വാഹനങ്ങൾ കാറ്റിന്റെ വേഗത്തിൽ പോകുന്ന അതിവേഗപാതകളാണ് നാഷണൽ ഹൈവേകൾ. ഏതെങ്കിലും നാഷണൽ ഹൈവേയുടെ ഒത്ത നടുക്ക് നിങ്ങൾ കൃഷിയിടം നിങ്ങൾ കണ്ടിട്ടുണ്ടോ? കേൾക്കുമ്പോൾ ഒരല്പം അതിശയം തോന്നാമെങ്കിലും, മധ്യപ്രദേശിലെ ബൈതുളിൽ ഉള്ള ഒരു കർഷകൻ ചെയ്തുകാണിച്ചത് അങ്ങനെ ഒരത്ഭുതമാണ്. മൈലുകളോളം നീണ്ടു നിവർന്നങ്ങനെ കിടക്കുന്ന ബൈതുൾ-ഭോപ്പാൽ നാഷണൽ ഹൈവേയിൽ, തന്റെ കൃഷിയിടത്തിൽ നിന്ന് അധികം ദൂരത്തിലല്ലാതെ ഒരിടത്ത്, ഡിവൈഡറിൽ ഏകദേശം മുന്നൂറടിയോളം നീളത്തിൽ, പത്തടി വീതിയിലുള്ള ഡിവൈഡറിൽ സോയാബീൻ നൂറുമേനി വിളയിച്ചുകാണിച്ചു അയാൾ. 

സാധാരണ, താൻ നട്ടുവളർത്തുന്ന വിത്തുകളിൽ നിന്ന് നല്ല വിളവുകിട്ടുന്നു എന്ന് കണ്ടാൽ ആ കാഴ്ച ഏതൊരു കൃഷിക്കാരനും നൽകുക മനസ്സുനിറയെ ആനന്ദമായിരിക്കും. എന്നാൽ, സോയാബീൻ പ്രതീക്ഷിച്ചതിലുമധികം വിളയുന്നു എന്ന് കണ്ടതോടെ ലാലാ യാദവിന്റെ നെഞ്ച് പടപടാ ഇടിക്കാൻ തുടങ്ങി. കാര്യമെന്തൊക്കെ പറഞ്ഞാലും സംഗതി കടന്നുകയറ്റമാണ്. ഡിവൈഡറിൽ അങ്ങനെ ഉപയോഗശൂന്യമായി കാടുകേറിക്കിടന്നിരുന്ന മണ്ണാണെങ്കിലും, അത് നാഷണൽ ഹൈവേ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള, അതിക്രമിച്ചു കയറിയാൽ പ്രോസിക്യൂട്ട് ചെയ്യപ്പെട്ടേക്കാവുന്ന മണ്ണാണ്.  ഏതെങ്കിലും ശത്രുക്കൾ ചെന്ന് പരാതിപ്പെട്ടാൽ പണി പാളും. അയാൾ മനസ്സിൽ പറഞ്ഞു. 

 

 

ഒടുക്കം ലാലാ യാദവ് പേടിച്ചപോലെ നടന്നു. അധികം താമസിയാതെ എങ്ങനെയോ വിവരം നാഷണൽ ഹൈവേ അതോറിറ്റിയുടെ ശ്രദ്ധയിൽ പെട്ടു. ഹൈവേയുടെ ഡിവൈഡറിൽ ഏതാണ്ട് മൂവായിരം സ്ക്വയർഫീറ്റിൽ വളർന്നു നിൽക്കുന്നത് സോയാബീൻ ചെടി ആണെന്നും, അത് പുതുമഴക്ക് പൊടിച്ചു വന്നതല്ല എന്നും, പ്രദേശവാസികളിലാരോ കൃഷി ചെയ്തതാണ് എന്നും അവരെ ആരോ വിളിച്ചറിയിച്ചു. വിവരം അറിഞ്ഞതോടെ അവർ പ്രദേശത്തെ റവന്യൂ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടു. തഹസിൽദാർക്ക് പരാതി പോയി. ആ വിത്തുകൾ വിതച്ചത് ലാലാ യാദവ് ആണെന്ന് അവർക്ക് മനസ്സിലായി. 

അന്വേഷിച്ചു വന്ന റവന്യൂ വിഭാഗം അധികാരികളോട് , ലാലാ യാദവ് പറഞ്ഞ മറുപടി ഇതായിരുന്നു. " എന്റെ കൃഷിയിടത്തിൽ വിതച്ചു കഴിഞ്ഞും ഏകദേശം അഞ്ച്-അഞ്ചര കിലോയോളം സോയാബീൻ വിത്ത് ബാക്കി വന്നിരുന്നു ഇക്കുറി. വെറുതെ ഇരുന്നു പൂത്തുപോവേണ്ടല്ലോ എന്ന് കരുതിയാണ് തൊട്ടടുത്തുള്ള ഡിവൈഡറിലെ മണ്ണിൽ അതെടുത്ത് കുത്തിയത്.  പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കിയിരുന്നില്ല. ഏറിവന്നാൽ നാലോ അഞ്ചോ മുളച്ചു വരും, അതിൽ ഉണ്ടാവുന്ന സോയാബീൻ എടുത്ത് വീണ്ടും വിതക്കാമല്ലോ അടുത്ത തവണ എന്ന് മാത്രമാണ് കരുതിയത്. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് ആവശ്യത്തിന് മഴയും, വെയിലും ഒക്കെ കിട്ടി ആ ഡിവൈഡറിൽ കിടന്ന വിത്തുകൾ എല്ലാം മുളച്ചുപൊങ്ങി, തഴച്ചു വളർന്നു, പ്രതീക്ഷിച്ചതിന്റെ രണ്ടിരട്ടി വിളവുമുണ്ടായി. സത്യമായും, ഞാനവിടെ കൃഷിയാറാക്കിയതല്ല. "  

എന്നാൽ, നിയമത്തിന്റെ കണ്ണിൽ ലാലാ യാദവ് ചെയ്തത്, സർക്കാർ മുതലിന്മേലുള്ള അതിക്രമിച്ചുകയറ്റവും, നിയമ ലംഘനവുമാണ് എന്നും, ചട്ടത്തിലെ വ്യവസ്ഥകൾ പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കപ്പെടും എന്നുമാണ്  തഹസിൽദാർ അടക്കമുള്ള നികുതിവകുപ്പ് അധികാരികളും, ദേശീയ പാതാ അധികാരികളും പറയുന്നത്.