ഇന്ത്യയുടെ വടക്കുകിഴക്കാന്‍ സംസ്ഥാനങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന ആഫ്രിക്കന്‍ പന്നിപ്പനി ഫാം ഉടമകളെ ആശങ്കയിലാക്കുന്നു. വാക്‌സിന്‍ ലഭ്യമല്ലെന്നതാണ് ഏറ്റവും വലിയ പ്രശ്‌നം.

ലക്ഷണങ്ങളൊന്നും കാണിക്കാത്ത കാട്ടുപന്നികളാണ് രോഗാണുവാഹകരെന്നാണ് കരുതുന്നത്. പ്രാരംഭ ലക്ഷണങ്ങളായി പറയുന്നത് ഉയര്‍ന്ന പനി, വയറിളക്കം, ഛര്‍ദി,ഭക്ഷണം കഴിക്കാന്‍ സാധിക്കതൊ വരിക, ആന്തരിക രക്തസ്രാവം , തൊലിയിലെ ചുവന്ന പാടുകള്‍ എന്നിവയാണ്. തൊലിയില്‍ കാണപ്പെടുന്ന ചുവന്ന പാടുകള്‍ ക്ലാസിക്കല്‍ സൈ്വന്‍ ഫ്‌ളൂവിന്റെ ലക്ഷണം കൂടിയാണ്.

ലുധിയാനയിലെ ഗുരു ആനന്ദ് ദേവ് വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയിലെ എക്‌സറ്റന്‍ഷന്‍ എജ്യുക്കേഷന്‍ വിഭാഗം മേധാവിയായ ഡോ. എച്ച്.കെ വര്‍മയാണ് പന്നിപ്പനി സംബന്ധിച്ച ശാസ്ത്രീയമായ വിവരങ്ങള്‍ പങ്കുവെക്കുന്നത്. കൃത്യമായ സുരക്ഷാമാര്‍ഗങ്ങള്‍ അവലംബിക്കാനും വാഹനങ്ങളും മനുഷ്യരും പന്നികളും അലക്ഷ്യമായി ഫാമില്‍ സഞ്ചരിക്കുന്നത് നിയന്ത്രിക്കണമെന്ന് ഇദ്ദേഹം ഓര്‍മപ്പെടുത്തുന്നു.

ഫാമിന്റെ പ്രധാന കവാടങ്ങള്‍ എപ്പോഴും അടച്ചിടാനാണ് നിര്‍ദേശിക്കുന്നത്. അതുപോലെ മതിലിലൂടെ മൃഗങ്ങള്‍ അതിക്രമിച്ച് കടക്കാതിരിക്കാനും ശ്രദ്ധിക്കണം. പന്നികളെ താമസിപ്പിക്കുന്ന സ്ഥലം അണുനാശകത്താല്‍ കഴുകി വൃത്തിയാക്കണം. അസുഖം ബാധിച്ച പന്നികള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഉപയോഗിക്കുന്ന പാത്രം ആരോഗ്യമുള്ള പന്നികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ഉപയോഗിക്കരുത്.

ചെള്ളുകളാണ് അസുഖം പരത്തുന്ന പ്രധാന ജീവികള്‍. ഇവയെ നിയന്ത്രിക്കാനുള്ള മരുന്നുകള്‍ ഫാമുകളില്‍ ഉപയോഗിക്കണം. ചെള്ളുകള്‍ ഫാമിന്റെ ഭിത്തികളിലെ വിള്ളലുകള്‍ക്കിടയിലൊന്നും ജീവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഭിത്തികളിലെ വിള്ളലുകള്‍ അടച്ച് സുരക്ഷിതമാക്കണം.

കൃത്യമായ ഇടവേളകളില്‍ വിരയിളക്കുന്ന മരുന്ന് നല്‍കണം. പുതുതായി വാങ്ങുന്ന പന്നികളിലാണ് രോഗങ്ങള്‍ കണ്ടുവരാന്‍ സാധ്യത. അതിനാല്‍ അത്തരം സാംക്രമിക രോഗങ്ങളുള്ള ഫാമുകളില്‍ നിന്നും പന്നികളെ വാങ്ങി വളര്‍ത്തരുത്. അതുപോലെ തന്നെ വാങ്ങിയാല്‍ 20 ദിവസം ക്വാറന്റൈനില്‍ താമസിപ്പിച്ച ശേഷമേ ഫാമില്‍ മറ്റു പന്നികള്‍ക്കൊപ്പം വളര്‍ത്താവു.

പന്നികള്‍ക്ക് അടുക്കളയിലെയും ഹോട്ടലുകളിലെയും മാലിന്യങ്ങള്‍ ഭക്ഷണമായി കൊടുക്കരുതെന്ന് ഡോ. വിശാല്‍ മഹാജന്‍ നിര്‍ദേശിക്കുന്നു. ഫാമുകളിലെ ജോലിക്കാരും സാമൂഹിക അകലം പാലിക്കണം. മാസ്‌ക്കുകളും സാനിറ്റൈസറും ഉപയോഗിച്ച് കൊവിഡും പകരാതിരിക്കാന്‍ ഈ സന്ദര്‍ഭത്തില്‍ ഫാമുകള്‍ നടത്തുന്നവര്‍ ശ്രദ്ധിക്കണമെന്നും ഇവര്‍ ഓര്‍മിപ്പിക്കുന്നു.

വൈറസ് വ്യാപനം തടയാനുള്ള മുന്‍കരുതലായി ബ്ലീച്ചിങ്ങ് പൗഡര്‍ ഉപയോഗിച്ച് ഫാമും പരിസരവും ദിവസേന കഴുകി വൃത്തിയാക്കണം. ലൈം അല്ലെങ്കില്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ഉപയോഗിച്ച് പന്നികളെ കുളിപ്പിക്കുന്ന സ്ഥലവും ശുദ്ധീകരിക്കണം.