Asianet News MalayalamAsianet News Malayalam

മഴക്കാലമായില്ലേ, പൂന്തോട്ടത്തിലെ ഒച്ചിനെ നശിപ്പിക്കാന്‍ ബിയറും ഉപയോഗിക്കാം

വെളുത്തുള്ളി ഉപയോഗിച്ചുള്ള സ്‌പ്രേകളും ഒച്ചിനെ തുരത്താന്‍ ഒരു പരിധി വരെ സഹായിക്കും. രാത്രി തോട്ടത്തില്‍ ചെന്ന് ഇലകള്‍ പരിശോധിച്ച് ഒച്ചുകളുടെ പുറത്ത് അല്‍പം ഉപ്പ് വിതറുന്നതും നശിപ്പിക്കാനുള്ള വഴിയാണ്.

get rid of slugs by using beer
Author
Thiruvananthapuram, First Published Aug 3, 2020, 10:16 AM IST

മറ്റുള്ള കീടങ്ങളെ അപേക്ഷിച്ച് പൂന്തോട്ടത്തിലും അടുക്കളത്തോട്ടത്തിലും ഏറെ ദോഷം ചെയ്യുന്നവയാണ് ഒച്ചുകള്‍. ഇവയെ തുരത്തുകയെന്നത് വെല്ലുവിളി തന്നെയാണ്. മഴക്കാലത്ത് ഒച്ചുകളെ തുരത്താനുപയോഗിക്കുന്ന രാസവസ്തുക്കളും ഫലപ്രദമായെന്നുവരില്ല. അതുമാത്രമല്ല വിഷാംശമുള്ള ഇവ പക്ഷികള്‍ക്കും മറ്റു ജീവികള്‍ക്കും ഹാനികരമാകാനും സാധ്യതയുണ്ട്. നിങ്ങളുടെ പൂന്തോട്ടത്തില്‍ നിന്ന് ഒച്ചിനെ ഓടിക്കാന്‍ ചില സുരക്ഷിതമായ വഴികളുണ്ട്.

ഒച്ചിന്റെ ശല്യം കൂടുതല്‍ രാത്രിയിലും നനഞ്ഞ സാഹചര്യങ്ങളിലുമാണ്. നിങ്ങള്‍ ചെടികള്‍ക്ക് വെള്ളം നല്‍കുന്ന സമയക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഒച്ചിന്റെ ഉപദ്രവം കുറയ്ക്കാന്‍ കഴിയും. കാപ്പിപ്പൊടി ഉപയോഗിച്ച് ഒച്ചിനെ തുരത്താന്‍ ശ്രമിച്ചിട്ടുണ്ടോ? കഫീന്‍ അടങ്ങിയ ദ്രാവകങ്ങള്‍ ഇലകളില്‍ തളിച്ചാല്‍ ഒച്ചിനെ കൊല്ലാമെന്ന് കണ്ടെത്തിയിട്ടുണ്ട്. സാധാരണ ഒരു കപ്പ് കാപ്പിയില്‍ അടങ്ങിയതിനേക്കാള്‍ കഫീന്‍ ഇതിന് ആവശ്യമാണ്. ഉപയോഗിച്ച കാപ്പിപ്പൊടി ദിവസേന തോട്ടത്തിലെ മേല്‍മണ്ണില്‍ ഇട്ടുകൊടുത്താല്‍ ഒച്ചുകള്‍ ചെടികളെ സ്പര്‍ശിക്കില്ല.

ബിയര്‍ നല്‍കിയും ഒച്ചിനെ ഓടിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. വീതിയുള്ളതും ആഴം കുറഞ്ഞതുമായ ജാറില്‍ പഴകിയ ബിയര്‍ ഒഴിച്ച് കഴുത്തോളം മണ്ണില്‍ താഴ്ത്തി കുഴിച്ചിടണം. മഴ പെയ്ത് കുപ്പിയില്‍ വെള്ളം കയറാതിരിക്കാനായി ഒരു അടപ്പ് ചെറിയ വടി കൊണ്ടോ കല്ലു കൊണ്ടോ താങ്ങ് കൊടുത്ത് നിര്‍ത്തണം. അതായത് ഒച്ചിന് കയറാനുള്ള സ്ഥലം നിലനിര്‍ത്താന്‍ വേണ്ടിയാണ് താങ്ങ് കൊടുത്ത് നിര്‍ത്തുന്നത്. ഒച്ചുകള്‍ക്ക് ബിയര്‍ ഇഷ്ടമായതുകൊണ്ട് ഈ പാത്രത്തിലേക്ക് ഇഴഞ്ഞുകയറുമ്പോള്‍ അകത്തേക്ക് വീണ് മുങ്ങിച്ചാകും.

get rid of slugs by using beer

വെളുത്തുള്ളി ഉപയോഗിച്ചുള്ള സ്‌പ്രേകളും ഒച്ചിനെ തുരത്താന്‍ ഒരു പരിധി വരെ സഹായിക്കും. രാത്രി തോട്ടത്തില്‍ ചെന്ന് ഇലകള്‍ പരിശോധിച്ച് ഒച്ചുകളുടെ പുറത്ത് അല്‍പം ഉപ്പ് വിതറുന്നതും നശിപ്പിക്കാനുള്ള വഴിയാണ്. പക്ഷേ, കൂടുതല്‍ ഉപ്പ് മണ്ണില്‍ വീണാല്‍ പോഷകഗുണം നഷ്ടമാകുകയും ചെടികള്‍ക്ക് ദോഷം വരികയും ചെയ്യും.

ഡയാറ്റമേഷ്യസ് എര്‍ത്ത് ഉപയോഗിക്കുന്നത് വഴി ഒച്ചിനെ കൂടുതല്‍ നന്നായി പ്രതിരോധിക്കാം. സൂക്ഷ്മജീവികളുടെ  അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങളാണ് പൊടിയായി ഈ പേരില്‍ അറിയപ്പെടുന്നത്. ഇത് വളരെ നേരിയ രീതിയില്‍ പ്രയോഗിച്ചാല്‍ ഒച്ചുകള്‍ നിയന്ത്രണരേഖ മറികടക്കില്ല. ഒച്ചുകളെ കൊല്ലുകയല്ല ഇവ ചെയ്യുന്നത്. ഇതിനെതിരെ പ്രതിരോധശക്തി കൈവരിക്കാന്‍ ഇത്തരം ജീവികള്‍ക്ക് കഴിയാറില്ല. ഇൗ പൊടി സ്പര്‍ശിച്ചാല്‍ നിര്‍ജലീകരണമുണ്ടാക്കുകയും ഒച്ചുകള്‍ക്ക് ശക്തി നഷ്ടപ്പെടുകയും ചെയ്യും. പൊടിരൂപത്തിലുള്ള ഇത് ചെടികള്‍ക്ക് ചുറ്റും വിതറുകയാണ് ചെയ്യുന്നത്. അതുകൂടാതെ വെള്ളത്തില്‍ കലര്‍ത്തി ബോട്ടില്‍ വഴി സ്‌പ്രേ ചെയ്യുന്നതും നല്ലതാണ്. ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ ഫുഡ് ഗ്രേഡ് ഡയാറ്റമേഷ്യസ് എര്‍ത്ത് ലഭ്യമാണ്.

ഒച്ചിനെ ഓടിക്കാനുള്ള മറ്റൊരു മാര്‍ഗമാണ് കടല്‍പ്പായലുകളുടെ ഉപയോഗം. ഉപ്പുരസമുള്ള പായലുകള്‍ ഒച്ചുകളെ പ്രതിരോധിക്കും. ഈ കടല്‍പ്പായലുകള്‍ ചെടികളുടെ തണ്ടില്‍ നിന്നും അല്‍പ്പം അകലെയായി പുതയിടല്‍ നടത്തിയാല്‍ മതി. ഏകദേശം മൂന്ന് മുതല്‍ നാല് ഇഞ്ച് കനത്തിലായിരിക്കണം.

Follow Us:
Download App:
  • android
  • ios