മനുഷ്യര്‍ക്ക് ഉണ്ണാനും ഉറങ്ങാനും എഴുന്നേല്‍ക്കാനും കുളിക്കാനും പ്രത്യേകം സമയമുള്ളതുപോലെ ചെടികള്‍ക്കും വെള്ളവും വളവുമൊക്കെ നല്‍കാനും യോജിച്ച സമയങ്ങളുണ്ട്. പ്രകൃതി തന്നെയുണ്ടാക്കിയ ഈ ജൈവഘടികാരം അനുസരിച്ചുള്ള സമയത്ത് ചെടികള്‍ക്ക് ആവശ്യമുള്ള പോഷകങ്ങള്‍ നല്‍കിയാല്‍ നന്നായി ആരോഗ്യത്തോടെ വളരുമെന്നാണ് കണ്ടെത്തല്‍. ഇനി മുതല്‍ തോന്നുന്ന സമയത്ത് പൂന്തോട്ടത്തില്‍ പോയി കള പറിക്കാന്‍ ശ്രമിക്കാതെ ചെടികളെ മനസിലാക്കി പരിപാലിക്കുന്നതാകും ഉചിതം.

യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റള്‍ നടത്തിയ പഠനത്തില്‍ ചെടികളിലെ സര്‍ക്കാഡിയന്‍ റിഥം അനുസരിച്ച് ഒരു ദിവസത്തില്‍ ചില സമയങ്ങളില്‍ കളനാശിനികളോട് കൂടുതല്‍ പ്രതികരണം കാണിക്കുന്നതായി കണ്ടെത്തി. നമ്മുടെ ഉറക്കവും ഉണരലും നിയന്ത്രിക്കുന്ന സ്വാഭാവിക ഘടികാരമായ സര്‍ക്കാഡിയന്‍ റിഥം തലച്ചോറിന്റെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കാനും സഹായിക്കുന്നുണ്ട്.

അരബിഡോപ്‌സിസ് ചെടിയിലാണ് ഇവര്‍ പരീക്ഷണം നടത്തിയത്. രാവിലെ ഇത്തരം ചെടികളില്‍ ഗ്ലൈഫോസേറ്റ് എന്ന കളനാശിനിയോട് കൂടുതല്‍ പ്രതികരിക്കാനുള്ള ശേഷിയുണ്ടെന്ന് ഇവര്‍ കണ്ടെത്തി. ഈ സമയത്ത് വളരെ കുറഞ്ഞ അളവില്‍ മാത്രം ഉപയോഗിച്ചാല്‍ മതി. അതുപോലെ പ്രോസോ മില്ലെറ്റ് എന്ന ചെടി സൂര്യോദയത്തില്‍ കളനാശിനികളോട് ഫലപ്രദമായി പ്രതികരിക്കുന്നു. വൈകുന്നേരവും നല്ല ഗുണം കിട്ടും. പക്ഷേ മറ്റുള്ള സമയങ്ങളില്‍ പ്രയോജനപ്പെടുന്നില്ലെന്ന് കണ്ടെത്തി. ഇത്തരം കണ്ടുപിടുത്തങ്ങള്‍ കര്‍ഷകര്‍ക്ക് വിളനാശം തടയാനും കൂടുതല്‍ വിളവുണ്ടാക്കാനും സഹായിക്കും.

'ബയോടെക്‌നോളജിയും കൃത്യതാ കൃഷിയും സംയോജിപ്പിച്ച് സാമ്പത്തികവും പാരിസ്ഥികവുമായ ഗുണങ്ങള്‍ നല്‍കാന്‍ കഴിയും' സ്‌കൂൾ ഓഫ് ബയോളജിക്കല്‍ സയന്‍സസിലെ സീനിയര്‍ ലക്ചര്‍ ആയ ഡോ.ആന്റണി പറയുന്നത് ഇതാണ്.

മനുഷ്യരിലെന്ന പോലെ ജൈവഘടികാരം ചെടികളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ക്രോണോതെറാപ്പി എന്ന പ്രക്രിയ ചെടികളിലും സാധ്യമാണോ എന്നറിയാന്‍ പഠനങ്ങള്‍ നടക്കുന്നു. ചെടികള്‍ രാവിലെ കൂടുതല്‍ വെള്ളം ആഗിരണം ചെയ്യാന്‍ ശേഷിയുള്ളവയാണെന്നത് പല കര്‍ഷകര്‍ക്കും അറിയാവുന്ന കാര്യമാണ്. അവയുടെ കാണ്ഡവും സുഷിരങ്ങളും അതിരാവിലെ അന്തരീക്ഷത്തിലുള്ള ഈര്‍പ്പം പെട്ടെന്ന് വലിച്ചെടുക്കാനായി വികസിക്കുന്നവയാണ്.

സുഷിരങ്ങള്‍ തുറക്കുന്നത് കാരണം രാവിലെയും വൈകുന്നേരവും ചെടികളില്‍ രാസവസ്തുക്കളും വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കും. രാവിലെയും വൈകുന്നേരവും അന്തരീക്ഷ വായുവും കൂടുതല്‍ അനക്കമില്ലാതെ നിശ്ചലമായിരിക്കും. അതുകാരണം കീടനാശിനികള്‍ പ്രയോഗിച്ചാലും മറ്റു സ്ഥലങ്ങളിലേക്ക് ഒഴുകിപ്പരക്കാനുള്ള സാധ്യത കുറവാണ് എന്നും ഈ പഠനം പറയുന്നു.