കാരറ്റ് വീട്ടിനകത്ത് വളര്‍ത്തിയാല്‍ ശരിയാകില്ലേ? പുറത്ത് മണ്ണില്‍ വളര്‍ത്തുന്നതിനേക്കാള്‍ ഈര്‍പ്പം നിലനിര്‍ത്തി എളുപ്പത്തില്‍ പരിപാലിക്കാന്‍ കഴിയുന്നത് വീട്ടിനകത്താണ്. വേനല്‍ക്കാലത്തെ അമിത ചൂടില്‍ നിന്നും രക്ഷനേടാനും കാരറ്റിനെ ഇന്‍ഡോര്‍ ചെടിയായി വളര്‍ത്തുന്നത് വഴി കഴിയും.

 

ഇന്‍ഡോര്‍ പ്ലാന്റ് ആയി ഏറ്റവും എളുപ്പത്തില്‍ വളര്‍ത്താന്‍ കഴിയുന്ന പച്ചക്കറിയാണ് കാരറ്റ്. ഈ ചെടികള്‍ ചട്ടികളില്‍ വളരുന്നത് കാണാനും മനോഹരമാണ്. ചെറിയ കാരറ്റുകള്‍ ഏത് തരം പാത്രങ്ങളിലും വളര്‍ത്താം. നീളമുള്ള ഇനങ്ങള്‍ക്ക് വലിയ പാത്രം ആവശ്യമാണ്. ചെറിയ ഇനങ്ങള്‍ വളര്‍ത്താന്‍ ചുരുങ്ങിയത് എട്ട് ഇഞ്ച് വലുപ്പമെങ്കിലുമുള്ള പാത്രങ്ങള്‍ തിരഞ്ഞെടുക്കണം. ഇടത്തരം വലുപ്പമുള്ള കാരറ്റാണ് വളര്‍ത്തുന്നതെങ്കില്‍ 12 ഇഞ്ച് വലുപ്പമുള്ള പാത്രമെങ്കിലും ആവശ്യമായി വരും.

ഇന്‍ഡോര്‍ പ്ലാന്റ് ആകുമ്പോഴുള്ള വെല്ലുവിളികള്‍

കേരളത്തിലെ കാലാവസ്ഥയ്ക്ക് പറ്റിയ ഇനങ്ങളാണ് സൂപ്പര്‍ കുറോഡ, ഷിന്‍ കുറോഡ എന്നിവ. നിങ്ങള്‍ നടാനുള്ള മിശ്രിതം തയ്യാറാക്കുമ്പോള്‍ മണ്ണും ചകിരിച്ചോറും ചാണകപ്പൊടിയും 100 ഗ്രാം എല്ലുപൊടിയും 100 ഗ്രാം വേപ്പിന്‍പിണ്ണാക്കും ഒരു സാമാന്യവലുപ്പമുള്ള ചട്ടിയിലേക്ക് ഉപയോഗിക്കാം. നല്ല നീര്‍വാര്‍ച്ചയും വായുസഞ്ചാരവും ഉറപ്പാക്കണം.

ചെറിയ വിത്തുകള്‍ മണ്ണില്‍ നട്ട് മുളപ്പിക്കുകയെന്നതാണ് എല്ലാവരും നേരിടുന്ന വെല്ലുവിളി. മണ്ണ് ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്തണം. വെള്ളം മേല്‍മണ്ണില്‍ പതുക്കെ ഒഴിക്കാം. പാകുമ്പോള്‍ ഏഴ് സെ.മീ അകലത്തില്‍ രണ്ട് കാരറ്റിന്റെ വിത്തുകള്‍ പാകാം. അധികം ആഴത്തില്‍ പാകരുത്. ഏകദേശം 25 ദിവസം കഴിയുമ്പോഴാണ് ഒരു കുഴിയില്‍ ഒരു കാരറ്റിന്റെ തൈ എന്ന രീതിയില്‍ ബാക്കിയുള്ളവ കത്രിക ഉപയോഗിച്ച് മുറിച്ചുകളയേണ്ടത്. ഈ തൈകള്‍ ഇങ്ങനെ തന്നെ വളര്‍ത്തണം. പറിച്ചെടുത്ത് മാറ്റി നടരുത്. അതുകൊണ്ടാണ് അധികമായി വളരുന്ന ഭാഗങ്ങള്‍ മുറിച്ചുമാറ്റി കൃത്യമായ അകലം നല്‍കുന്നത്.

 

വിത്ത് മുളയ്ക്കുന്നതുവരെ സൂര്യപ്രകാശം ലഭിക്കുന്ന ജനലരികില്‍ വെക്കുക. അതുപോലെ മണ്ണിലെ ഈര്‍പ്പവും നിലനിര്‍ത്തുക. തൈകള്‍ വളരാന്‍ തുടങ്ങിയാല്‍ മണ്ണില്‍ ജലാംശം വറ്റുന്നതിനനുസരിച്ച് നനച്ചുകൊടുക്കണം. ചെടികള്‍ മൂന്ന് ഇഞ്ച് വലുപ്പമെത്തിയാല്‍ കൃത്യമായി വളപ്രയോഗം നടത്തണം. ദ്രാവകരൂപത്തിലുള്ള വളമാണ് നല്ലത്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ബയോസ്‌ളറിയായി ഒഴിച്ചുകൊടുക്കാം.

പൂര്‍ണവളര്‍ച്ചയെത്തിയാല്‍ ഏതുസമയത്തും കാരറ്റ് വിളവെടുക്കാം. മണ്ണില്‍ നിന്ന് നേരിട്ട് വലിച്ചെടുത്താണ് വിളവെടുക്കുന്നത്. കുഴി കുഴിച്ച് കാരറ്റ് പുറത്തെടുക്കാന്‍ ശ്രമിച്ചാല്‍ സമീപത്തുള്ള മറ്റു ചെടികളുടെ വേരുകള്‍ക്കും ക്ഷതം സംഭവിക്കും.