സംയോജിത രീതിയില്‍ മത്സ്യങ്ങളും താറാവുകളും വളര്‍ത്തിയാല്‍ ലാഭകരമായി കൃഷി മുന്നോട്ട് കൊണ്ടുപോകാം. താറാവുകളെ മത്സ്യങ്ങള്‍ വളര്‍ത്തുന്ന കുളത്തില്‍ ഒരുമിച്ച് വളര്‍ത്തുന്ന ഫിഷ് പോളികള്‍ച്ചര്‍ സംവിധാനം ഉപയോഗപ്പെടുത്തി ചെലവ് കുറഞ്ഞ രീതിയില്‍ മത്സ്യക്കൃഷി നടത്താവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ സാധാരണ മത്സ്യം വളര്‍ത്തുമ്പോള്‍ ചെലവുവരുന്ന തുകയുടെ 60 ശതമാനം കുറയ്ക്കാന്‍ കഴിയും.

സംയോജിത താറാവ്-മത്സ്യക്കൃഷിയില്‍ കുളത്തിന്റെ ഭിത്തിയോട് ചേര്‍ന്ന് താറാവിനും വിശ്രമിക്കാന്‍ താമസസ്ഥലം ഒരുക്കാം. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് സ്ഥലമൊന്നും താറാവിനെ വളര്‍ത്താന്‍ അന്വേഷിച്ച് കണ്ടുപിടിക്കേണ്ട ആവശ്യമില്ല. പ്രാണികള്‍, ലാര്‍വകള്‍, മണ്ണിരകള്‍, കളകള്‍ എന്നിവയെല്ലാം അകത്താക്കുന്ന താറാവുകള്‍ക്കും പ്രത്യേകിച്ച് വിലകൂടിയ തീറ്റ നല്‍കേണ്ട കാര്യവുമില്ല. താറാവ് കുളത്തില്‍ നീന്തിത്തുടിക്കുമ്പോള്‍ സ്വാഭാവികമായും കുളത്തിലെ വായുസഞ്ചാരവും സുഗമമാകും.

യോജിച്ച മത്സ്യങ്ങളുടെ ഇനങ്ങള്‍

 

വെള്ളത്തിലെ ഫൈറ്റോപ്ലാങ്ക്ടണും ബാക്റ്റീരിയകളും ഭക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള മത്സ്യങ്ങളാണ് ഈ രീതിയില്‍ സംയോജിത കൃഷിയില്‍ നല്ലത്. താറാവുകളെ ഇത്തരത്തില്‍ വളര്‍ത്തുമ്പോള്‍ കുളത്തിലെത്തുന്ന വളങ്ങള്‍ കാരണം പ്‌ളാങ്ക്ടണുകള്‍ ധാരാളം വളരുകയും പ്രോട്ടീന്‍ കൂടുതലുള്ള ഇവ മത്സ്യങ്ങള്‍ക്കുള്ള പോഷകഗുണമുള്ള തീറ്റയാവുകയും ചെയ്യുന്നുവെന്നതാണ് ഗുണം.

കട്‌ല, സില്‍വര്‍ കാര്‍പ്, രോഹു, മൃഗാള്‍, ഗ്രാസ് കാര്‍പ്, കോമണ്‍ കാര്‍പ് എന്നിവയാണ് കുളത്തില്‍ വളര്‍ത്താവുന്ന മത്സ്യങ്ങള്‍. സംയോജിത കൃഷിയില്‍ വിദേശികളും സ്വദേശികളുമായ മത്സ്യങ്ങളെ വളര്‍ത്താന്‍ ഉപയോഗിക്കാം.

കുളം പരിപാലിക്കാം

ശരിയായ രീതിയില്‍ കുളം പരിപാലിക്കുകയെന്നതാണ് താറാവും മത്സ്യവും ഒന്നിച്ച് വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. കുളത്തിന്റെ ഭിത്തികള്‍ പരിശോധിച്ച് കേടുപാടുകളില്ലെന്ന് ഉറപ്പുവരുത്തണം. വേനല്‍ക്കാലത്ത് ഒരു മീറ്റര്‍ ആഴത്തില്‍ വെള്ളം നിലനിര്‍ത്താന്‍ കഴിയുന്ന രീതിയിലായിരിക്കണം കുളം നിര്‍മിക്കേണ്ടത്. കുളം വറ്റിച്ച് അവശേഷിക്കുന്ന മത്സ്യങ്ങള്‍ ഒഴിവാക്കുക. 1000 മീറ്റര്‍ സ്‌ക്വയര്‍ ഉള്ള കുളത്തില്‍  15 കി.ഗ്രാം ബ്ലീച്ചിങ്ങ് പൗഡറും 15 കി.ഗ്രാം യൂറിയയും ചേര്‍ത്ത് കുളം വൃത്തിയാക്കാം. ചത്ത മത്സ്യങ്ങള്‍ പുറത്തേക്കെടുക്കുക. കുളത്തില്‍ വളപ്രയോഗം നടത്തുന്നതിന് ഒരാഴ്ച മുമ്പ് 25 കി.ഗ്രാം ലൈം ചേര്‍ക്കുക. കളകള്‍ നീക്കം ചെയ്യാന്‍ ബ്ലീച്ചിങ്ങ് പൗഡറും യൂറിയയും ചേര്‍ന്ന മിശ്രിതം കലര്‍ത്തുക. അതിനുശേഷം കുളത്തില്‍ അടിവളമായി 500 കി.ഗ്രാം ചാണകപ്പൊടി ചേര്‍ക്കുക.

ഈ കുളത്തില്‍ താറാവുകളെ വളര്‍ത്താന്‍ നടുവിലായി ഒരു ഷെഡ് നിര്‍മിക്കുക. ഒരു സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്ത് നാല് മുതല്‍ ആറ് താറാവുകള്‍ വരെ വളര്‍ത്താം.  ദിവസത്തില്‍ ഒരു പ്രാവശ്യം നിര്‍ബന്ധമായും ഈ ഷെഡ് കഴുകി വൃത്തിയാക്കണം.

എല്ലാ തരത്തില്‍പ്പെട്ട താറാവുകളും ഉത്പാദനശേഷിയുള്ളവയല്ല. ഇന്ത്യന്‍ ഇനങ്ങളാണ് വളര്‍ത്താന്‍ അനുയോജ്യം. ഒരു ഹെക്ടര്‍ വെള്ളമുള്ള സ്ഥലത്ത് വളപ്രയോഗം നടത്താന്‍ ഏകദേശം 300 താറാവുകളെ വളര്‍ത്താവുന്നതാണ്. ഏകദേശം നാല് മാസം പ്രായമുള്ള താറാവുകള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയാനായി പ്രോഫിലാറ്റിക് മരുന്നുകള്‍ നല്‍കിയ ശേഷം കുളത്തിലേക്ക് വിടാം.

 

സംയോജിത രീതിയില്‍ മത്സ്യം വളര്‍ത്തുമ്പോള്‍ സപ്ലിമെന്ററി ആയ തീറ്റകള്‍ നല്‍കേണ്ട കാര്യമില്ല. സസ്യഭുക്കുകളായ മത്സ്യങ്ങള്‍ക്ക് നാപിയര്‍, ഹൈബ്രിഡ് നാപിയര്‍, വാഴയില, കന്നുകാലികള്‍ക്ക് നല്‍കുന്ന ഫോഡര്‍ എന്നിവയും നല്‍കാവുന്നതാണ്.

താറാവുകള്‍ രാവിലെ 9.00 മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ കുളത്തില്‍ നീന്തി വിസര്‍ജ്യങ്ങള്‍ നിക്ഷേപിക്കുന്ന രീതിയില്‍ വളരാന്‍ അനുവദിക്കുക. രാത്രിയില്‍ വിസര്‍ജിക്കുന്ന കാഷ്ഠം താറാവുകള്‍ക്കുള്ള ഷെഡ്ഡില്‍ത്തന്നെ ശേഖരിക്കാം. ഉണങ്ങിയ കാഷ്ഠത്തില്‍ 81 ശതമാനം ഈര്‍പ്പവും 0.91 ശതമാനം നൈട്രജനും 0.38 ശതമാനം ഫോസ്‌ഫേറ്റും ഉണ്ട്.