നമുക്കാവശ്യമുള്ള പുതിനയില ഈ ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലെ അടുക്കളത്തോട്ടത്തില്‍ വളര്‍ത്തി വിളവെടുക്കാം. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ് തയ്യാറാക്കി ചട്ടിയിലും ഗ്രോബാഗിലുമൊക്കെ പുതിന എളുപ്പത്തില്‍ വളര്‍ത്താം.

 

നടുമ്പോള്‍ ചാണകപ്പൊടിയും മണലും ചകിരിച്ചോറും ചേര്‍ത്ത മിശ്രിതമാണ് നല്ലത്. ചെടിയുടെ തണ്ട് മുറിച്ച് നട്ട് വളര്‍ത്താം. വേരുപിടിക്കുന്നതുവരെ സൂര്യപ്രകാശം അമിതമായി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അല്‍പം തണലത്ത് വളര്‍ത്തുന്നതാണ് നല്ലത്. നനവ് ഇല്ലെന്ന് തോന്നുമ്പോള്‍ നനച്ചുകൊടുക്കണം. കളകള്‍ പറിച്ചുമാറ്റണം. അത്യാവശ്യം വളര്‍ച്ചയെത്തി മാറ്റി നടാമെന്ന് തോന്നുന്ന സമയമാകുമ്പോള്‍ പറമ്പിലെ മണ്ണിലേക്ക് നട്ടുവളര്‍ത്താം.

എപ്പോള്‍ വിളവെടുക്കാം?

ചെടിയില്‍ പൂര്‍ണവളര്‍ച്ചയെത്തിയ ഇലകള്‍ ഉണ്ടാകാന്‍ തുടങ്ങുമ്പോള്‍ വിളവെടുക്കാം. പരമാവധി ഇലകള്‍ പറിച്ചെടുത്താല്‍ കൂടുതല്‍ വിളവുണ്ടാകും. എത്രത്തോളം നിങ്ങള്‍ പറിച്ചെടുക്കുന്നുവോ അത്രത്തോളം പുതിയ ഇലകള്‍ വളരാനും എളുപ്പമാണ്.

പുതിനയിലയില്‍ നിന്ന് സുഗന്ധമുള്ള തൈലമുണ്ടാക്കുന്നുണ്ട്. ഈ സുഗന്ധം ലഭിക്കണമെങ്കില്‍ പൂക്കളുണ്ടാകുന്നതിന് മുമ്പായി ഇലകള്‍ പറിച്ചെടുക്കണം. രാവിലെ പറിച്ചെടുത്ത ഇലകളാണ് തൈലവും സുഗന്ധദ്രവ്യങ്ങളും നിര്‍മിക്കാന്‍ ഗുണകരം.

പറിച്ചെടുത്ത തണ്ടുകള്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ടുവെച്ചാല്‍ മൂന്ന് മുതല്‍ ഏഴു ദിവസം വരെ കേടുകൂടാതിരിക്കും. പ്ലാസ്റ്റിക് ബാഗില്‍ ശേഖരിച്ച് ഫ്രിഡ്ജില്‍ വെച്ചാല്‍ ഒരാഴ്ച പുതുമയോടിരിക്കും.

പുതിനയില ഭക്ഷണത്തില്‍

ചൂടുവെള്ളത്തില്‍ പുതിനയില അല്‍പസമയം ഇട്ടുവെച്ചാല്‍ പുതിനച്ചായ കുടിക്കാം. മിന്റ് ജെല്ലിയായും സൂക്ഷിക്കാറുണ്ട്. പുതിനയും നിലക്കടലയും ചേര്‍ത്തുള്ള വിഭവങ്ങള്‍ നല്ല രുചികരമാണ്. ഇലകള്‍ ഫ്രൂട്ട് സലാഡിലും നാരങ്ങവെള്ളത്തിലും ചേര്‍ക്കാറുണ്ട്.

 

എളുപ്പത്തില്‍ പുതിന വളര്‍ത്താന്‍ ഒരു മാര്‍ഗം

ബിരിയാണിക്കും മറ്റ് വിഭവങ്ങളുണ്ടാക്കാനും പുതിനയില വാങ്ങുമ്പോള്‍ നല്ല ആരോഗ്യമുള്ള തണ്ടുകള്‍ നടാന്‍ ഉപയോഗിക്കാം. ഒരു കുപ്പിയെടുത്ത് അടപ്പില്‍ ചെറിയ ദ്വാരമിടുക. അതിലൂടെ ഈ പുതിനയുടെ തണ്ടുകള്‍ കുപ്പിയിലെ വെള്ളത്തില്‍ ഇറക്കിവെക്കുക. 15 ദിവസം ആകുമ്പോള്‍ വേരുകള്‍ വരും. ഈ ചെടി മണ്ണിലേക്ക് മാറ്റി നടാം.