മനോഹരമായ രൂപം തന്നെയാണ് ഈ പഴത്തിന്റെ ആകര്‍ഷണം. വിറ്റാമിനുകളും കാല്‍സ്യവും ധാതുലവണങ്ങളും അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് വളര്‍ത്താന്‍ ധാരാളം ആളുകള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. കര്‍ണാടക, ഗുജറാത്ത്, ആസാം, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഈ പഴം വന്‍തോതില്‍ വിളവെടുക്കുന്നു. തെലങ്കാനയിലെയും ആന്ധ്രപ്രദേശിലെയും ചില സ്ഥലങ്ങളിലും ഡ്രാഗണ്‍ ഫ്രൂട്ട് വളര്‍ത്തുന്നുണ്ട്. ഈ കൃഷിയുടെ വിജയം പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. 

 

ധാരാളം ആളുകള്‍ ഇഷ്ടപ്പെടുന്ന വിദേശികളായ പഴങ്ങളാണ് കിവി, പീച്ച്, ഗ്രീന്‍ ആപ്പിള്‍ എന്നിവ. പക്ഷേ ഇപ്പോള്‍ ഡ്രാഗണ്‍ ഫ്രൂട്ടും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നു. അതുപോലെ തന്നെ ഇന്ത്യയില്‍ വ്യാവസായികമായി കൃഷി ചെയ്യുകയും ചെയ്യുന്നുണ്ട്. വിയറ്റ്‌നാമില്‍ നിന്നാണ് ഈ ഫലം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഡ്രാഗണ്‍ ഫ്രൂട്ട് വളര്‍ത്തുന്നവര്‍ക്ക് പഴങ്ങള്‍ വില്‍പ്പന നടത്തി മികച്ച വരുമാനം നേടാന്‍ കഴിയുമെന്നതാണ് പ്രത്യേകത.

ഇന്ത്യയില്‍ കൃഷി ചെയ്യുന്നത് മൂന്ന് പ്രധാനപ്പെട്ട ഡ്രാഗണ്‍ ഫ്രൂട്ട് ഇനങ്ങളാണ്. പിങ്ക് ഡ്രാഗണ്‍ഫ്രൂട്ടിന് പിങ്ക് നിറവും കറുത്ത കുരുക്കളുമായിരിക്കും. റെഡ് വൈറ്റ് ഇനത്തിന് ഭക്ഷ്യയോഗ്യമായ ഭാഗം വെള്ളനിറവും കുരുക്കള്‍ കറുത്ത നിറത്തിലുമായിരിക്കും. മഞ്ഞ ഡ്രാഗണ്‍ഫ്രൂട്ടിന്റെ മുകള്‍ ഭാഗം മഞ്ഞനിറത്തിലും ഭക്ഷ്യയോഗ്യമായ ഭാഗം വെള്ളനിറത്തിലും കുരുക്കള്‍ കറുത്ത നിറത്തിലുമായിരിക്കും.

കൃഷിയ്ക്ക് ഒരുങ്ങാം

വിത്ത് വിതച്ച് കൃഷി ചെയ്യുന്നത് സമയം പാഴാക്കുന്ന ജോലിയാണ്. തണ്ടുകള്‍ മുറിച്ച് നട്ട് കൃഷി  ചെയ്യുന്നതാണ് നല്ലത്. ഒരു ഏക്കര്‍ സ്ഥലത്ത് 2000 ചെടികള്‍ വളര്‍ത്താം. ഒരു ചെടിയുടെ അല്ലെങ്കില്‍ നടാനുപയോഗിക്കുന്ന തണ്ടിന്റെ വില ഏകദേശം 30 രൂപയാണ്. രണ്ടായിരം ചെടികള്‍ കൃഷി ചെയ്യാന്‍ 60,000 രൂപ ആവശ്യമായി വരും.

 

അത്യുല്‍പാദന ക്ഷമതയുള്ള ഡ്രാഗണ്‍ ഫ്രൂട്ട് പഴമുണ്ടാകാനുള്ള കാലാവധി അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെയാണ്. കാക്റ്റസ് കുടുംബത്തില്‍പ്പെട്ട ചെടിയായതിനാല്‍ താങ്ങ് കൊടുത്ത് വളര്‍ത്താനുള്ള സംവിധാനമുണ്ടാകണം. ഒരേക്കര്‍ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി പരിപാലിക്കാന്‍ ഒരു തൊഴിലാളി അല്ലെങ്കില്‍ വൈദഗ്ധ്യമുള്ള ജോലിക്കാരന്‍ ആവശ്യമാണ്. കുമിള്‍നാശിനികളും കീടനാശിനികളും ഉപയോഗിക്കാറുണ്ട്. ശരിയായ വളര്‍ച്ച ഉറപ്പുവരുത്താനായി ഓരോ 15 ദിവസം കൂടുമ്പോഴോ 20 ദിവസം കൂടുമ്പോഴോ കളകള്‍ പറിച്ചുമാറ്റണം.

തണ്ടുകള്‍ മുറിച്ചെടുത്താണ് നടാന്‍ ഉപയോഗിക്കുന്നതെങ്കില്‍ അറ്റം കുമിള്‍നാശിനിയില്‍ മുക്കിയശേഷം ഉണക്കണം. ഈ ഭാഗം മൂന്നോ അഞ്ചോ ദിവസങ്ങള്‍ക്ക് ശേഷം വെളുത്തനിറത്തിലാകും. അപ്പോള്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായതായി മനസിലാക്കാം. നടാനുപയോഗിക്കുന്നത് ഒരു വര്‍ഷം പ്രായമുള്ളതും ഒരു കാല്‍പാദത്തിന്റെ നീളമുള്ളതുമായ തണ്ടുകളായിരിക്കണം. രണ്ട് ഇഞ്ച് നീളത്തില്‍ മണ്ണിനടിയലേക്ക് പോകുന്ന രീതിയില്‍ നട്ട ശേഷം നനയ്ക്കണം. ഏകദേശം നാല് ആഴ്ചയ്ക്കുള്ളില്‍ വേര് പിടിക്കും.

വിത്തുകളാണ് മുളപ്പിക്കാന്‍ ഉപയോഗിക്കുന്നതെങ്കില്‍ ഏകദേശം നാല് ആഴ്ചയോളം സമയമെടുക്കും. വിത്തുകള്‍ നന്നായി കഴുകി മാംസളമായ ഭാഗങ്ങള്‍ മാറ്റിയ ശേഷം രാത്രി ഉണക്കിയെടുക്കണം. ഈ വിത്തുകള്‍ മണ്ണിന്റെ ഉപരിതലത്തില്‍ നിന്ന് അധികം താഴെയല്ലാതെ കുഴിച്ചിട്ട് പ്ലാസ്റ്റിക് കവര്‍ കൊണ്ട് പാത്രം മൂടിവെച്ചാല്‍ 10 അല്ലെങ്കില്‍ 15 ദിവസം കൊണ്ട് മുളപ്പിച്ചെടുക്കാം.

ചൂടുള്ള കാലാവസ്ഥ അനുയോജ്യമാണ്. അമിതമായ ജലസേചനം ആവശ്യമില്ല. മിതമായ ഈര്‍പ്പമുള്ള മണ്ണാണ് വേണ്ടത്. പൂക്കളും പഴങ്ങളും ഉണ്ടാകുന്ന സമയത്ത് വെള്ളം കൂടുതല്‍ നല്‍കണം. തുള്ളിനനയാണ് ഡ്രാഗണ്‍ഫ്രൂട്ട് കൃഷി ചെയ്യാന്‍ അഭികാമ്യം.

ചട്ടികളിലും പാത്രങ്ങളിലുമായി മട്ടുപ്പാവിലും മുറ്റത്തുമൊക്കെ ഇത് വളര്‍ത്താം. അതുപോലെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വെക്കാന്‍ കഴിയുമെങ്കില്‍ ഇന്‍ഡോര്‍ പ്ലാന്റായും വളര്‍ത്താം. മറ്റേതൊരു പഴവര്‍ഗച്ചെടിയെയും പോലെ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ഡ്രാഗണ്‍ഫ്രൂട്ടിനും ആവശ്യമാണ്. 40 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയില്‍ ഈ ചെടി നന്നായി വളരും. വിശ്വസ്തമായ നഴ്‌സറിയില്‍ നിന്നും ഡ്രാഗണ്‍ഫ്രൂട്ടിന്റെ തൈകള്‍ വാങ്ങാം. 15 മുതല്‍ 24 ഇഞ്ച് വ്യാസമുള്ളതും ഏറ്റവും കുറഞ്ഞത് 10 ഇഞ്ച് ആഴമുള്ളതുമായ പാത്രത്തിലായിരിക്കണം നടേണ്ടത്. പാത്രത്തിന്റെ അടിയില്‍ ചെറിയ മെറ്റല്‍ക്കഷണങ്ങള്‍ ഇട്ട് അതിന് മുകളില്‍ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിടണം. മുറിച്ചെടുത്ത തണ്ടുകളോ തൈകളോ സൂര്യപ്രകാശത്തില്‍ തന്നെ നടണം.

മിതമായ മാത്രം വളപ്രയോഗം നടത്തിയാല്‍ മതി. ചാണകപ്പൊടിയും കോഴിക്കാഷ്ഠവും ജൈവവളമായി ഉപയോഗിക്കാം. ഓരോ രണ്ടുമാസം കൂടുമ്പോഴും നൈട്രജന്‍ അടങ്ങിയ വളങ്ങള്‍ ചേര്‍ക്കണം. പാത്രത്തിന് നടുവില്‍ താങ്ങ് നല്‍കാനായി വെച്ചിരിക്കുന്ന തൂണിലേക്ക് പടര്‍ന്ന് വളരാന്‍ തുടങ്ങിയാല്‍ ഈ തൂണിന്റെ മുകളില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. പൂര്‍ണവളര്‍ച്ചയെത്താന്‍ ഏകദേശം രണ്ടു വര്‍ഷം എന്തായാലും വേണം. നന്നായി പൂക്കളുണ്ടാകാന്‍ പ്രൂണിങ്ങ് നടത്തണം. വേനല്‍ക്കാലം കഴിഞ്ഞാലോ മഴക്കാലം തുടങ്ങുമ്പോഴോ ആണ് വിളവെടുപ്പ് നടത്തുന്നത്.

 

ചെടിക്ക് പടര്‍ന്ന് കയറാനായി വെച്ചിരിക്കുന്ന തൂണുകള്‍ക്ക് മുകളിലായി ക്രോസ് ബാറിലോ ഇരുമ്പ് വളയത്തിലോ ഘടിപ്പിച്ച ടയര്‍ സ്ഥാപിച്ച് തൂണിന് മുകള്‍ വരെ വളര്‍ന്നെത്തിയ ചെടികളെ ഈ ടയറുകള്‍ക്കുള്ളിലൂടെ വളരാനായി ചേര്‍ത്ത് കെട്ടിവെക്കണം. വള്ളികള്‍ ടയറിനുള്ളിലൂടെ താഴേക്ക് തൂങ്ങുന്ന വിധത്തില്‍ വളര്‍ത്തണം.

ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലാണ് ഡ്രാഗണ്‍ഫ്രൂട്ട് വിളവെടുക്കുന്നത്. പക്ഷേ, ഏത് സ്ഥലത്താണോ കൃഷി ചെയ്യുന്നത് എന്നതനുസരിച്ച് വിളവെടുപ്പിന്റെ സമയവും വ്യത്യാസപ്പെടാം. ഒരു വര്‍ഷത്തില്‍ അഞ്ച് മാസത്തോളം പഴങ്ങള്‍ ചെടിയിലുണ്ടാകും.