Asianet News MalayalamAsianet News Malayalam

എന്റെ തങ്കവല്ലി ടീച്ചര്‍

My teacher Mubashir kaipram
Author
Thiruvananthapuram, First Published Nov 14, 2017, 7:52 PM IST

ചില അധ്യാപകരുണ്ട്. ആഴത്തില്‍ നമ്മെ സ്വാധീനിച്ചവര്‍. ജീവിതത്തെ മാറ്റിയെഴുതിയവര്‍. അത്തരം ഒരു അധ്യാപകന്‍, അധ്യാപിക നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ 'പാഠം രണ്ട്' എന്ന് എഴുതാന്‍ മറക്കരുത്. 

My teacher Mubashir kaipram
നാല് മൊബൈല്‍ ടവറുകള്‍ക്ക് സമീപമാണ് എന്റെ സ്‌കൂള്‍ ജീവിതം. മുകള്‍ ഭാഗത്ത് മൊബൈല്‍ ടവറുകള്‍. താഴ്ഭാഗത്ത് ഫയര്‍ സ്റ്റേഷനും. നിരന്തരം സേവന പ്രയത്‌നരായവര്‍ക്കിടയിലാണ് ഞാന്‍ അശ്രദ്ധനായി ഉഴറി നടന്നത്. 

ഓര്‍മ്മ വെച്ചതു മുതല്‍ക്കെ കേള്‍ക്കുന്ന പേരാണ് പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍. മൂത്തവരെല്ലാം പഠിച്ചിറങ്ങിയ കലാലയമാണത്. പഠനത്തില്‍ അതിയായ താല്‍പര്യം നല്‍കാത്തതിനാല്‍ എന്നെ നിരന്തരം ഉപദേശിക്കുന്ന അവിടുത്തെ ഒരു അദ്ധ്യാപികയാണ് തങ്കവല്ലിടീച്ചര്‍. ആത്മാര്‍ത്ഥത കൈവിടാത്ത ഉപദേശങ്ങള്‍ പലപ്പോഴും ആശയപരമായ സംഘട്ടനത്തിലേക്കു വരെ ഞങ്ങളെ എത്തിച്ചിട്ടുണ്ട്. പക്ഷെ ഞാനത് മിക്കപ്പോഴും കാതോര്‍ത്ത് ശരി മൂളും.

എന്റെ നന്മക്കു വേണ്ടി, എന്നെ നൂറു രൂപ തരാമെന്നു പറഞ്ഞ് ഉറുദു ക്ലാസില്‍ ചേരാന്‍ വശീകരിച്ചു. പിന്നെ നോട്ട് ബുക്ക്, പേന എല്ലാം ഫ്രീയാണ്. ഒ.സിക്ക് കിട്ടിയാ ഗ്രീസും കുടിക്കുന്നവരല്ലെ നമ്മള്‍. നിര്‍ബന്ധിച്ച് ഉറുദു ക്ലാസിലേക്ക് കൂട്ടിയപ്പോള്‍ മനസ് പലപ്പോഴും വിമര്‍ശനാത്മകമായി പ്രതികരിച്ചിട്ടുണ്ട്. കുട്ടിത്തതിന്റെ ബാലാരിഷ്ടതകള്‍ ആയിരുന്നു അതെന്ന് പിന്നെയറിഞ്ഞു. 

മുബശ്ശിര്‍ എന്ന എന്റെ പേര് എപ്പോഴും മുബഷിര്‍ എന്നേ വിളിക്കൂ. അന്നൊക്കെ നമ്മള്‍ക്ക് പേരും ഊരുമൊക്കെ വല്യ കാര്യമല്ലെ. ഒരു വിട്ടു വീഴ്ചയ്ക്കും ഞാന്‍ തയ്യാറല്ലായിരുന്നു. അതിനാല്‍ നല്ല ദേഷ്യമായിരുന്നുവെനിക്ക് ടീച്ചറോട്. പക്ഷെ, പണത്തിനു മീതെ പരുന്ത് പറക്കില്ലല്ലോ? ഞാനും ആ നൂറ് രൂപയില്‍ വീണു.. ഉറുദുവിന് കൂടി.

ഒന്നാം കൊല്ലം താല്‍പര്യമില്ലാതെ പഠിച്ചു തീര്‍ത്തു. രണ്ടാം കൊല്ലവും ഇതേയവസ്ഥ. പണം, നോട്ട്. ഉറുദു തന്നെ എടുക്കണം പോല്‍.

ടീച്ചറുടെ ആവശ്യമാണ്. ഒപ്പം നിര്‍ബന്ധവും. എന്തായാലും നനഞ്ഞു, ഇനി കുളിച്ചു കയറാംന്ന് ഞാനും കരുതി. പക്ഷെ വലിയ ഒരു പ്രതിസന്ധി അടുത്ത കൊല്ലം പത്താം ക്ലാസാണ്. എന്തു ചെയ്യണമെന്ന ആധി എന്നെ വേട്ടയാടിത്തുടങ്ങി.
അപ്പോഴും ടീച്ചര്‍ ഉപദേശിച്ചു...

'എട്ടിലും ഒന്‍പതാം ക്ലാസിലും നല്ല മാര്‍ക്കില്ലേ? 90% ത്തിലധികം. പിന്നെന്തിനു ഭയക്കണം'

എസ്.എസ്.എല്‍.സി യുടെ മാര്‍ക്ക് വന്നപ്പോള്‍ ആശങ്കയെല്ലാം അസ്ഥാനത്തായി

അങ്ങനെയെങ്കില്‍ അങ്ങനെ ആവട്ടെന്നു ഞാനും കരുതി. ഞങ്ങളുടെ ഉറുദു ക്ലാസ് ഇടുങ്ങിയ മുറിയിലാണ്. സുനില്‍ മാഷെ ഡ്രോയിംഗ് മുറിയാണ്. പെയിന്റു കുപ്പിയും മറ്റും അവിടെയിവിടെ ചിതറിക്കിടക്കും.

തടിയന്‍ റമീസും നീളന്‍ ഷാലുവും പിന്നെ പന്ത്രണ്ടോളം പേരും കയറുമ്പോഴേക്കും റൂം നിറയും. 

ഒരു മന്ദിപ്പാണ് ക്ലാസ്. എന്നാലും രസകരമാണ്. ഇതു മാറ്റാന്‍ ഞങ്ങള്‍ പലപ്പോഴും വാഗ്വാദങ്ങള്‍ നടത്തും. ടീച്ചറെ കളിയാക്കി വിടും. ഇഖ്ബാലിന്റെ കവിതകള്‍ കേള്‍പ്പിച്ചു തരും. മിര്‍സാ ഗാലിബിന്റെ ഗസലുകള്‍ പാടും. പ്രശ്‌നം അങ്ങനെ ഒത്തുതീര്‍പ്പാവാറാണ് പതിവ്. എല്ലാം സഹിച്ചും രസിച്ചും മൂന്നു കൊല്ലം കഴിഞ്ഞു.

അങ്ങനെ എസ്.എസ്.എല്‍.സി യുടെ മാര്‍ക്ക് വന്നപ്പോള്‍ ആശങ്കയെല്ലാം അസ്ഥാനത്തായി. മെല്ലെ സ്‌കൂളിന്റെ പടിയിറങ്ങി. പിന്നെ സിറാജുല്‍ ഹുദയില്‍. പ്ലസ് വണും പ്ലസ് ടു വും ഭംഗിയായി കഴിഞ്ഞു. അന്ന് പഴി ചാരിയ ഉറുദുവെനിക്ക് നൂറില്‍ നൂറ് മാര്‍ക്കും നേടിത്തന്നു.

റിസല്‍ട്ട് വന്നയുടനെ ടൗണിലേക്കിറങ്ങി.

അപ്രതീക്ഷിതമായി തങ്കവല്ലി ടീച്ചറുമായി കുറ്റ്യാടിയില്‍ സന്ധിച്ചു. മാര്‍ക്ക് വിവരങ്ങളെല്ലാം പറഞ്ഞു. എന്തൊരു സന്തോഷമാണവര്‍ക്ക.

'എന്താ മുബഷിറെ' എന്ന ' ആ പഴയ വിളി തുടര്‍ന്നു. 'നിന്നോട് പണ്ടെ ഞാന്‍ പറഞ്ഞില്ലേ? പഠിക്കണം, പഠിക്കണംന്ന്. അതിന്റെ ഫലമാണ്'

അത് നിര്‍വ്യാജം ഖേദത്തോടെ ഞാന്‍ കേട്ടു.
'മോനെ  കാണാന്‍ കൊതിച്ചു പോയി. ടീച്ചര്‍ക്ക് നല്ല ഇഷ്ടാ മോനെ...'

ആ പുത്ര വാത്സല്യം ശരിക്കും ഞാന്‍ അനുഭവിച്ചു...

'മോന്റെ തടിയൊക്കെ കുറഞ്ഞു പോയോ? ഭക്ഷണം നല്ല പോലെ കഴിക്കണം. എന്താ ഭക്ഷണം ..അവിടെ...?'

പൊറോട്ട, ചിക്കന്‍ ബിരിയാണി, ഞാന്‍ ആവേശത്തോടെ പറഞ്ഞു കൊടുത്തു.

'നീ നല്ലപോലെ പഠിക്കണം , ഉയരണം'-കൈതാങ്ങായി പുറത്തൊരു കൊട്ടും. ഹ്യദയം തൊട്ട ആ വാക്കുകള്‍ ഞാന്‍ ശ്രദ്ധ മുറിയാതെ കേട്ടു നിന്നു.

ടീച്ചറുടെ വലിയ ബാഗില്‍ കയ്യിട്ടുവാരി രണ്ട് മിഠായികള്‍ എടുത്തു തന്നു. നല്ല ഗള്‍ഫ് മിഠായികള്‍.

ഒന്നെനിക്കും ഒന്ന് ഒപ്പമുണ്ടായിരുന്ന ജുനൈദെന്ന കൂട്ടുകാരനും.

'ന്റെ മുബഷിറെ' എന്ന വിളി വീണ്ടും. അപ്പോഴത് കൂടുതല്‍ സന്തോഷകരമായി തോന്നി. എന്റെ പേരിലെ 'ശ്ശ' 'ഷ'യാക്കി മാറ്റിയത് സ്‌നേഹത്തിന്റെ ബഹിര്‍സ്ഫുരണമാണെന്നു ഞാന്‍ അപ്പോള്‍ തിരിച്ചറിഞ്ഞു.

ഗുരുശിഷ്യബന്ധത്തിന്റെ അമൂര്‍ത്തമായ പ്രതലത്തില്‍ തങ്കവല്ലി ടീച്ചര്‍ ആത്മാര്‍ത്ഥമായി ഇന്നും എനിക്കു വേണ്ടി എന്തോ വരച്ചിടുന്നുണ്ട്. 

എന്റെ നല്ല ഭാവിക്കായി കാതോര്‍ക്കുന്ന അദ്ധ്യാപികയെ ഞാനെന്തിനു പഴിച്ചു എന്നോര്‍ത്ത് ഇന്നും ലജ്ജ തോന്നാറുണ്ട്.

'കുട്ടിത്തമല്ലേ, സാരോല്ല' എന്ന് ഉള്ളിലിരുന്ന് ടീച്ചര്‍ മന്ത്രിക്കുന്നുണ്ടിപ്പോഴും...

'പാഠം രണ്ട്' ഇതുവരെ
താജുന തല്‍സം: നിറകണ്ണുകളോടെ ഞാന്‍ പറഞ്ഞുപോയി, 'ഉസ്താദ് മരിച്ചുപോവട്ടെ'

ഐ കെ ടി.ഇസ്മായില്‍ തൂണേരി: ഈശ്വരന്‍ മാഷ്

മുഖ്താര്‍ ഉദരംപൊയില്‍: പണ്ടുപണ്ടൊരു കുരുത്തംകെട്ട  കുട്ടി; നന്മയുള്ള മാഷ്

 ശ്രുതി രാജേഷ്:  കനകലത ടീച്ചറിനോട്  പറയാതെ പോയ കാര്യങ്ങള്‍

മഞ്ജുഷ വൈശാഖ്: 'കോപ്പിയടിച്ചത് ഞാനാണ്'

മോളി ജബീന: ജിന്നിന് എഴുതിയ കത്തുകള്‍

ജോസഫ് എബ്രഹാം: ഫയല്‍വാന്റെ മെയ്ക്കരുത്തോടെ  താഹക്കുട്ടി സാറിന്റെ നടത്തം

അഞ്ജലി അരുണ്‍: സെലിന്‍ ടീച്ചര്‍ പഠിപ്പിച്ച ജീവിതപാഠങ്ങള്‍!

ശ്രീനിവാസന്‍ തൂണേരി: എന്നെ കണ്ടതും മാഷ്  പഴ്‌സ് പുറത്തെടുത്തു!

നജീബ് മൂടാടി: ചൂരല്‍ മാത്രമായിരുന്നില്ല, വേലായുധന്‍ മാഷ്!

നസീഫ് അബ്ദുല്ല: കേട്ടതൊന്നുമായിരുന്നില്ല, മാഷ്!

സജിത്ത് സി വി പട്ടുവം: പിന്നൊരിക്കലും ടീച്ചറിനെ ഞാന്‍ കണ്ടിട്ടില്ല!

ആതിരാ മുകുന്ദ്: 'ചോറ് വെന്തോ എന്നെങ്ങനെ അറിയും?'
 

Follow Us:
Download App:
  • android
  • ios