പനയിലെ വ്യത്യസ്‍തമായ ഒരു ഇനമായ കാബേജ് പന യഥാര്‍ഥത്തില്‍ ഭക്ഷ്യയോഗ്യമാണ്. സാബല്‍ പാം എന്നും അറിയപ്പെടുന്ന ഈ ചെടിയുടെ ജന്മദേശം അമേരിക്കയാണ്. വേനല്‍ക്കാലം തുടങ്ങുന്നതിന് മുമ്പായി വെളുത്ത പൂക്കള്‍ നീളമുള്ള ശാഖകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. സ്വാംപ് കാബേജ്, കാബേജ് പാമെറ്റോ കോമണ്‍ പാമെറ്റോ എന്നീ പേരുകളിലെല്ലാം ഈ പന അറിയപ്പെടുന്നു. പനയുടെ അഗ്രഭാഗത്തുണ്ടാകുന്ന കാബേജിനെപ്പോലുള്ള മുകുളങ്ങള്‍ ഭക്ഷ്യയോഗ്യമാണ്. ടെര്‍മിനല്‍ ബഡ് എന്നറിയപ്പെടുന്ന പുതിയ പനയോലയുടെ വളരുന്ന ഭാഗത്തുള്ള ഈ മുകുളം കാരണമാണ് കാബേജ് പന എന്ന പേര് വന്നത്.

സൗത്ത് കരോലിനയിലെയും ഫ്‌ളോറിഡയിലെയും സംസ്ഥാന വൃക്ഷമാണ് ഈ കാബേജ് പന. അമേരിക്കക്കാര്‍ സാധാരണയായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്ന ഹാര്‍ട്ട് ഓഫ് പാം എന്ന ഭാഗമാണ് കാബേജിന്റെ ആകൃതിയിലുള്ള ഈ മുകുളം. ഈ ഹൃദയഭാഗം വേര്‍തിരിച്ചെടുക്കുന്നത് പനയെ കൊല്ലുന്നതിന് തുല്യമാണ്. ഈ മുകുളഭാഗമാണ് പന വളരുന്നതിന് സഹായിക്കുന്ന ഒരേ ഒരു ഭാഗം. ഈ മുകുളം നീക്കം ചെയ്യുമ്പോള്‍ പനയ്ക്ക് പഴയ ഇലകള്‍ക്ക് പകരം പുതിയ ഇലകള്‍ സൃഷ്ടിക്കാന്‍ കഴിയാതെ വരികയും ക്രമേണ നശിച്ചുപോകുകയും ചെയ്യും.

കാടുകള്‍ പോലുള്ള ജനവാസയോഗ്യമല്ലാത്ത സ്ഥലത്താണെങ്കില്‍ 90 അടി വരെ ഉയരത്തില്‍ വളരുന്ന പനയാണിത്. എന്നാല്‍, കൃഷി ചെയ്യുമ്പോള്‍ ഏകദേശം 60 അടി വരെ മാത്രമേ ഉയരമുണ്ടാകൂ. 18 മുതല്‍ 24 ഇഞ്ച് വരെ തടിയുള്ള തായ്ത്തടിയുടെ മുകള്‍ ഭാഗത്ത് നീളമുള്ള പനയോലകള്‍ വൃത്താകൃതിയില്‍ കാണപ്പെടുന്നു. തണല്‍ നല്‍കുന്ന മരമായി കാബേജ് പനയെ ആരും കണക്കാക്കുന്നില്ല. പക്ഷേ, കൂട്ടത്തോടെയുള്ള ഓലകള്‍ മിതമായ രീതിയില്‍ തണല്‍ നല്‍കുന്നുണ്ട്.

തായ്ത്തടിയുമായി ബന്ധമുള്ള താഴെയുള്ള പനയോലകള്‍ ചിലപ്പോള്‍ താഴെ വീഴാറുണ്ട്. ഇതിനെ ബൂട്ട് എന്നാണ് വിളിക്കുന്നത്. മരം പൂര്‍ണവളര്‍ച്ചയെത്തുമ്പോഴാണ് പഴയ ബൂട്ടുകള്‍ താഴെ വീഴുന്നതും തായത്തടിയുടെ താഴ്ഭാഗത്ത് ഓലകളില്ലാതെ കാണപ്പെടുന്നതും.

നല്ല നീര്‍വാര്‍ച്ചയും സൂര്യപ്രകാശവുമുള്ള സ്ഥലത്ത് കൃഷി ചെയ്യണമെന്നതാണ് പ്രധാനം. അതുപോലെ പറിച്ചു നടുമ്പോള്‍ വേരുകള്‍ പൊട്ടിപ്പോകാതെ നോക്കണം. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പനയാണെങ്കിലും പറിച്ചുനടുന്നതു വരെ നന്നായി നനയ്ക്കണം. മരമായിക്കഴിഞ്ഞാല്‍ കാര്യമായ പരിചരണം ആവശ്യമില്ല. ഇതിന്റെ പഴങ്ങളില്‍ നിന്നുള്ള വിത്ത് താഴെ വീണ് മുളയ്ക്കുന്ന ചെറിയ തൈകള്‍ കളകളായി വളരുന്നതിന്റെ മുമ്പേ പറിച്ചു മാറ്റണം.