനിറ്റിനകം അവര്‍ ആംബുലന്‍സുമായി വന്നു. ദേഹ പരിശോധനകള്‍ നടത്തിയ ശേഷം  നിയമ നടപടികള്‍ പൂര്‍ത്തിയാക്കി. പോലീസ് റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി എന്റെ കൈയ്യില്‍ തന്ന ശേഷം നാച്ച്വറല്‍ ഡെത്ത് ആവാനാണ് സാധ്യതയെന്നും , കൂടുതല്‍ വിശദാംശങ്ങള്‍ പോസ്റ്റ്് മോര്‍ട്ടത്തിനു ശേഷമേ പറയാനാവൂ എന്നു പറഞ്ഞ്  ബോഡി സ്‌ട്രെച്ചറില്‍ കിടത്തി ആംബുലന്‍സിലേക്ക് കയറ്റി. പോലീസ് മുന്‍പിലും ആംബുലന്‍സ് പുറകിലുമായി പുറപ്പെട്ടു.

'പ്രിയ ഹബീബ്, സുഹൃത്തിന്റെ ക്ഷണം നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നു. തിരിച്ചുവരാതെ, നിങ്ങള്‍ സുഹൃത്തിനൊപ്പം പോയിരിക്കുന്നു. മരണം മാത്രമാണ് അനിവാര്യമായ യാഥാര്‍ത്ഥ്യം. ബാക്കിയെല്ലാം മിഥ്യയോ വെറും തോന്നലുകളോ ആണ്. പല മഹാന്മാരും പറഞ്ഞിട്ടുള്ള ഈ വാക്കുകള്‍ എത്ര ശരിയാണെന്ന് നിങ്ങളെന്നെ പിന്നെയും പഠിപ്പിച്ചിരിക്കുന്നു!

അടുത്ത ലക്കം
(ജിയോ ഫിസിക്കല്‍ സര്‍വ്വെയും, റംസാന്‍ കാല രാത്രിയും)

...............................................................

ആത്മകഥയിലെ പഴയ ഏടുകള്‍
മരിച്ചവരുടെ കൂട്ടില്‍ ജീവനോടെ!

മണല്‍ക്കാറ്റില്‍ ചോരക്കുഞ്ഞിന്റെ  മൃതദേഹവുമായി ഒരു രാത്രി!

Follow Us:
Download App:
  • android
  • ios