ഡിജിറ്റല്‍ കറന്‍സി ബിറ്റ്കോയിന്‍ അമേരിക്കയിലെ പ്രമുഖ അവധി വ്യാപാര എക്‌സ്ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചു. CBOE എക്‌സ്ചേഞ്ചില്‍ 16,000 ഡോളറിനാണ് ബിറ്റ് കോയിന്‍റെ അവധി വ്യാപാരം. ബിറ്റ്കോയിന്‍റെ ഭാവി സാധ്യത കണക്കിലെടുത്ത് അമേരിക്കയിലെ മറ്റ് എക്‌സ്ചേഞ്ചുകളും അവധി വ്യാപാരത്തിലേക്ക് കടക്കുകയാണ്.

അംഗീകൃത കറന്‍സിയല്ലെന്ന പഴി ഏറെക്കേട്ട ഡിജിറ്റല്‍ കറന്‍സി ബിറ്റ്കോയിന്‍ നിക്ഷേപകരുടെ വിശ്വാസത്തില്‍ ആദ്യകടമ്പ കടന്നിരിക്കുന്നു. അമേരിക്കയിലെ പ്രമുഖ അവധി വ്യാപാര എക്‌സ്ചേഞ്ചായ CBOEല്‍ 15,460ല്‍ തുടങ്ങിയ ബിറ്റ് കോയിന്‍റെ വ്യാപാരം 16,000 ഡോളര്‍ വരെ ഉയര്‍ന്നു. വ്യാപാരം ആരംഭിച്ച ഉടന്‍ ബിറ്റ്കോയിന്‍ വാങ്ങാന്‍ നിക്ഷേപകര്‍ ഇരച്ച് കയറി വന്നതിനാല്‍ തുടക്കത്തില്‍ CBOE എക്സ്ചേഞ്ച് വെബ്സൈറ്റിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലായി. വെള്ളിയാഴ്ച ബിറ്റ് കോയിന്‍റെ മൂല്യം ചരിത്രത്തിലാദ്യമായി 16,858 ഡോളറിലേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ അവധി വ്യാപാരത്തില്‍ ഈ നിലവാരം നിലനിര്‍ത്താനായില്ല. CBOEയുടെ ചുവട് പിടിച്ച് ലോകത്തെ ഏറ്റവും വലിയ അവധി വ്യാപാര എക്‌സ്ചേഞ്ചുകളിലൊന്നായ ചിക്കാഗോ മര്‍ക്കന്റൈല്‍ എക്‌സ്ചേഞ്ച് അടുത്ത തിങ്കളാഴ്ച ബിറ്റ്കോയിനില്‍ അവധിവ്യാപാരം ആരംഭിക്കും. നസ്ഡാക്കും വൈകാതെ ഈ വഴി സഞ്ചേരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബിറ്റ് കോയിന്‍ മൂല്യത്തിലെ വര്‍ദ്ധനയ്‌ക്ക് പിന്നാലെ അവധിവ്യാപാരം കൂടി ആരംഭിച്ചതോടെ പാരമ്പര്യ നിക്ഷേപതലങ്ങളില്‍ തിരിച്ചടി നേരിടുന്നതായാണ് സൂചന. 2009ല്‍ അവതരിപ്പിച്ച ബിറ്റ് കോയിന് 2010ല്‍ രണ്ട് രൂപയും മൂന്ന് മാസം മുമ്പ് ഒന്നേമുക്കാല്‍ ലക്ഷം രൂപയുമായിരുന്നു മൂല്യം. അമേരിക്കയിലെ പ്രമുഖ അവധിവ്യാപാര എക്‌സ്ചേഞ്ചുകളില്‍ ബിറ്റ്കോയിന്‍ ഇടപാടിന് കമോഡിറ്റി ഫ്യൂച്ചേഴ്‌സ് ട്രേഡിങ് കമ്മിഷന്‍ അനുമതി കൊടുത്തതാണ് മൂല്യത്തിലെ ഈ കുതിച്ചുചാട്ടത്തിന് ഇടയാക്കിയത്. ഇന്ത്യന്‍ രൂപയില്‍ പത്തേമുക്കാല്‍ ലക്ഷം രൂപയാണ് നിലവില്‍ ഒരു ബിറ്റ് കോയിന് വില. അതേസമയം നിയമാനുസൃതമായ ചട്ടക്കൂടില്ലാത്തതിനാല്‍ ബിറ്റ് കോയിന്‍റെ വിനിമയം കരുതിയിരിക്കണമെന്നാണ് റിസര്‍വ് ബാങ്കിന്‍റെ മുന്നറിയിപ്പ്.