വീട്ടിനകത്ത് വളര്‍ത്തുന്ന ചെടികള്‍ ചിലരില്‍ അലര്‍ജിക്ക് കാരണമായേക്കാം. ചെടികള്‍ സ്‍പര്‍ശിക്കുന്നത് വഴിയോ മൂക്കിലേക്ക് വന്നുകയറുന്ന ഗന്ധം വഴിയോ ഈ അലര്‍ജി സംഭവിക്കാറുണ്ട്. ചെടികള്‍ വളര്‍ത്തുന്നവര്‍ ഇത്തരം ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുന്നത് നല്ലതാണ്.

ചെടികളില്‍ നിന്നുള്ള പരാഗം വായുവിലൂടെ ചിലപ്പോള്‍ ശ്വസിക്കാനിട വരാം. ഇതുവഴി മൂക്കൊലിപ്പും കണ്ണിന് നീറ്റലും ചിലപ്പോള്‍ ആസ്ത്മയും ഉണ്ടായേക്കാം. ചെടികളുടെ തണ്ടുകളിലും ഇലകളിലുമുള്ള നീര് കൈയില്‍ വീഴുന്നത് വഴിയും അലര്‍ജി സംഭവിക്കാം.

പൂക്കളുണ്ടാകുന്ന ഏത് ഇന്‍ഡോര്‍ പ്ലാന്റില്‍ നിന്നും വായുവഴി പകരാവുന്ന അലര്‍ജി ഉണ്ടായേക്കാം. ഇങ്ങനെ സംഭവിക്കുന്നവര്‍ ഓര്‍ക്കിഡുകളും സ്‌പൈഡര്‍ ചെടികളും വീട്ടിനുള്ളില്‍ വളര്‍ത്തുന്നത് ഒഴിവാക്കണം. പന വര്‍ഗത്തില്‍പ്പെട്ട ചെടികള്‍ വളര്‍ത്തുമ്പോള്‍ പെണ്‍ചെടികളെ തിരഞ്ഞെടുക്കുക. കാരണം ആണ്‍ചെടികളിലാണ് പരാഗമുണ്ടാകുന്നത്.

മണ്ണ് കൂടുതല്‍ ഈര്‍പ്പമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. മണ്ണിലെ വായുസഞ്ചാരം വര്‍ധിപ്പിക്കാനും ചെടിക്ക് ആവശ്യത്തിന് വെളിച്ചം കിട്ടാനും ശ്രദ്ധിക്കണം. അല്ലെങ്കില്‍ മണ്ണിന് മുകളില്‍ അലര്‍ജിക്ക് കാരണമാകുന്ന പലതും വളരാം. അലര്‍ജി ഉണ്ടാകാന്‍ സാധ്യതയുള്ളവര്‍ ആന്തൂറിയം, ഡിഫെന്‍ബച്ചിയ, ഇംഗ്ലീഷ് ഐവി, ഫിലോഡെന്‍ഡ്രോണ്‍, സ്പാത്തിഫൈലം എന്നിവ വീട്ടിനുള്ളില്‍ വളര്‍ത്തരുത്.

എങ്ങനെ അലര്‍ജി ഒഴിവാക്കാം?

ഏറ്റവും പ്രധാനം ഇത്തരം ചെടികള്‍ വളര്‍ത്താതിരിക്കുകയെന്നതാണ്. നിങ്ങള്‍ക്ക് പൂക്കളുള്ള ചെടികള്‍ തന്നെ വളര്‍ത്തണമെങ്കില്‍ വളരെ കുറച്ച് മാത്രം പരാഗം ഉത്പാദിപ്പിക്കുന്ന തരത്തിലുള്ള ചെടികള്‍ വളര്‍ത്തുക.

മൃദുവായ ഇലകളുള്ള ചെടികള്‍ വളര്‍ത്താതിരിക്കുക. അലര്‍ജിക്ക് കാരണമാകുന്ന പദാര്‍ഥങ്ങളെ ഇത്തരം ഇലകള്‍ക്ക് പെട്ടെന്ന് ആഗിരണം ചെയ്യാന്‍ കഴിയും. അതുകൂടാതെ ഇലകളിലെ പൊടികള്‍ കഴുകി വൃത്തിയാക്കിയാല്‍ അതുവഴി ഉണ്ടാകുന്ന അലര്‍ജിയും തടയാവുന്നതാണ്.