തോട്ടത്തില്‍ സൂര്യപ്രകാശമുള്ള ഭാഗത്ത് തന്നെ വഴുതനച്ചെടി നടണം. മണ്ണില്‍ ഈര്‍പ്പത്തേക്കാള്‍ അല്‍പ്പം ചൂട് നിലനില്‍ക്കണം. വിത്ത് മുളപ്പിക്കാന്‍ മിതമായ ഈര്‍പ്പം ആവശ്യമാണ്. വളരെ ആഴത്തില്‍ വിത്ത് കുഴിച്ചിടരുത്. വിത്ത് മുളച്ച് വന്നാല്‍ ചൂട് നിലനിര്‍ത്തിക്കൊണ്ടു തന്നെ ആവശ്യമായ വെള്ളവും നല്‍കണം. 

തക്കാളിയുടെയും ഉരുളക്കിഴങ്ങിന്റെയും കുരുമുളകിന്റെയും കുടുംബമായ സോളനേഷ്യയിലെ അംഗമായ വഴുതന അല്‍പം ചൂട് കാലാവസ്ഥ ഇഷ്ടപ്പെടുന്ന പ്രകൃതമാണ്. പൂര്‍ണവളര്‍ച്ചയെത്തിയ വഴുതനച്ചെടിക്ക് ഏകദേശം ഒന്നു മുതല്‍ എട്ട് അടിയോളം ഉയരമുണ്ടാകും. വഴുതനയിലെ പൂക്കള്‍ കൊഴിഞ്ഞുപോകുന്നതിനാല്‍ വിളവെടുക്കാന്‍ കഴിയാത്തവരുണ്ട്. ഇത്തിരി കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അടുക്കളത്തോട്ടത്തില്‍ നിന്ന് പോഷകഗുണമുള്ള വഴുതനയും പറിച്ചെടുക്കാം.

നക്ഷത്രത്തിന്റെ ആകൃതിയിലുള്ള പൂക്കളാണ് വഴുതനയ്ക്ക്. സ്വയം പരാഗണം നടക്കുന്ന വഴുതനയില്‍ മറ്റെല്ലാ ചെടികളെയും പോലെ പെണ്‍പൂക്കളിലാണ് കായകളുണ്ടാകുന്നത്. വ്യത്യസ്ത ഇനങ്ങളനുസരിച്ച് കായകളുടെ നിറവും വ്യത്യാസപ്പെടും. വെള്ള, പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ പ്രധാനമായും വളര്‍ത്തുന്നുണ്ട്. 50 മുതല്‍ 80 ദിവസങ്ങള്‍ കൊണ്ടാണ് കായകളുണ്ടാകുന്നത്.

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് വഴുതനക്കൃഷിക്ക് ആവശ്യം. മണ്ണില്‍ നൈട്രജനും ഫോസ്ഫറസും മിതമായ അളവില്‍ ചേര്‍ക്കണം. ഈ അനുകൂല സാഹചര്യമില്ലാതെ വളര്‍ത്തുന്ന ചെടിയില്‍ കായകളുണ്ടാകില്ല. മണ്ണിന്റെ പി.എച്ച് മൂല്യം 5.5 മുതല്‍ 6.5 വരെ നിലനിര്‍ത്തുന്നതാണ് നല്ലത്. നല്ല സൂര്യപ്രകാശമുള്ള സ്ഥലത്ത് നട്ടാല്‍ അഞ്ച് മാസം കൊണ്ട് കായകളുണ്ടാകും.

വഴുതനച്ചെടി വളരാന്‍ ആവശ്യമായ സാഹചര്യം

തോട്ടത്തില്‍ സൂര്യപ്രകാശമുള്ള ഭാഗത്ത് തന്നെ വഴുതനച്ചെടി നടണം. മണ്ണില്‍ ഈര്‍പ്പത്തേക്കാള്‍ അല്‍പ്പം ചൂട് നിലനില്‍ക്കണം. വിത്ത് മുളപ്പിക്കാന്‍ മിതമായ ഈര്‍പ്പം ആവശ്യമാണ്. വളരെ ആഴത്തില്‍ വിത്ത് കുഴിച്ചിടരുത്. വിത്ത് മുളച്ച് വന്നാല്‍ ചൂട് നിലനിര്‍ത്തിക്കൊണ്ടു തന്നെ ആവശ്യമായ വെള്ളവും നല്‍കണം.

ധാരാളം വളം ഉപയോഗിക്കുന്ന സ്വഭാവമുള്ള വിളയാണിത്. നിലം പാകപ്പെടുത്തുമ്പോള്‍ ഒരു ഹെക്ടറിന് 200 ക്വിന്റല്‍ ചാണകപ്പൊടി ചേര്‍ക്കാം. തൈകള്‍ പറിച്ചു നടുമ്പോള്‍ ഓരോ ചെടിയും 18 മുതല്‍ 24 ഇഞ്ച് വരെ അകലത്തില്‍ നടണം.

പൂക്കള്‍ കൊഴിയാന്‍ കാരണം

ആവശ്യത്തിന് വെള്ളമില്ലാതിരിക്കുക, കൃത്യമായി പരാഗണം നടക്കാതിരിക്കുക, പ്രതികൂല കാലാവസ്ഥ, വളത്തിന്റെ കുറവ്, സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കാതിരിക്കുക, പോഷകക്കുറവ്, 32 ഡിഗ്രി സെല്‍ഷ്യസിനും മുകളിലുള്ള ഉയര്‍ന്ന താപനിലയില്‍ വളരുക എന്നീ കാരണങ്ങളാല്‍ പൂക്കള്‍ കൊഴിയാം.

പ്രതിവിധികള്‍

പൂക്കള്‍ കൊഴിയുന്നത് തടയാനായി വരള്‍ച്ചയുള്ള സമയത്ത് നന്നായി നനച്ചുകൊടുക്കണം. നനയ്ക്കുമ്പോള്‍ മണ്ണില്‍ ഒരു 18 ഇഞ്ച് എങ്കിലും ആഴത്തില്‍ എത്തണം. മേല്‍മണ്ണിന് അല്‍പം താഴെ മാത്രം വെള്ളമെത്തുമ്പോള്‍ പൂക്കള്‍ കൊഴിയാം. ചൂടുകൂടുതലുള്ള വേനല്‍ക്കാലത്ത് മൂന്ന് ഇഞ്ച് കനത്തില്‍ പുതയിട്ട് ഈര്‍പ്പം നിലനിര്‍ത്തണം.

സാധാരണ കാറ്റും പ്രാണികളുമാണ് പരാഗണകാരികളായി വര്‍ത്തിക്കുന്നത്. പക്ഷേ, ഇത് മതിയാകാതെ വരുമ്പോള്‍ ചെറുതായി ചെടി പിടിച്ച് കുലുക്കി പരാഗം ആണ്‍പൂവില്‍ നിന്ന് പെണ്‍പൂവിലെത്തിക്കണം. ഒരു ചെറിയ പെയിന്റ് ബ്രഷ് ഉപയോഗിച്ച് പരാഗം പെണ്‍പൂക്കളിലേക്ക് മാറ്റാം.

കാലാവസ്ഥ അനുകൂലമല്ലെങ്കില്‍ പൂക്കള്‍ കൊഴിയും. കുറഞ്ഞത് ആറ് മണിക്കൂര്‍ സൂര്യപ്രകാശം കിട്ടണം. രാത്രിയില്‍ 23 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂട് ഉണ്ടാകുമ്പോള്‍ കായകളുണ്ടാകുന്നത് പതുക്കെയാകും.

ചാണകപ്പൊടി, കോഴിവളം എന്നിവ നല്‍കണം. നൈട്രജന്‍ ആവശ്യത്തിന് കിട്ടാതെ വരുമ്പോള്‍ ഇലകള്‍ മഞ്ഞനിറമാകും. കായകളുണ്ടാകാന്‍ ഫോസ്ഫറസ് അടങ്ങിയ ജൈവവളം നല്‍കണം.

നല്ല ചൂടുള്ള കാലാവസ്ഥയില്‍ ഒരു തുണി ഉപയോഗിച്ച് ചെടികളെ മറയ്ക്കണം. 32 ഡിഗ്രി സെല്‍ഷ്യസിലെത്തുമ്പോള്‍ നിര്‍ബന്ധമായും തണലുള്ള സ്ഥലത്തേക്ക് ചെടി മാറ്റണം.

നടുന്നതിന് മുമ്പായി മണ്ണ് പരിശോധിക്കണം. പൂക്കളുണ്ടാകാനായി അമോണിയം ഫോസ്‌ഫേറ്റ് അടങ്ങിയ വളങ്ങള്‍ മണ്ണില്‍ ചേര്‍ക്കാം. തണുപ്പ് കൂടുതലായാലും കായകളുണ്ടാകുന്നത് കുറയും. 15 ഡിഗ്രി സെല്‍ഷ്യസില്‍ കുറയുന്നതും നല്ലതല്ല.