റോസ്‌മേരി എന്ന ചെടിയില്‍ നിന്നുള്ള എണ്ണ സൗന്ദര്യ വര്‍ധക വസ്തുക്കളിലും പാചകത്തിനും സൂപ്പുണ്ടാക്കാനും സാലഡിലുമെല്ലാം ഉപയോഗിക്കാവുന്നതാണ്. കേരളത്തില്‍ അധികം പ്രചാരത്തിലില്ലാത്ത ഈ ചെടി വിദേശരാജ്യങ്ങളില്‍ വളരെക്കാലമായി ഉപയോഗിക്കുന്നുണ്ട്. വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ റോസ്‌മേരി ഉണക്കി സൂക്ഷിച്ചാല്‍ നിങ്ങളുടെ അടുക്കളയിലെ സുഗന്ധവ്യഞ്ജനങ്ങള്‍ക്കിടയില്‍ സ്ഥാനം നല്‍കാം.

എങ്ങനെ ഉണക്കിസൂക്ഷിക്കാം?

മിക്കവാറും എല്ലാ ഔഷധസസ്യങ്ങളും വിളവെടുക്കുന്നത് പൂക്കളുണ്ടാകുന്നതിന് തൊട്ട് മുമ്പ് എണ്ണ കൂടുതലായി ലഭ്യമാകുന്ന സമയത്താണ്. തണ്ടുകള്‍ അതിരാവിലെ മുറിച്ചെടുക്കണം. ഈ മുറിച്ചെടുത്ത തണ്ടുകള്‍ കഴുകി വൃത്തിയാക്കിയ ശേഷമാണ് ഉണക്കുന്നത്.

പറിച്ചെടുത്ത റോസ്‌മേരിയുടെ ഇലകള്‍ വളരെ മൃദുവായിരിക്കുന്നതിനാല്‍ ഉപയോഗിക്കാന്‍ എളുപ്പമാണ്. പക്ഷേ, ഉണക്കുമ്പോള്‍ ഇലകള്‍ കട്ടിയുള്ളതായി മാറും. ഡിഹൈഡ്രേഷന്‍ നടത്താനായി പ്രത്യേകം ട്രേകളുണ്ട്. തണ്ടുകള്‍ ഈ ട്രേയില്‍ വെച്ച് ഉണക്കിയ ശേഷം ഇലകള്‍ പറിച്ചെടുക്കുകയാണ് ചെയ്യുന്നത്.

ഒരു തുണിയില്‍ കെട്ടിത്തൂക്കിയിട്ട് ഇലകള്‍ പറിച്ചെറുത്ത ശേഷം ഉണക്കുകയും ചെയ്യാറുണ്ട്. ഇതുകൂടാതെ കുറേ തണ്ടുകള്‍ ബൊക്കെ പോലെ ഒരുമിച്ച് ചേര്‍ത്ത് വെച്ച് കൂട്ടിക്കെട്ടി ചൂടുള്ളതും ഉണങ്ങിയതുമായ സ്ഥലത്ത് തൂക്കിയിടാം. തണ്ടില്‍ താഴെ നിന്ന് മുകള്‍ വശത്തേക്ക് ഉരസിയാല്‍ ഇലകള്‍ പറിച്ചെടുക്കാം.

റോസ്‌മേരി പറിച്ചെടുത്ത ശേഷം സുഗന്ധം വിട്ടുമാറാതെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. തണുപ്പുള്ളതും ഇരുണ്ടതുമായ സ്ഥലത്താണ് സൂക്ഷിക്കാന്‍ അനുയോജ്യം. വായുസഞ്ചാരമില്ലാത്ത പാത്രത്തില്‍ ഈര്‍പ്പം തട്ടാതെ വേണം സൂക്ഷിക്കാന്‍.

കുറ്റിച്ചെടിയുടെ ഇനത്തില്‍പ്പെട്ട ഈ ചെടിയുടെ ഇലകള്‍ സൂചി പോലെയാണ്. നഴ്‌സറികളിലും ഓണ്‍ലൈന്‍ വഴിയും ഈ ചെടിയുടെ തൈകള്‍ ലഭിക്കും. ഓര്‍മക്കുറവ് പരിഹരിക്കാനും ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനുമുള്ള കഴിവുള്ള ഘടകങ്ങള്‍ ഈ ചെടിയിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.