'മമ്പാട് മുതല്‍ നിലമ്പൂര്‍ വരെയുള്ള സ്ഥലങ്ങളിലെ 50 വീടുകളിലാണ് ഞാന്‍ സ്ഥിരമായി പച്ചക്കറികളും ഉത്പന്നങ്ങളും നല്‍കുന്നത്. ഇരുപത് വീടുകളില്‍ പാലും കൊടുക്കുന്നുണ്ട്. രാവിലെ പാല്‍ കൊടുക്കുന്നതിനോടൊപ്പം പച്ചക്കറികളും നല്‍കുന്നതാണ് എന്റെ രീതി. ചുറ്റുവട്ടത്തുള്ള വീടുകളില്‍ ഞാന്‍ നട്ടുവളര്‍ത്തിയ പച്ചക്കറികളും വീട്ടിലുണ്ടാക്കിയ മഞ്ഞള്‍, അരിപ്പൊടി, പപ്പടം, വെളിച്ചെണ്ണ എന്നിവയെല്ലാം വില്‍ക്കുന്നുണ്ട്. ഇതുപോലെ ഓരോ കര്‍ഷകനും കൃത്യമായ ആവശ്യക്കാരെ കണ്ടെത്തി അവര്‍ക്ക് വേണ്ടി എല്ലാ മാസവും കൃഷി ചെയ്യുകയാണെങ്കില്‍ എല്ലാ പച്ചക്കറികളും വിറ്റഴിയുകയും കര്‍ഷകന് സ്ഥിര വരുമാനം ലഭിക്കുകയും ചെയ്യും' നാഗേശ്വരന്‍ പറഞ്ഞുതരുന്ന ഈ രീതി മറ്റു കര്‍ഷകര്‍ക്കും മാതൃകയാക്കാവുന്നതാണ്.

 

മലപ്പുറം ജില്ലയിലെ വണ്ടൂരിലാണ് നാഗേശ്വരനും കുടുംബവും താമസിക്കുന്നത്. സ്വന്തമായുള്ള ഒരേക്കര്‍ എഴുപത് സെന്റ് സ്ഥലത്താണ് നാഗേശ്വരന്‍ കൃഷി ചെയ്യുന്നത്. ഇവിടെ ചീര, വെണ്ട, മത്തന്‍, കുമ്പളം തുടങ്ങി മിക്കവാറും എല്ലാ പച്ചക്കറികളും നട്ടുവളര്‍ത്തുന്നു. ഇതുകൂടാതെ ഓരോ സീസണിലും പാട്ടത്തിനെടുത്ത വയലില്‍ നെല്ല് കൃഷി ചെയ്യും. രത്‌നശാലി, ജീരകശാല, ഉമ എന്നിവയാണ് കൃഷി ചെയ്യുന്നത്. 'എന്നെ സംബന്ധിച്ച് നെല്‍ക്കൃഷി ലാഭം തന്നെയാണ്. വര്‍ഷത്തില്‍ രണ്ട് വിളവെടുക്കുന്നു.

 

സര്‍ക്കാര്‍ നെല്‍ക്കൃഷി പ്രോത്സാഹിപ്പിക്കുന്നുണ്ട്. പ്രധാന പ്രശ്‌നം തൊഴിലാളികളെ കിട്ടാനില്ലെന്നതാണ്. കൊയ്യാനും മെതിക്കാനും കൊപ്ര ആട്ടാനുമെല്ലാം യന്ത്രങ്ങള്‍ ഉണ്ട്. ഞാന്‍ എട്ട് വര്‍ഷമായി കൃഷി ഗൗരവമായി കാണുന്നു. എല്ലാ തരത്തിലുള്ള യന്ത്രങ്ങളും വാങ്ങിയിട്ടുണ്ട്. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയിലെ കുട്ടികള്‍ക്ക് കൃഷിസംബന്ധമായ ക്ലാസുകള്‍ നല്‍കുന്നു.' നാഗേശ്വരന്‍ പറയുന്നു.

 

തക്കാളി, പയര്‍, പച്ചമുളക്, വെള്ളക്കാന്താരി, വയലറ്റ് കാന്താരി, കാപ്‌സിക്കം, ബജി മുളക് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. 200 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് കറ്റാര്‍വാഴ കൃഷിയുണ്ട്. എണ്ണ കാച്ചാന്‍ കറ്റാര്‍വാഴ ഉപയോഗിക്കുകയും ആവശ്യക്കാര്‍ക്ക് നല്‍കുകയും ചെയ്യുന്നു.

ഇവിടെ ഒന്നും കടയില്‍ നിന്ന് വാങ്ങുന്നില്ല. 'കടയില്‍ നിന്ന് നമ്മള്‍ വാങ്ങി കഴുകി ഉണക്കിപ്പൊടിക്കുന്ന മഞ്ഞളും മുളകും മികച്ച ഗുണനിലവാരമുള്ളതൊന്നുമല്ല. മഞ്ഞളില്‍ നിന്ന് കുര്‍കുമിന്‍ എടുത്ത ശേഷമാണ് കര്‍ഷകരിലെത്തുന്നത്. നമുക്ക് കിട്ടുന്ന ജീരകം, മല്ലി എന്നിവയെല്ലാം സെക്കന്റ് ക്വാളിറ്റി ആണ്. അതില്‍ നിന്നെല്ലാം സത്ത് എടുത്ത ശേഷമാണ് നമുക്ക് ഉണക്കി പൊടിക്കാനായ് കിട്ടുന്നത്. ഞാന്‍ ഇവിടെ പ്രകൃതിദത്തമായ രീതിയില്‍ വളര്‍ത്തുന്ന മഞ്ഞളും മുളകുമെല്ലാമാണ് പൊടിച്ചു നല്‍കുന്നത്.'

 

ചക്ക പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പല വിഭവങ്ങളും ഇവിടെ ഉണ്ടാക്കി വില്‍പ്പന നടത്തുന്നു. ചക്ക പപ്പടം പ്രധാനപ്പെട്ട ഒരു മൂല്യവര്‍ധിത ഉത്പന്നമാണ്. അതുകൂടാതെ ചക്ക വേവിച്ച് അരച്ച് എള്ളും കുരുമുളക് പൊടിയും ഇട്ട് ഉണക്കി വില്‍പന നടത്താറുണ്ട്. ചക്കക്കുരു ചമ്മന്തി ഉണ്ടാക്കുന്നു. 'വീട്ടില്‍ ഉണ്ടാക്കുന്ന പച്ചക്കറികള്‍ കടയില്‍ വിറ്റ ശേഷം ബാക്കി വരുന്നത് ഉപയോഗിച്ചാണ് മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കുന്നത്. ഉദാഹരണത്തിന് വെണ്ടയ്ക്ക ബാക്കിയായാല്‍ അരിഞ്ഞിട്ട് മോരും ഉലുവപ്പൊടിയും ചേര്‍ത്ത് വെയിലത്ത് വെച്ച് ഉണക്കി കൊണ്ടാട്ടമായി ഉപയോഗിക്കുന്നു. ഉണക്കമുളക് ബാക്കിയായാല്‍ ചമ്മന്തിപ്പൊടി ഉണ്ടാക്കുന്നു.' നാഗേശ്വരന്‍ തന്റെ പ്രവര്‍ത്തന രീതി വിശദീകരിക്കുന്നു.

കൊവിഡിന്റെ സമയത്താണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്നതെന്ന് വ്യക്തമാക്കുകയാണ് നാഗേശ്വരന്‍,' ലോക്ക്ഡൗണ്‍ സമയത്ത് ആളുകള്‍ പച്ചക്കറികളും ഉത്പന്നങ്ങളും തേടി വരികയാണ്. വില്‍പ്പന നന്നായി നടക്കുന്നുണ്ട്. ഇവിടെ നിന്ന് ഏകദേശം 15,000 പച്ചക്കറിത്തൈകള്‍ വിറ്റുപോയിട്ടുണ്ട്. ലോക്ക്ഡൗണ്‍ സമയത്ത് ധാരാളം ആളുകള്‍ സ്വന്തമായി കൃഷി തുടങ്ങിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇവിടെ എഴുപതോളം കര്‍ഷകരുടെ ഒരു കൂട്ടായ്മയാണുള്ളത്. എല്ലാവരും പരസ്പരം ഏതു വിള കൃഷി ചെയ്യണമെന്ന് ആലോചിച്ച് തീരുമാനിച്ചാണ് കൃഷിയിറക്കുന്നത്. അതുകൊണ്ട് ഒരേ പച്ചക്കറി തന്നെ കുന്നുകൂടി വില്‍പ്പന നടക്കാതെ വരുന്ന അവസ്ഥയില്ല.'

 

ഇതു കൂടാതെ കമ്പോസ്റ്റും നാഗേശ്വരന്‍ വീട്ടില്‍ നിര്‍മിക്കുന്നു. ഒരു വര്‍ഷത്തില്‍ നാല് ടണ്‍ കമ്പോസ്റ്റാണ് നിര്‍മിക്കുന്നത്. കൃഷി ഭവനിലേക്കും നേരിട്ട് കര്‍ഷകര്‍ക്കും ഇത് വില്‍ക്കുന്നു.

നാഗേശ്വരന്‍ തന്റെ ഇത്രയും കാലത്തെ കൃഷി ചെയ്തുള്ള പരിചയത്തില്‍ നിന്ന് ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നു, 'നല്ല സാധനം കൊടുക്കുമ്പോള്‍ വാങ്ങാന്‍ ആളുകളുണ്ടാകും. നമ്മള്‍ ഇന്ന് ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ സുരക്ഷിതമാണെന്ന് പറയാം. പക്ഷേ ജൈവം എന്ന് പറയാന്‍ ഇനിയും വര്‍ഷങ്ങള്‍ കഴിയണം. നമ്മുടെ അടുത്ത പറമ്പില്‍ രാസവളം ഉപയോഗിച്ചാല്‍ അതിന്റെ ഫലം നമ്മുടെ പറമ്പിലെ മണ്ണിലേക്കും എത്താം. അമിതമായ രാസവളപ്രയോഗം നടത്താതെ സുരക്ഷിതമായി ഉത്പാദിപ്പിക്കുന്ന ജൈവപച്ചക്കറികള്‍ ദീര്‍ഘകാലം കേടുകൂടാതെ നില്‍ക്കും. വളപ്രയോഗം കൂടുതലുള്ള പച്ചക്കറികള്‍ പെട്ടെന്ന് ചീഞ്ഞുപോകും.'

പപ്പടമുണ്ടാക്കുന്നത് പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും

വീട്ടില്‍ വിളയുന്ന പച്ചക്കറികള്‍ ഉപയോഗിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങല്‍ നിര്‍മിക്കാനുള്ള പരിശീലനവും ഇവര്‍ നല്‍കുന്നു. കൃഷിഭവന്റെ നേതൃത്വത്തിലാണ് പരിശീലനം നല്‍കിയത്.

'പച്ചക്കറികളും ധാന്യങ്ങളും കഴിക്കാന്‍ മടിക്കുന്ന കുട്ടികള്‍ക്ക് ഇതെല്ലാം പപ്പടത്തിന്റെ രൂപത്തിലാക്കിയാല്‍ താല്‍പര്യമുണ്ടാകും. പുതിനയില, പനിക്കൂര്‍ക്ക, മുരിങ്ങയില, ഉരുളക്കിഴങ്ങ്, ബ്രഹ്മി എന്നിവയെല്ലാം ഇവിടെ പപ്പടം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു.' നാഗേശ്വരന്‍ പറയുന്നു.

തോട്ടത്തിലുള്ള പച്ചക്കറികളായ മത്തന്‍, വെള്ളരി, പടവലം, പാവല്‍, പൈനാപ്പിള്‍, ചേന എന്നിവയെല്ലാം പപ്പടമുണ്ടാക്കാന്‍ ഉപയോഗിക്കുന്നു.
മൈസൂര്‍പ്പഴം, പൈനാപ്പിള്‍, ബീറ്റ്‌റൂട്ട്, ഏലക്കായ എന്നിവയും പപ്പടമുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. പുത്തരിച്ചുണ്ട, മണിത്തക്കാളി എന്നിവ ഉപയോഗിച്ചത് കൊണ്ടാട്ടം നിര്‍മിക്കുന്നു. വേപ്പിലക്കട്ടി, കറിവേപ്പിലപ്പൊടി, ചക്കയുടെ 26 വ്യത്യസ്ത ഉത്പന്നങ്ങള്‍ എന്നിവയും ഉണ്ടാക്കുന്നു.