Asianet News MalayalamAsianet News Malayalam

ടെറസിലും ബാല്‍ക്കണിയിലും കൃഷി, ആവശ്യത്തിനുള്ള പഴവും പച്ചക്കറിയും റെഡി

വഴുതന, തക്കാളി, കാപ്‍സിക്കം, പാലക്ക് തുടങ്ങി പലവിധ പച്ചക്കറികള്‍ ബക്കറ്റിലും മറ്റുമായി വളര്‍ത്തി. ഒടുവില്‍ ബാല്‍ക്കണിയില്‍ സ്ഥലം തികയാതെ വന്നപ്പോള്‍ അപാര്‍ട്‍മെന്‍റ് അസോസിയേഷന്‍ അനുവാദം വാങ്ങി കോമണ്‍ ടെറസിന്‍റെ ഒരു ഭാഗത്തും അദ്ദേഹം ചെടികള്‍ നട്ടുതുടങ്ങി. 

gardening in terrace and balcony
Author
Goa, First Published Aug 31, 2020, 1:11 PM IST

ഗോവയിലെ മര്‍ഗാവോയിലുള്ള ഗുരുദത്ത് നായിക്കിന്‍റെ ടെറസ് ഒരു വലിയ തോട്ടമാണ്. ബാല്‍ക്കണി, ടെറസ് എന്നിവയുടെയെല്ലാം ഭൂരിഭാഗം സ്ഥലവും പലതരത്തിലുള്ള പച്ചക്കറികളും പഴങ്ങളും നട്ടുവളര്‍ത്തിയിരിക്കുകയാണ്. വാഴപ്പഴം, പേരക്ക, മാങ്ങ, ചിക്കൂ തുടങ്ങിയ പഴങ്ങള്‍, വഴുതന, മധുരക്കിഴങ്ങ് തുടങ്ങിയവയും ഇവിടെ വളരുന്നു. 

30 വര്‍ഷം മുമ്പാണ് കഴിക്കാനുള്ള പഴങ്ങളും പച്ചക്കറികളും വീട്ടില്‍ത്തന്നെ നട്ടുവളര്‍ത്തണമെന്ന തോന്നല്‍ ഗുരുദത്തിനുണ്ടാവുന്നത്. പബ്ലിക് വര്‍ക്സ് ഡിപാര്‍ട്‍മെന്‍റില്‍ ജൂനിയര്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്ന സമയത്താണത്. ഓഫീസ് കെട്ടിടത്തിന് ചുറ്റും ഒരുപാട് സ്ഥലമുണ്ടായിരുന്നു. അവിടെ ചെടികളും മറ്റും വളര്‍ത്താനുള്ള ആലോചന വന്നപ്പോള്‍ ഗുരുദത്താണ് പറയുന്നത് അവിടെ കഴിക്കാന്‍ പറ്റുന്ന പേരക്കയോ മാങ്ങയോ പോലെ വല്ലതും നട്ടുവളര്‍ത്താം, അത് ഭാവിയില്‍ പ്രയോജനം ചെയ്യും എന്ന്. അങ്ങനെ മറ്റുള്ള ഓഫീസര്‍മാരും അംഗീകരിച്ചതോടെ അടുത്തുള്ള നഴ്‍സറിയില്‍നിന്ന് വിത്തുകള്‍ വാങ്ങി, വളരെ ശ്രദ്ധയോടെ നട്ടു പരിചരിച്ചു. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ അതില്‍ പഴങ്ങളുണ്ടായിത്തുടങ്ങി. 

2010 -ലാണ് ഗുരുദത്തിന് മാര്‍ഗാവോയിലേക്ക് പോസ്റ്റിംഗ് കിട്ടുന്നത്. അഞ്ച് വീടുകളുള്ള ഒരു അപാര്‍ട്‍മെന്‍റ് കോംപ്ലക്സിലേക്ക് അദ്ദേഹം ഭാര്യയും രണ്ട് മക്കളുമായി മാറി. ആ വീടിന് ഒരു ചെറിയ ബാല്‍ക്കണിയുണ്ടായിരുന്നു. അവിടെ ദിവസേനയുള്ള ആവശ്യത്തിന് ഉപകരിക്കുന്ന എന്തെങ്കിലും പഴമോ പച്ചക്കറിയോ നട്ടുവളര്‍ത്താന്‍ അദ്ദേഹം തീരുമാനിച്ചു. ഉള്ളിയും പച്ചമുളകുമാണ് ആദ്യം നട്ടത്. ഒരു ഓര്‍ഗാനിക് പോട്ടിംഗ് മിശ്രിതം വാങ്ങി. ദിവസവും ചെടികള്‍ക്ക് വെള്ളം നനച്ചു. കീടനാശിനിയായി വേപ്പെണ്ണ ഉപയോഗിച്ചു. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ വിളവെടുക്കാനായി. ഇന്നും അതില്‍ നിന്നും വിളവെടുക്കാനാവുന്നുണ്ട്. പയ്യെപ്പയ്യെ ഗുരുദത്തിന് മറ്റ് പച്ചക്കറികളും കൂടി നട്ടുവളര്‍ത്തുന്നതിനേക്കുറിച്ചുള്ള ആലോചനയുണ്ടായി. അങ്ങനെ അദ്ദേഹം ഫ്ലവര്‍ ഷോ, കൃഷിയുമായി ബന്ധപ്പെട്ട പ്രദര്‍ശനങ്ങള്‍ ഇവയെല്ലാം കാണാനായി പോയിത്തുടങ്ങി. സ്ഥിരമായി വിത്തുകള്‍ വാങ്ങി. ഉപയോഗം കഴിഞ്ഞ് പെയിന്‍റ് ബക്കറ്റുകള്‍, പൊട്ടിയ കമ്പ്യൂട്ടര്‍ തുടങ്ങി ഉപയോഗം കഴിഞ്ഞ എല്ലാത്തിലും ചെടികള്‍ നട്ടുതുടങ്ങി. 

വഴുതന, തക്കാളി, കാപ്‍സിക്കം, പാലക്ക് തുടങ്ങി പലവിധ പച്ചക്കറികള്‍ ബക്കറ്റിലും മറ്റുമായി വളര്‍ത്തി. ഒടുവില്‍ ബാല്‍ക്കണിയില്‍ സ്ഥലം തികയാതെ വന്നപ്പോള്‍ അപാര്‍ട്‍മെന്‍റ് അസോസിയേഷന്‍ അനുവാദം വാങ്ങി കോമണ്‍ ടെറസിന്‍റെ ഒരു ഭാഗത്തും അദ്ദേഹം ചെടികള്‍ നട്ടുതുടങ്ങി. പച്ചക്കറികള്‍ക്ക് പുറമേ പഴങ്ങളും അദ്ദേഹം ടെറസില്‍ തന്നെ വളര്‍ത്തുന്നു. വിവിധ പ്രദര്‍ശനങ്ങളിലും വര്‍ക്ക് ഷോപ്പുകളിലും അദ്ദേഹം പങ്കെടുക്കും. വിത്തുകള്‍ മാത്രമല്ല, കീടനാശിനികള്‍, പോട്ടിംഗ് മിശ്രിതം തുടങ്ങിയവയെല്ലാം വാങ്ങും. നഴ്‍സറികളും സന്ദര്‍ശിക്കും. 

ആദ്യമായി അദ്ദേഹം നട്ടുവളര്‍ത്തിയ പഴം മാതളനാരങ്ങയാണ്. ഓരോ വര്‍ഷവും പത്തിലധികം മാതള നാരങ്ങ കിട്ടുമായിരുന്നു അദ്ദേഹത്തിന്. കഴിഞ്ഞ വര്‍ഷം 35 എണ്ണം കിട്ടി. മൂന്ന് തരത്തിലുള്ള നാരങ്ങ ഗുരുദത്തിന്‍റെ തോട്ടത്തില്‍ വളരുന്നുണ്ട്. ഓരോ വര്‍ഷവും വിവിധ ഇനങ്ങളില്‍ നിന്നായി രണ്ടോ മൂന്നോ കിലോഗ്രാം പഴങ്ങള്‍ വിളവെടുക്കാന്‍ പറ്റുന്നു ഗുരുദത്തിന്. പച്ചക്കറികളോ പഴങ്ങളോ ഒന്നും വില്‍ക്കാറില്ല. പകരം വീട്ടിലെ ആവശ്യത്തിനുപയോഗിക്കും. അധികം വരുന്നത് സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ നല്‍കും. 

പഴത്തിനും പച്ചക്കറിക്കും പുറമെ വിവിധ ചെടികളും അദ്ദേഹം വളര്‍ത്തുന്നുണ്ട്. അഡീനിയം, അമറില്ലിസ് എന്നിവയെല്ലാം അതില്‍ പെടുന്നു. നൂറിലേറെ ചെടികള്‍ ഇവിടെ വളര്‍ത്തുന്നുണ്ട്. അത് ടെറസിനെ ഒരു പൂന്തോട്ടമാക്കി മാറ്റിയിരിക്കുന്നു. കൃഷി ചെയ്യാനുള്ള മനസുണ്ടെങ്കില്‍ ബാല്‍ക്കണിയോ, ടെറസോ ഒക്കെ ഉപയോഗിച്ച് ആവശ്യത്തിന് പഴവും പച്ചക്കറിയും വിളവെടുക്കാം എന്നാണ് ഗുരുദത്ത് കാണിച്ചു തരുന്നത്. 

Follow Us:
Download App:
  • android
  • ios