മണ്ണിലും ചെളിയിലും കളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണല്ലോ കുട്ടികള്‍. ചെറുപ്പം മുതല്‍ കൃഷിയോട് താല്‍പര്യമുള്ളവരായി കുഞ്ഞുങ്ങളെ വളര്‍ത്തണമെന്ന് പലരും പറയാറുണ്ട്. കൗതുകമുള്ള വസ്തുക്കളില്‍ വിത്ത് മുളപ്പിച്ച് വളര്‍ത്താനായിരിക്കും ഏറെ താല്‍പര്യം. മുട്ടത്തോടിനുള്ളില്‍ വിത്ത് മുളപ്പിക്കാന്‍ ശ്രമിച്ചാലോ? ചെടികള്‍ വളര്‍ത്താനുള്ള താല്‍പര്യം കുട്ടികളിലുണ്ടാക്കാനായി ഇതൊന്ന് പരീക്ഷിച്ചുനോക്കാം.

പൂന്തോട്ടത്തില്‍ പ്ലാസ്റ്റിക് ബാഗുകളൊന്നും ഉപയോഗിക്കാതെ വീട്ടിനകത്തുള്ള ഉപയോഗശൂന്യമായ വസ്തുക്കള്‍ തന്നെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നുകൂടി കുട്ടികളെ പഠിപ്പിക്കാവുന്നതാണ്. അതോടൊപ്പം ശാസ്ത്രീയമായ പല കാര്യങ്ങളും മനസിലാക്കി വളരാനും കഴിയും.

മുട്ടത്തോട് ശ്രദ്ധയോടെ മുകള്‍ഭാഗത്ത് നിന്ന് അല്‍പം അടര്‍ത്തിമാറ്റുക. നന്നായി കഴുകി വൃത്തിയാക്കുക. ഇളം ചൂടുള്ള സോപ്പ് വെള്ളത്തിലാണ് കഴുകേണ്ടത്. ഒരു സൂചി ഉപയോഗിച്ച് മുട്ടത്തോടിനടിയില്‍ വെള്ളം വാര്‍ന്നുപോകാനായി ഒരു സുഷിരമുണ്ടാക്കുക. ഇത്തരം മുട്ടത്തോടിന്റെ പുറത്ത് കൗതുകമുള്ള രൂപങ്ങള്‍ പെയിന്റ് ചെയ്യാവുന്നതാണ്. സൃഷ്ടിപരമായ കഴിവുകളുള്ളവര്‍ക്ക് വളരെ ഭംഗിയായി പലതരം മനുഷ്യരൂപങ്ങളും വരച്ചുവെക്കാവുന്നതാണ്.

മുട്ടത്തോട് തറയില്‍ ഉരുണ്ടുപോകാതെ നിര്‍ത്താനായി എന്തെങ്കിലും വസ്തുക്കള്‍ ഉപയോഗിക്കാവുന്നതാണ്. അതായത് ഭക്ഷണസാധനങ്ങളോ മധുരപലഹാരങ്ങളോ പാക്ക് ചെയ്ത് വരുന്ന ബോക്‌സുകള്‍ പോലുള്ള സാധനങ്ങള്‍ക്ക് മുകളില്‍ മുട്ടത്തോട് ഉറപ്പിച്ച് നിര്‍ത്താനായി അല്‍പം സ്ഥലമുണ്ടാക്കിയാല്‍ മതി. കുറേ മുട്ടത്തോടുകള്‍ ഇപ്രകാരം ഒരു ട്രേയില്‍ വെച്ച് വിത്ത് മുളപ്പിച്ചെടുത്താല്‍ ആകര്‍ഷകമായിരിക്കും.

ഈ മുട്ടത്തോടിലേക്ക് സാധാരണ നടീല്‍ മിശ്രിതം നിറയ്ക്കാം. മിക്കവാറും എല്ലാത്തരം പച്ചക്കറികളുടെ വിത്തുകളും മുട്ടത്തോടില്‍ മുളപ്പിച്ചെടുക്കാം. ബീന്‍സ്, മത്തങ്ങ, വെള്ളരി തുടങ്ങിയവയെല്ലാം അനുയോജ്യമാണ്. വളരെ ചെറിയ വിത്തുകളാണ് നല്ലത്. അതുപോലെ ഔഷധ സസ്യങ്ങളും കൗതുകകരമായി വളര്‍ത്തിയെടുക്കാം. വിത്ത് പാകിയ ശേഷം ഈര്‍പ്പം നിലനിര്‍ത്തണം. സ്‌പ്രേ ബോട്ടിലില്‍ വെള്ളം തളിക്കുന്നതാണ് നല്ലത്. നല്ല സൂര്യപ്രകാശമുള്ള സ്ഥലത്തേക്ക് ട്രേ മാറ്റിവെക്കുക. ദിവസവും വെള്ളം സ്‌പ്രേ ചെയ്യുക. വളര്‍ച്ച നിരീക്ഷിക്കുക.

ഇപ്രകാരം മുട്ടത്തോടിനുള്ളില്‍ നിന്ന് വിത്ത് മുളച്ച് നാല് ഇലകള്‍ വന്നാല്‍ വലിയ പാത്രത്തിലേക്ക് മാറ്റിനടാം. അതിനുശേഷം മുട്ടത്തോട് പൊടിച്ച് മണ്ണില്‍ ചേര്‍ക്കുക.

(ചിത്രങ്ങള്‍: ഗെറ്റി ഇമേജസ്)