തോട്ടത്തില്‍ വളര്‍ത്തുന്ന പച്ചക്കറികളും പഴങ്ങളും വളര്‍ത്തുമൃഗങ്ങള്‍ക്കും ആഹാരമാക്കാന്‍ കഴിയും. കോഴികള്‍ ധാന്യങ്ങളും വിത്തുകളും പഴങ്ങളും പച്ചക്കറികളും ചെടികളുമെല്ലാം കൊത്തിപ്പെറുക്കിത്തിന്നുന്ന മിശ്രഭുക്കാണല്ലോ. ചില ചെടികള്‍ക്ക് വിഷാംശമുള്ളതുകൊണ്ട് ഇവ കഴിക്കുന്നത് അപകടകരമാണ്. വളര്‍ത്തുമൃഗങ്ങള്‍ക്കും കോഴികള്‍ക്കുമുള്ള തീറ്റയില്‍ പെട്ടെന്ന് മാറ്റം വരുത്തുന്നത് ശരിയായ രീതിയല്ല. പുതിയ പച്ചക്കറികളും ഇലകളും വളരെ കുറച്ച് തീറ്റയില്‍ ഉള്‍പ്പെടുത്തി നല്‍കിയാല്‍ ആരോഗ്യകരമാണ്. കന്നുകാലികള്‍ക്കും കോഴികള്‍ക്കും സുരക്ഷിതമായി ഭക്ഷിക്കാന്‍ പറ്റുന്ന ചില പച്ചക്കറികളും തോട്ടത്തില്‍ വളര്‍ത്താമല്ലോ. വീട്ടുവളപ്പില്‍ കൃഷി ചെയ്യുമ്പോള്‍ വളര്‍ത്തുമൃഗങ്ങളെയും പക്ഷികളെയും കൂടി പരിഗണിക്കാം.

 

തുളസി, പുതിനയില, കാറ്റ്‌നിപ്, പെരുംജീരകം, റോസ്‌മേരി, ആസ്പരാഗസ്, ബ്രൊക്കോളി, കോളിഫ്‌ളവര്‍, കാബേജ്, കാര്റ്റ്, കക്കിരി, മത്തങ്ങ എന്നിവയെല്ലാം കോഴികള്‍ക്ക് സുരക്ഷിതമായി തീറ്റയാക്കാവുന്നതാണ്.

മധുരമുള്ള ചോളം:- കോഴികള്‍ക്ക് ഇഷ്ടപ്പെടുന്ന ആഹാരമാണിത്. വേനല്‍ക്കാലത്ത് ഈ ചോളം ഒരു ട്രേയില്‍ വെള്ളം നിറച്ച് അതില്‍ വെച്ച് തണുപ്പിച്ച് കോഴികള്‍ക്ക് നല്‍കിയാല്‍ ചൂടിനെ ചെറുക്കാന്‍ കഴിയുന്ന നല്ല തീറ്റായാകും. കാര്‍ബോഹൈഡ്രേറ്റിനാല്‍ സമ്പുഷ്ടമായ ചോളത്തില്‍ പ്രോട്ടീന്‍ കുറവാണ്.

സൂര്യകാന്തി വിത്ത്:- സൂര്യകാന്തിക്കുരു ഉണക്കിപ്പൊടിച്ച് കോഴികള്‍ക്ക് കൊടുക്കാം.

മത്തങ്ങ:- കോഴികള്‍ക്ക് വിരയിളക്കാനുള്ള പ്രകൃതിദത്തമായ മാര്‍ഗമായി മത്തങ്ങ നല്‍കാവുന്നതാണ്. തണുപ്പ് കാലത്ത് നല്‍കാവുന്ന പോഷകഗുണമുള്ള തീറ്റ കൂടിയാണ് മത്തങ്ങ. നല്ല കടുത്ത ഓറഞ്ച് നിറത്തിലുള്ള മഞ്ഞക്കരു ഉണ്ടാകാനും ഇത് സഹായിക്കും.

 

മത്തങ്ങയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ എയും ഇയും നാരുകളും അടങ്ങിയിട്ടുണ്ട്. കുതിര, കന്നുകാലികള്‍, ചെമ്മരിയാട് എന്നിവയ്‌ക്കെല്ലാം നല്‍കാവുന്ന പോഷകാഹാരമാണിത്.

വളര്‍ത്തുമൃഗങ്ങള്‍ക്ക് ഹാനികരമാകുന്ന പച്ചക്കറികള്‍

സവാളയില്‍ അടങ്ങിയിരിക്കുന്ന തയോസള്‍ഫേറ്റ് കന്നുകാലികളില്‍ അനീമിയക്ക് കാരണമാകും. കോഴിമുട്ടയുടെയും ആട്ടിന്‍പാലിന്റെയും ഗുണനിലവാരം കുറയ്ക്കാനും ഇത് കാരണമായേക്കും.

കുരുമുളക്, ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് നല്‍കാത്തതാണ് നല്ലത്. ഇവ വിഷാംശമുള്ള പച്ചക്കറികളുടെ കുടുംബത്തില്‍പ്പെട്ടതാണ്.

ഡാഫോഡില്‍സ്, ടുലിപ്, റോഡോഡെന്‍ഡ്രോണ്‍, കാസ്റ്റര്‍ ബീന്‍ എന്നിവയെല്ലാം കോഴികള്‍ക്ക് അപകടമുണ്ടാക്കുന്ന ചെടികളാണ്. ആപ്പിളിന്റെ വിത്ത് കഴിച്ചാല്‍ കോഴികള്‍ ചത്തുപോകാനിടയുണ്ട്. മാംസളമായ ഭാഗം തീറ്റയായി നല്‍കാവുന്നതാണ്. നാരങ്ങ വര്‍ഗത്തില്‍പ്പെട്ട പഴങ്ങള്‍ കോഴികളില്‍ മുട്ടയുത്പാദനത്തില്‍ കുറവു വരുത്തുന്നതായി കണ്ടിട്ടുണ്ട്.