കാപ്പിക്കുരു തരുന്ന അതേ ചെടി തന്നെ വീട്ടിനുള്ളിലും വളര്‍ത്താമെന്നത് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും പ്രയാസമാണ്. വീട്ടില്‍ ഇത്തിരി കൃഷി വേണമെന്ന് ആഗ്രഹിക്കുന്ന തുടക്കക്കാര്‍ക്കും ധാരാളം പച്ചക്കറികളും പൂച്ചെടികളും വളര്‍ത്തി പരിചയമുള്ളവര്‍ക്കും ഒരുപോലെ എളുപ്പത്തില്‍ വളര്‍ത്താവുന്നതാണ് കാപ്പിച്ചെടി.

എങ്ങനെ വളര്‍ത്തണം?

നല്ല പ്രകാശം ഇഷ്ടപ്പെടുന്ന ചെടിയാണ് കാപ്പി. പക്ഷേ, നേരിട്ടുള്ള വെയില്‍ അല്ല ആവശ്യം. അതായത് നിങ്ങള്‍ക്ക് വീട്ടിലെ ജനലരികില്‍ ഈ ചെടിക്ക് സ്ഥാനം കൊടുക്കാമെന്നര്‍ഥം.

ഈര്‍പ്പമുള്ള മണ്ണിലാണ് നടേണ്ടത്. പക്ഷേ, വെള്ളം കെട്ടി നില്‍ക്കരുത്. നിങ്ങള്‍ നടാന്‍ ഉപയോഗിക്കുന്ന പാത്രത്തിന് വെള്ളം വാര്‍ന്നുപോകാനുള്ള സൗകര്യമുണ്ടെന്ന് ഉറപ്പുവരുത്തണം. ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രത ഉള്ളതാണ് നല്ലത്. അതായത് വെള്ളം നിറച്ച  പാത്രത്തില്‍ പെബിള്‍സ് ഇട്ട് അതിന്റെ മുകളില്‍ കാപ്പിച്ചെടി വളര്‍ത്തുന്ന പാത്രം വെച്ചാല്‍ മതി. തണുപ്പുകാലത്ത് കുറഞ്ഞ അളവിലും വേനല്‍ക്കാലത്ത് നല്ല രീതിയിലും നനയ്ക്കണം.

വേനല്‍ക്കാലത്തും വസന്തകാലത്തും മിതമായ നിരക്കില്‍ വളപ്രയോഗം നടത്തണം. രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ മാത്രം വളം നല്‍കിയാല്‍ മതി. നല്ല ആരോഗ്യമുള്ള കാപ്പിച്ചെടി ആറ് അടി ഉയരത്തില്‍ വളരും. അതുകൊണ്ട് ചെടിക്ക് ആവശ്യമുള്ള സ്ഥലം കണ്ടെത്തണം. അല്ലെങ്കില്‍ പ്രൂണ്‍ ചെയ്യുന്നത് ശീലമാക്കണം. പൂക്കള്‍ ഉണ്ടാകുന്നതിന് മുമ്പ് പ്രൂണിങ്ങ് നടത്തണം.

വീട്ടിനകത്ത് വളര്‍ത്തുന്ന കാപ്പിച്ചെടിയില്‍ നിന്ന് കാപ്പിക്കുരു വിളവെടുക്കാമോ എന്ന സംശയം പലര്‍ക്കും തോന്നാം. അനുകൂലമായ സാഹചര്യത്തില്‍ വളര്‍ത്തുന്ന കാപ്പിച്ചെടികള്‍ പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ പൂക്കളുണ്ടാകും. ഏകദേശം മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയെടുക്കും. വളരെ കുറച്ച് പൂക്കള്‍ മാത്രമേ ഉണ്ടാകൂ. എന്നാല്‍ കൈകള്‍ കൊണ്ട് പരാഗണം നടത്തിയാല്‍ കാപ്പിക്കുരു ഉണ്ടാകാനുള്ള സാഹചര്യമുണ്ടാകും. വലിയ ചാക്ക് നിറയെ കാപ്പിക്കുരുവൊന്നും നിങ്ങള്‍ക്ക് ലഭിക്കില്ല. പക്ഷേ, ഒരു കൗതുകത്തിന് വറുത്ത് പൊടിച്ച് അല്‍പം കാപ്പിയുണ്ടാക്കാന്‍ നിങ്ങള്‍ക്ക് പറ്റും.