അപ്പാര്‍ട്ട്‌മെന്റുകളിലും ഫ്‌ളാറ്റുകളിലും ജീവിക്കുകയെന്നാല്‍ നാല് ചുവരുകള്‍ക്കുള്ളില്‍ വിരസമായ ജീവിതം തള്ളിനീക്കുകയെന്നതല്ല. ഇത്തിരിപ്പോന്ന സ്ഥലത്തും പച്ചപ്പിന്റെ മനോഹാരിത സൃഷ്ടിക്കാന്‍ കഴിയുമെന്ന് നിരവധി ആളുകള്‍ തെളിയിച്ചു കഴിഞ്ഞു. പൂക്കള്‍ മാത്രമല്ല, വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികളും പഴങ്ങളുമെല്ലാം ഭംഗിയുള്ള ചട്ടികളിലും പാത്രങ്ങളിലും വളര്‍ത്തണമെന്ന് ആഗ്രഹം തോന്നിയിട്ടില്ലേ? ഇത്തിരി കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങളുടെ ചിരകാല മോഹമായ പൂന്തോട്ടനിര്‍മാണം സഫലമാക്കാം.

 

അപ്പാര്‍ട്ട്‌മെന്റുകളില്‍ ചെടി വളര്‍ത്തുന്ന തുടക്കക്കാര്‍ക്ക്  വെള്ളം സെല്‍ഫ് വാട്ടറിങ്ങ് കണ്ടെയ്‌നറുകളില്‍ ശേഖരിച്ച് നനയ്ക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്യുന്നതാണ് എളുപ്പം. അതാവുമ്പോള്‍ ദിവസവും നനച്ചില്ലല്ലോ എന്ന ടെന്‍ഷന്‍ വേണ്ട. പുറത്ത് തൂക്കിയിടുന്ന വെള്ളം ശേഖരിച്ച പാത്രങ്ങള്‍ വേനല്‍ക്കാലത്ത് പെട്ടെന്ന് വറ്റിപ്പോകാം. ഒരു ദിവസം രണ്ടു പ്രാവശ്യം വേനല്‍ക്കാലങ്ങളില്‍ വെള്ളം നിറച്ചുവെച്ചാല്‍ മതി. ഇത്തരം വെള്ളം നനയ്ക്കുന്ന സൗകര്യമുണ്ടെങ്കില്‍ ബക്കറ്റില്‍ വെള്ളം ശേഖരിച്ച് ചെടികള്‍ക്ക് പിന്നാലെ നടക്കേണ്ടി വരില്ല.

ബാല്‍ക്കണികള്‍ തന്നെയാണ് ചെടി വളര്‍ത്താനുള്ള നല്ല സ്ഥലം. അവിടെ എത്രത്തോളം സൂര്യപ്രകാശം ലഭിക്കുമെന്ന് മുന്‍കൂട്ടി മനസിലാക്കണം. എട്ടു മണിക്കൂര്‍ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണെങ്കില്‍ നല്ല വെളിച്ചമുള്ള സ്ഥലത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താം. നാല് മുതല്‍ ആറ് മണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം പകുതി തണലുള്ളതായി പരിഗണിക്കാം. നാല് മണിക്കൂറില്‍ കുറവ് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തെ തണലുള്ള സ്ഥമായി കരുതണം. ഇത് മനസിലാക്കിയ ശേഷം ഏതു തരം ചെടികള്‍ വളര്‍ത്താമെന്ന് തീരുമാനിക്കണം.

നിങ്ങള്‍ ബാല്‍ക്കണിയില്‍ കാറ്റുകൊള്ളാനും വിശ്രമിക്കാനും തെരഞ്ഞെടുക്കുന്ന സമയം ഏതാണ്? പകലോ രാത്രിയോ എന്നതിനനുസരിച്ച് വേണം ചെടികള്‍ തിരഞ്ഞെടുക്കാന്‍. വെള്ള നിറത്തിലുള്ള പൂക്കളുണ്ടാകുന്ന ചെടികള്‍ രാത്രിയിലാണ് മനോഹാരിത തരുന്നത്. ആഴത്തിലുള്ള നീലനിറമുള്ളതും പര്‍പ്പിള്‍ നിറമുള്ളതുമായ പൂക്കള്‍ സൂര്യപ്രകാശത്തിലാണ് നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നത്. വൈകുന്നേരങ്ങളില്‍ വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ നല്ല സുഗന്ധം തരുന്ന രാത്രി വിരിയുന്ന പൂക്കളുണ്ടാകുന്ന ചെടികള്‍ തിരഞ്ഞെടുത്ത് ബാല്‍ക്കണിയില്‍ നട്ടുവളര്‍ത്തിക്കോളു.

 

നടുമുറ്റം പോലുള്ള സ്ഥലങ്ങളുണ്ടെങ്കില്‍ കുറ്റിച്ചെടുകള്‍ നല്ല ഭംഗി തരും. പക്ഷേ അവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമാണ്. അപ്പാര്‍ട്ട്‌മെന്റ് പോലുള്ള സ്ഥലങ്ങളില്‍ കുത്തനെ വളരുന്നതും പിരമിഡ് രൂപത്തില്‍ വളര്‍ച്ചയുള്ളതുമായ ചെടികള്‍ വളര്‍ത്താം.

അപ്പാര്‍ട്ട്‌മെന്റുകളില്‍ പൂന്തോട്ടം വെച്ചു പിടിപ്പിക്കുന്നത് മാനസികോല്ലാസത്തിന് വേണ്ടിയാണ്. വളരെ സമയം ജോലിക്കായി മാറ്റിവെക്കേണ്ടി വരുന്ന ആളുകള്‍ക്ക് കുറഞ്ഞ പരിചരണം ആവശ്യമുള്ള ചെടികള്‍ വളര്‍ത്താം. കുറഞ്ഞ സ്ഥലത്ത് ഉചിതമായ രീതിയില്‍ കണ്ണിന് കുളിര്‍മ നല്‍കുന്ന കാഴ്ചയായി മാറ്റാന്‍ കഴിയുന്ന തരത്തിലാവണം പൂന്തോട്ടം ഒരുക്കേണ്ടത്. രൂപഭംഗിയും കൃത്യതയും ഉണ്ടാവണം.

ഇന്‍ഡോര്‍ ചെടികള്‍ വളര്‍ത്തുമ്പോള്‍

സൂര്യപ്രകാശം ധാരാളം ആവശ്യമുള്ളവയെ തുറന്നിട്ട ജനാലക്കരികില്‍ വളര്‍ത്താം. ക്രോട്ടണ്‍ ചെടികള്‍ നല്ല സൂര്യപ്രകാശത്തിലാണ് വളരുന്നത്. പീസ് ലില്ലി, കാസ്റ്റ് അയേണ്‍ ചെടികള്‍ എന്നിവ അല്‍പം തണലുള്ള സ്ഥലത്തും വളരും.

ചെറിയ കുഞ്ഞുപാത്രങ്ങളില്‍ വളര്‍ത്തുന്ന ചെടികളായിരിക്കും ഇന്‍ഡോര്‍ ആക്കാന്‍ കൂടുതല്‍ നല്ലത്. തൂക്കിയിടുന്ന ബാസ്‌ക്കറ്റുകളിലും മേശപ്പുറത്ത് വെക്കാവുന്ന രീതിയിലും ചെടികള്‍ തരംതിരിക്കാം.

 

അലങ്കാരപ്പനകള്‍ ഇന്‍ഡോര്‍ ആയി തിരഞ്ഞെടുക്കാം. പഴങ്ങളും പൂക്കളും ഉണ്ടാകുന്ന ചെടികള്‍ അല്‍പ്പം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തേക്ക് മാറ്റി വെക്കണം.

വായു ശുദ്ധീകരിക്കാന്‍ കഴിവുള്ള ഇന്‍ഡോര്‍ പ്ലാന്റുകള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. പീസ് ലില്ലി, പോത്തോസ്, ഇംഗ്ലീഷ് ഐവി എന്നിവ മുറികളില്‍ നന്നായി വളരും.